'ജീവിതത്തിന്റെ ആഘോഷങ്ങള്‍ക്കിടെ അവിചാരിതമായി മരണം കടന്നുവന്നു': സ്വന്തം ചരമക്കുറിപ്പ് പത്രത്തില്‍ എഴുതുന്ന രവിശങ്കര്‍; 'സുകൃതം' സിനിമയില്‍ സ്വന്തം മരണ വാര്‍ത്ത വായിക്കുന്ന നായകന്റെ ദുരനുഭവം എം ടിയുടെ ജീവിതത്തില്‍ സംവിച്ചതോ? നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്യാതെ വിടവാങ്ങി എഴുത്തുകാരന്‍
സിനിമയില്‍ സ്വന്തം മരണ വാര്‍ത്ത വായിക്കുന്ന നായകന്റെ ദുരനുഭവം എം ടിയുടെ ജീവിതത്തില്‍ സംവിച്ചതോ?
കോഴിക്കോട്: 1994 ല്‍ എം.ടി വാസുദേവന്‍ നായര്‍ തിരക്കഥ എഴുതി ഹരികുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് സുകൃതം. മാരകമായ രോഗം ബാധിച്ച ഒരു മാധ്യമ പ്രവര്‍ത്തകന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്ന് ചേരുന്ന ചില സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിലെ പ്രധാന കഥാപാത്രമായ മമ്മൂട്ടി അവതരിപ്പിക്കുന്ന രവിശങ്കര്‍ സ്വന്തം മരണ വാര്‍ത്ത വായിക്കുന്ന ഒരു രംഗം ഈ സിനിമയിലുണ്ട്. ഈ സംഭവം എം.ടിയുടെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണെന്ന വാര്‍ത്ത അക്കാലത്ത് പല മാധ്യമങ്ങളും നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം ഒരിക്കലും എം.ടി നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്തിട്ടില്ല.
സിനിമ നിര്‍മ്മിക്കുന്നതിനും പതിറ്റാണ്ടുകള്‍ മുമ്പ് എം.ടി ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹം രോഗമുക്തനായി മാതൃഭൂമിയില്‍ തിരികെ എത്തിയപ്പോള്‍ താന്‍ മരിച്ചതായി സങ്കല്‍പ്പിച്ച്് കൊണ്ടെഴുതിയ പത്രത്തിന്റെ പേജുകള്‍ തയ്യാറാക്കിയിരുന്നത് കാണാന്‍ സാധ്യതയുണ്ടെന്നാണ് ഇക്കാര്യം ഉന്നയിച്ച പലരും ചൂണ്ടിക്കാട്ടിയത്. ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണെന്ന് താന്‍ കേട്ടിട്ടുള്ളതായി പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ നേരത്തേ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
എം.ടി മദിരാശിയിലെ ആശുപത്രിയില്‍ അന്ന് ചികിത്സയില്‍ കഴിയുന്ന മലയാളത്തിന്റെ നിത്യഹരിത നായകനായിരുന്ന പ്രേംനസീര്‍ എല്ലാ ദിവസവും ആശുപത്രിയില്‍ എത്തുകയും അവിടുത്തെ കാര്യങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്തിരുന്ന
കാര്യം എം.ടി തന്നെ പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രവിശങ്കറിനെയാണ് എംടി ഇവിടെ മരണവുമായി മുഖാമുഖം നിര്‍ത്തിയിരിക്കുന്നത്.
ഇനി ചെയ്യാനൊന്നുമില്ലെന്ന് വിദഗ്ധഡോക്ടര്‍മാര്‍ വിധിയെഴുതിയ ആസന്നമരണനായ രവിശങ്കറെന്ന രോഗിയുടെ മരണത്തിനായുള്ള കാത്തിരുപ്പോടെയാണ് സുകൃതം ആരംഭിക്കുന്നത്. എം.ടിയുടെ മറ്റുസിനിമകളില്‍ നിന്നും വ്യത്യസ്തമായി ദാര്‍ശനിക സമീപനം സൃകൃതത്തില്‍ കാണാം. മരണവും ജീവിതവും തമ്മില്‍ ആദ്യാവസാനം നടക്കുന്ന ഈ പോരാട്ടമായിരിക്കും ഇതിനു കാരണം. രവിശങ്കര്‍ നഗരത്തിലെ അറിയപ്പെടുന്നൊരു പത്രപ്രവര്‍ത്തകനാണ്. അതിനു മുമ്പ് റിബല്‍ പരിവേഷത്തോടെ ജീവിതത്തോട് എതിരിട്ട ഒരു പാരലല്‍ കോളേജ് അദ്ധ്യാപകനായിരുന്നു.
മരണം ഉറപ്പാകുന്നതോടെ ഗ്രാമത്തിലെ പഴയ തറവാട്ടു വീട്ടില്‍ കിടന്ന് മരിക്കാനാണ് അയാള്‍ ആഗ്രഹിക്കുന്നത്. രവിശങ്കര്‍ പറയുന്നുണ്ട് സമൂഹത്തിന് ഒരു വേട്ടക്കാരന്റെ മനസ്സാണ്. ഇര വീഴുമ്പോഴേ അതിന് തൃപ്തിയാവുകയുള്ളു. വീഴ്ത്തുന്നത് വിനോദം മാത്രമല്ല, ആഘോഷം കൂടിയാണ് എന്ന്്. സമൂഹത്തിന് എന്നും എപ്പോഴും ഇരകള്‍ ആവശ്യമാണ്. വീണു പോകുമ്പോള്‍ എല്ലാവര്‍ക്കും മടുക്കും. വേഗം തീര്‍ന്നു കിട്ടണേന്ന് മനസ്സില്‍ പ്രാര്‍ത്ഥിക്കാനും തുടങ്ങും. എഴുത്തുകാരന്‍ കൂടിയായ രവിശങ്കറിന് ഇത് നല്ലതുപോലെ തിരിച്ചറിയാനാവും. മരണത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടുന്നൊരാള്‍ വീണ്ടും മരണത്തെ ആഗ്രഹിക്കുന്നുവെങ്കില്‍ സമൂഹത്തില്‍ നിന്നും അയാള്‍ നേരിടുന്ന തമസ്‌ക്കരണത്തിന്റെ ഫലമാണ് അതെന്നാണ് ഈ സിനിമയിലൂടെ എം.ടി ചൂണ്ടിക്കാട്ടുന്നത്.