എ.ഐ മൂത്താല്‍ സോഷ്യലിസത്തിലേക്കുള്ള വളര്‍ച്ച; എ.ഐ വരുന്നതോടെ മനുഷ്യന്റെ അധ്വാനം 60 ശതമാനം കുറയും; മുതലാളിത്തത്തിന്റെ ഉല്‍പ്പന്നം വാങ്ങാന്‍ ആളില്ലാതാകും; ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറഞ്ഞ് സോഷ്യലിസത്തിലേക്ക് എത്തും: എം വി ഗോവിന്ദന്‍ വിശദീകരിക്കുന്നു

എ.ഐ മൂത്താല്‍ സോഷ്യലിസത്തിലേക്കുള്ള വളര്‍ച്ച

Update: 2025-01-29 08:38 GMT

കണ്ണൂര്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ)യെ കുറിച്ചാണ് കേരളത്തിലും ചൂടുള്ള ചര്‍ച്ച. ചൈനീസ് കമ്പനിയായ ഡീപ് സീക്ക് എത്തിയതോടെ അമേരിക്കന്‍ എഐ കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഇതിന്റെ പ്രതിഫലനം യുഎസ് ഓഹരി വിപണിയിലും ഉണ്ടായി. ഓഹരി വിപണിയില്‍ വലിയ ഇടിവാണ് അനുഭവപ്പെട്ടത്. ഇതോടെ മുതലാളിത്ത വിരുദ്ധ നിലപാട് വീണ്ടും പൊടിതട്ടിയെടുത്ത് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും രംഗത്തെത്തി.

ഇതിനിടെ സാങ്കേതിക വിദ്യ വളര്‍ന്നാല്‍ അത് സോഷ്യലിസത്തിലേക്കുള്ള യാത്രയായിരിക്കും എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സൈദ്ധാന്തികമായി വിശദീകരിക്കുന്നത്. എ.ഐ വരുന്നതോടെ മനുഷ്യന്റെറെ അധ്വാനം 60 ശതമാനം കുറയും. മുതലാളിത്തത്തിന്റെ ഉല്‍പ്പന്നം വാങ്ങാന്‍ ആളില്ലാതാകും. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറഞ്ഞ് സോഷ്യലിസത്തിലേക്ക് എത്തുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ചൊവ്വാഴ്ച തളിപ്പറമ്പില്‍ നടത്തിയ പ്രസംഗത്തിലാണ് പരാമര്‍ശം.

''എ.ഐ മൂത്തുമൂത്ത് വന്നാല്‍ മാര്‍ക്‌സിസത്തിന് എന്താ പ്രസക്തിയെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അവിടെയും മാര്‍ക്‌സിസത്തിനാണ് പ്രസക്തി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ ചൂണ്ടിക്കാണിക്കാണിക്കുന്ന മുതലാളിത്തത്തിന്റെ പ്രധാന പ്രശ്‌നം, സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നതും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുന്നതുമാണ്. വിവിധ തലങ്ങളില്‍ പ്രയോഗിച്ച് മുന്നോട്ടുവന്നാല്‍ 60 ശതമാനം ആളുകളുടെ ജോലി എ.ഐ ചെയ്യും.

അടുത്തിടെ എന്റെ സുഹൃത്ത് കുടുംബത്തോടൊപ്പം ബീച്ചിലെ പാറയിലിരിക്കുന്ന ചിത്രം, മഞ്ഞുമൂടിയ ഹിമാലയത്തിന്റെ പശ്ചാത്തലത്തിലേക്ക് എ.ഐയുടെ സഹായത്തോടെ മാറ്റുന്നതു കണ്ടു. എന്താകും ഫലം. ഡിസൈനര്‍മാരുടെ പണി പോയില്ലേ? ചിത്രം വരക്കാനും സിനിമ നിര്‍മിക്കാനുമെല്ലാം എ.ഐക്ക് കഴിയും. അതും സുഹൃത്തുക്കള്‍ കാണിച്ചുതന്നിട്ടുണ്ട്. 60 ശതമാനം അധ്വാനശേഷി എ.ഐക്ക് ഏറ്റെടുക്കാനാകും.

മാര്‍ക്‌സ് സമ്പത്ത് കുമിഞ്ഞു കൂടുന്നതു മൂലമുണ്ടാകുന്ന അന്തരമാണ് പറഞ്ഞത്. എന്നാല്‍ എ.ഐ സമ്പത്തിന്റെ വിഭജനത്തിന് കാരണമാകുന്നു. അതാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അടിസ്ഥാനം. അപ്പോള്‍ എ.ഐ മൂത്താല്‍ അത് സോഷ്യലിസത്തിലേക്കുള്ള വളര്‍ച്ചയാണ്. ഒരു സംശയവും വേണ്ട'' -എം.വി. ഗോവിന്ദന്‍ പറഞ്ഞു.

അതാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അടിസ്ഥാനം. അങ്ങനെയാണ് എഐയുടെ വളര്‍ച്ച സോഷ്യലിസത്തിലേക്കുള്ള യാത്രയായിത്തീരുകയെന്നു എം.വി.ഗോവിന്ദന്‍ വിശദീകരിച്ചു. ഇതിനു ചിലപ്പോള്‍ നൂറോ ഇരുന്നൂറോ വര്‍ഷങ്ങള്‍ എടുക്കും. സാമൂഹിക പരിവര്‍ത്തനം എന്ന് പറഞ്ഞാല്‍ ചുട്ട അപ്പം പോലെ കിട്ടുന്നതാണെന്നു വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News