'ഇറങ്ങും മുൻപേ അവർ വണ്ടി എടുത്തു, എന്റെ അമ്മ തെറിച്ചു വീണു, കാലിലൂടെ ചക്രം കയറിയിറങ്ങി'; ബസ് നിർത്തിയത് യാത്രക്കാർക്ക് ഇറങ്ങാൻ ഒട്ടും സൗകര്യമില്ലാത്തിടത്ത്; ആ അശ്രദ്ധയിൽ റിസോർട്ട് ജീവനക്കാരിയായ 65കാരിയുടെ കാൽ നഷ്ടമായി; നിലമ്പൂർ ഡിപ്പോയിലെ 'KL 15 A 1835' ബസ് ഓടിച്ചത് ഫിറോസ് ഖാൻ; ഒളിച്ചു കളിച്ച് അധികൃതരും

Update: 2026-04-11 13:46 GMT

കൽപറ്റ: വയോധികയുടെ കാലില്‍ കെഎസ്ആര്‍ടിസി ബസ് കയറി ഗുരുതര പരിക്കേല്‍ക്കുകയും കാല്‍മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ, ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകൾ തുറന്ന പറഞ്ഞ് കുടുംബം. വോട്ട് ചെയ്ത് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വയനാട് വൈത്തിരി സ്വദേശിനി ജാനുവിന്റെ (65) ഇടതുകാൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റിയിരുന്നു. വൈത്തിരി മെഡോസ് റിസോർട്ടിലെ ജീവനക്കാരിയാണ് ജാനു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഇവർ ബസ് എടുത്തശേഷം പിന്നോട്ട് നടക്കുകയായിരുന്ന ജാനു കാൽതെറ്റി വീണതാകാമെന്നാണ് ഡ്രൈവർ ഫിറോസ് ഖാന്റെ വാദം. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തി. നിലമ്പൂർ ഡിപ്പോയിലെ KL 15 A 1835 എന്ന ബസ്സാണ് അപകടമുണ്ടാക്കിയത്. അപകടത്തിന് തൊട്ടുപിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഡ്രൈവർ ഫിറോസ് സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു. താൻ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി വിവരം ധരിപ്പിച്ചുവെന്നാണ് ഡ്രൈവർ അവകാശപ്പെടുന്നത്. എന്നാൽ, സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് താമരശ്ശേരി പോലീസ് നൽകുന്ന മറുപടി.

അമ്മ ബസ്സിൽ നിന്ന് ഇറങ്ങുന്നതിന് മുൻപേ ഡ്രൈവർ വാഹനം മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായതെന്ന് മകൾ പറയുന്നു. "അമ്മ ഇറങ്ങാൻ തുടങ്ങുമ്പോഴേക്കും ബസ് എടുത്തു. ഇതോടെ അമ്മ മലർന്നടിച്ചു വീഴുകയായിരുന്നു. ആ വീഴ്ചയിൽ കാലിലൂടെ ബസ്സിന്റെ ചക്രം കയറിയിറങ്ങി. ബസ് നിർത്തേണ്ട ചിപ്പിലിത്തോട് സ്റ്റോപ്പിലല്ല നിർത്തിയത്. സ്റ്റോപ്പിൽ നിന്നും കുറച്ചു മാറിയാണ് ഇറക്കിയത്. അവിടെ നിൽക്കാൻ പോലും സ്ഥലമില്ലായിരുന്നു," മകൾ പറഞ്ഞു.

അപകടം നടന്ന സ്ഥലത്ത് യാത്രക്കാർക്ക് ഇറങ്ങാൻ ഒട്ടും സൗകര്യമില്ലായിരുന്നുവെന്ന് ബന്ധുവും വെളിപ്പെടുത്തി. "അവിടെ തീരെ സ്ഥലമില്ലാത്ത ഭാഗമാണ്. ഒരു വശത്ത് ഓവുചാലാണ്. ഇറങ്ങാനായി സ്റ്റെപ്പ് എടുത്തു വെച്ചപ്പോഴത്തേക്കും ബസ് മുന്നോട്ടെടുത്തു. താഴെ ഭാഗം മുറിച്ചുമാറ്റി. നില അതീവ ഗുരുതരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്," ബന്ധു പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ അടിവാരത്തിനടുത്ത് ചിപ്പിലിത്തോട് ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. വൈത്തിരിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ചിപ്പിലിത്തോട്ടിലെ മകളുടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജാനു. ഇരിട്ടി-നിലമ്പൂർ റൂട്ടിലോടുന്ന ഫാസ്റ്റ് പാസഞ്ചറിലായിരുന്നു യാത്ര. ബസ് സ്റ്റോപ്പിൽ നിർത്താതെ, യാത്രക്കാർക്ക് ഇറങ്ങാൻ പ്രയാസമുള്ള ഡ്രെയിനേജിനോട് ചേർന്നാണ് ബസ് നിർത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

മുൻവാതിലിലൂടെ ജാനു താഴേക്ക് ഇറങ്ങാൻ തുടങ്ങവേ ഡ്രൈവർ ബസ് മുന്നോട്ടെടുത്തു. ഇതോടെ തെറിച്ചുവീണ ജാനുവിന്റെ കാലിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. അരയ്ക്കു താഴെ സാരമായി പരിക്കേറ്റ ജാനുവിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില അതീവ ഗുരുതരമായതിനെത്തുടർന്ന് ശസ്ത്രക്രിയയിലൂടെ കാൽ നീക്കം ചെയ്തു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കെഎസ്ആർടിസി എംഡിക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. എന്നാൽ ജീവനക്കാർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന നിലപാടിലാണ് കെഎസ്ആർടിസി അധികൃതർ. ബസ് സ്റ്റോപ്പിൽ നിർത്തി കൃത്യമായി എടുത്തതാണെന്നും, ജാനു ഇറങ്ങി നടക്കുമ്പോൾ കാൽ തെറ്റി വീണതാകാം എന്നുമാണ് നിലമ്പൂർ ഡിപ്പോയുടെ വിശദീകരണം.

എന്നാൽ ബസ് സ്റ്റോപ്പിലല്ല വാഹനം നിർത്തിയതെന്നും, ഇറങ്ങുന്നതിന് മുൻപേ ബെല്ലടിച്ച് വണ്ടി വിട്ടതാണ് അപകടകാരണമെന്നും ദൃശ്യങ്ങൾ സഹിതം കുടുംബം ആരോപിക്കുന്നു. വൈത്തിരി മെഡോസ് റിസോർട്ടിലെ ജീവനക്കാരിയാണ് ജാനു. സംഭവത്തിൽ കുറ്റക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കെഎസ്ആർടിസി എംഡിക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.

Tags:    

Similar News