രാജ്യത്തിന് അഭിമാനമായ സൈനിക ഉദ്യോഗസ്ഥയെ അവഹേളിച്ച ബിജെപി മന്ത്രിക്കെതിരെ സൈബറിടത്തില്‍ കടുത്ത വിമര്‍ശനം; സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയെന്ന വിവാദ പരാമര്‍ശത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ബിജെപിയും; വിജയ് ഷായുടേത് ലജ്ജാകരമായ പരാമര്‍ശമെന്ന് കോണ്‍ഗ്രസും
സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയെന്ന വിവാദ പരാമര്‍ശത്തില്‍ കാരണ കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ബിജെപിയും
ഭോപ്പാല്‍: കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് രംഗത്തുവന്ന ബിജെപി നേതാവിനെതിരെ കടുത്ത വിമര്‍ശനം. രാജ്യത്തിന്റെ അഭിമാനമായി മാറിയ സോഫിയ ഖുറേഷിക്കെതിരെയാണ് മധ്യപ്രദേശിലെ ബിജെപി മന്ത്രി കൂടിയായ വിജയ് ഷാ അധിക്ഷേപം ചൊരിഞ്ഞത്. ഷായുടെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ബിജെപി നേതൃത്വം വെട്ടിലായി.
ഭീകരവാദികളുടെ സഹോദരിയെന്നാണ് കേണല്‍ സോഫിയ ഖുറേഷിയെ മധ്യപ്രദേശിലെ ബിജെപി മന്ത്രി കൂടിയായ വിജയ് ഷാ അധിക്ഷേപിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ നല്‍കിയ പ്രത്യാക്രമണത്തെ പറ്റി സംസാരിക്കുന്നതിനിടയിലാണ് വിജയ് ഷാ വിവാദ പരാമര്‍ശം നടത്തിയത്. ഇന്‍ഡോര്‍ ജില്ലയിലെ മഹുവില്‍ നടന്ന പരിപാടിയില്‍ പ്രസംഗിക്കവെയാണ് പരാമര്‍ശം നടത്തിയത്. വിജയ് ഷാ പ്രസംഗത്തില്‍ നരേന്ദ്ര മോദിയെ പുകഴ്ത്തിയിരുന്നു.
പ്രസംഗത്തിന്റെ വിഡിയോ പ്രതിപക്ഷ പാര്‍ട്ടികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായി. ഏപ്രില്‍ 22-ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യാന്‍ പ്രധാനമന്ത്രി പാകിസ്ഥാനിലുള്ള ഭീകരരുടെ അതേ സമുദായത്തില്‍ നിന്നുള്ള സഹോദരിയെയാണ് അയച്ചത് എന്നായിരുന്നു വിജയ് ഷാ പറഞ്ഞത്.
ഇന്ത്യന്‍ സൈന്യത്തില്‍ മികച്ച റെക്കോര്‍ഡുകളുണ്ട് കേണല്‍ ഖുറേഷിക്ക്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കും വ്യോമസേനാ വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങിനുമൊപ്പമാണ് കേണല്‍ ഖുറേഷി പത്രസമ്മേളനങ്ങള്‍ നടത്തിയത്. ഇവര്‍ക്കെതിരെ വിവാദ പരാമശം നടത്തിയതിന് കനത്ത പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ മന്ത്രിക്ക് നേരെ നടക്കുന്നത്. വിജയ് ഷായോട് രാജി വക്കാന്‍ ബിജെപി ആവശ്യപ്പെടണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഷായുടെ പരാമര്‍ശങ്ങള്‍ അപമാനകരവും ലജ്ജാകരവുമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. ബിജെപി-ആര്‍എസ്എസ് മാനസികാവസ്ഥ എപ്പോഴും സ്ത്രീവിരുദ്ധമാണെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. അതേസമയം വിവാദത്തോട് പ്രതികരിച്ച കുന്‍വര്‍ വിജയ് ഷാ, തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് വ്യക്തമാക്കി. വിമര്‍ശനം കടുത്തതോടെയാണ് ഷായോട് വിശദീകരണം തേടാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരെ കടുത്ത സൈബറാക്രമണം നേരിടേണ്ടി വന്നിരുന്നു. മിസ്രിയെയും അദ്ദേഹത്തിന്റെ മകള്‍ക്കുനേരെയും അധിക്ഷേപകരമായ കമന്റുകളാണ് സൈബറിടത്തില്‍ ഒരുവിഭാഗം ആളുകളില്‍ നിന്നുണ്ടായത്. രാജ്യദ്രോഹിയെന്നും ചതിയനെന്നുമുള്ള കമന്റുകളാണ് പലരും പോസ്റ്റ് ചെയ്തത്. ചിലര്‍ മിസ്രിയുടെയും മകളുടെയും പൗരത്വം തന്നെ ചോദ്യം ചെയ്തു.
മിസ്രിയുടെ മകള്‍ അഭിഭാഷകയാണ്. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി നിയമസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ചിലര്‍ കമന്റുകളുമായി വന്നത്. ഇതിന് പുറമെ ദി വയര്‍ എന്ന മാധ്യമസ്ഥാപനത്തിനെ അനുകൂലിച്ചെഴുതിയതിനെയും ചിലര്‍ വിമര്‍ശിച്ച് രംഗത്തെത്തി. സൈബര്‍ അധിക്ഷേപം രൂക്ഷമായതോടെ മിസ്രിയുടെ 'എക്‌സ്' അക്കൗണ്ട് ലോക്ക് ചെയ്തു.
മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും മിസ്രിയെ പിന്തുണച്ച് രംഗത്ത് വന്നു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാംശിക്കെതിരെയും സൈബറാക്രമണം ഉണ്ടായിരുന്നു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മുസ്ലീങ്ങളെ ലക്ഷ്യമിടുന്നതിനെതിരെ സംസാരിച്ചതിനാണ് അവര്‍ക്കെതിരെ ഒരുവിഭാഗം തിരിഞ്ഞത്. മിസ്രിയ്ക്ക് പിന്തുണയുമായി മുന്‍ സഹപ്രവര്‍ത്തകര്‍, പ്രതിപക്ഷം, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയും രംഗത്ത് വന്നിട്ടുണ്ട്.