ഏഴടി പൊക്കമുള്ള മസ്‌ക്കുലാര്‍ ബാബ തൊട്ട് മൂന്നടി മാത്രമുള്ള ലില്ലിപ്പുട്ട് ബാബ വരെ; ആംഗ്യഭാഷയിലൂടെ കോച്ചിങ് കൊടുക്കുന്ന ഐഎഎസ് ബാബയും, ഉന്നത വിദ്യാഭ്യാസമുള്ള ഐഐടി ബാബയും; ശിരസില്‍ കൃഷി നടത്തുന്നവരും, പ്രാവിനെ വളര്‍ത്തുന്നവരും; മഹാകുംഭമേളയിലെ സന്യാസി വൈവിധ്യങ്ങള്‍ ഇങ്ങനെ
മഹാകുംഭമേളയിലെ സന്യാസി വൈവിധ്യങ്ങള്‍ ഇങ്ങനെ
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമം. യുപിയിലെ പ്രയാഗ്രാജില്‍ ഇപ്പോള്‍ നടക്കുന്ന മഹാകുംഭമേള വിശേഷിപ്പിക്കപ്പെടുന്നത് അങ്ങനെയാണ്. പതിനായിരങ്ങളും ലക്ഷങ്ങളുമല്ല ഏകദേശം 45കോടി ജനങ്ങളാണ് ഒന്നരമാസം നീണ്ടുനില്‍ക്കുന്ന ഈ മേളയില്‍ പങ്കെടുക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമമായി വിലയിരുത്തപ്പെടുന്നതും ഈ മഹാമനുഷ്യസംഗമം തന്നെ. മനുഷ്യരാശിയുടെ വിവരിക്കാനാകാത്ത പൈതൃകം എന്നാണ് യുനെസ്‌കോ, കുംഭമേളയെ വിശേഷിപ്പിച്ചിട്ടുള്ളത്.
ഈ മനുഷ്യസംഗമത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്, സന്യാസിമാര്‍ തന്നെയാണ്. നിങ്ങള്‍ക്കവിടെ അഘോരികളെ കാണാം, നാഗ സന്യാസിമാരെ കാണാം, ദേഹമാസകലം ഭസ്മം പുശി, മുടിയും താടിയും നീട്ടിവളര്‍ത്തിയ, ദിഗംബരന്മാരായ നഗ്‌നസന്യാസിമാരെ കാണാം. വിവിധ അഘാഡകളില്‍നിന്നായി ലക്ഷക്കണക്കിന് സന്യാസിമാരാണ്, ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇവരില്‍ പലരും പൊതുസമൂഹത്തിന് തീര്‍ത്തും വിചിത്രമെന്ന് തോനുന്ന ജീവിത രീതികള്‍ പിന്തുടരുന്നവരുമാണ്. ആയിരക്കണക്കിന് ആളുകള്‍ ഇവിടെ വെച്ച് സന്യാസ ദീക്ഷ സ്വീകരിക്കുന്നുമുണ്ട്.
ഏഴടിപൊക്കമുള്ള മസ്‌ക്കുലാര്‍ ബാബ
കുംഭമേളക്ക് എത്തിയ സന്യാസിമാരില്‍ വേറിട്ടതാണ്, ആത്മ പ്രേം ഗിരി മഹാരാജ് എന്ന മസ്‌കുലാര്‍ ബാബ കുംഭമേളയ്‌ക്കെത്തിയവരുടെ മനംകവരുകയാണ്. കാഷായവും രുദ്രാക്ഷമാലകളും ധരിച്ച്, മസില്‍ പെരുപ്പിച്ച്, ഏഴടിപൊക്കമുള്ളയാള്‍ ഫോട്ടോയില്‍ നിറയുകയാണ്. ഈ ബോഡി സൈസ് തന്നെയാണ് അദ്ദേഹത്തിന് മസ്‌കുലാര്‍ ബാബയെന്ന് പേര് സമ്മാനിച്ചത്. പരശുരാമന്റെ ആധുനിക രൂപമായാണ് ചിലര്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലൊന്നായ പരശുരാമന് പോരാളികളില്‍ കാണുന്ന സവിശേഷതകളുണ്ടായിരുന്നു. ശക്തികൊണ്ടും ആകാരംകൊണ്ടും സമ്പന്നനായിരുന്നു പരശുരാമന്‍ എന്ന അവതാര പുരുഷന്‍. അതിനാലാണ് ഗിരി മഹാരാജിനെയും പരശുരാമനോട് ചിലര്‍ ഉപമിക്കുന്നത്.
റഷ്യന്‍ വംശജനായ ഗിരി 30 വര്‍ഷം മുമ്പാണ് ഹിന്ദുമതത്തില്‍ ആകൃഷ്ടനാകുന്നത്. അദ്ധ്യാപകനായിരുന്ന ഇദ്ദേഹം പ്രൊഫഷനും കരിയറുമെല്ലാം ഉപേക്ഷിച്ച് ആത്മീയതയില്‍ ജീവിതം സമര്‍പ്പിച്ചു. ഹിന്ദുമത പ്രചാരകനായി നേപ്പാളിലാണ് അദ്ദേഹം കഴിയുന്നത്. കൂടാതെ ജുന അഖാരയിലെ അംഗം കൂടിയാണ് അദ്ദേഹം.
കബൂത്തര്‍വാലാ ബാബയും ലില്ലിപ്പുട്ട് ബാബയും
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ശിരസ്സില്‍ ഒരു പ്രാവിനെ വെച്ച് നടക്കുന്ന സന്യാസിയാണ് കബൂതര്‍ വാല ബാബ എന്നറിയപ്പെടുന്നത്. മഹന്ത് രാജ്പുരി ജി മഹാരാജ് എന്നാണ് യഥാര്‍ത്ഥപേര്. ഇദ്ദേഹം പോവുന്നിടത്തെല്ലാം ആളുകുടുകയാണ്.
അതുപോലെ വെറും മൂന്നടി എട്ടിഞ്ച് ഉയരമുള്ള ഒരു ബാബയുമുണ്ട്. അതാണ്. അസം ഗംഗാഗിരി സ്വദേശിയായ ബാബ ഗംഗാഗിരി എന്ന 'ലില്ലിപ്പുട്ട് ബാബ'. മൂന്നടി എട്ടിഞ്ചാണ് ഇദ്ദേഹത്തിന്റെ ഉയരം. 32 വര്‍ഷമായി ഇദ്ദേഹം കുളിയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. സാധനയുടെ ഭാഗമായാണ് കുളിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.
ഐഎഎസ് ബാബയും ഐഐടി ബാബയും
ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമായി സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്ന ദിനേശ് സ്വരൂപ് ബ്രഹ്‌മചാരി 'ഐഎഎസ് ബാബ' എന്ന് അറിയപ്പെടുന്നു. ചായ വില്‍പനക്കാരനായ ഇദ്ദേഹം സന്യാസ ജീവിതം സ്വീകരിക്കുകയായിരുന്നു. അതിനാല്‍, 'ചായ് വാല ബാബ' എന്നും അറിയപ്പെടുന്നു. മറ്റുള്ളവരോട് മൗനം പാലിക്കുന്ന ഇദ്ദേഹം ദൈനംദിന ജീവിതത്തില്‍നിന്ന് ഭക്ഷണം ഒഴിവാക്കിയിട്ടുണ്ട്. ഒരു ദിവസം 10 കപ്പ് ചായ മാത്രം കുടിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ആംഗ്യഭാഷയിലൂടെയും വാട്സാപ്പ് സന്ദേശങ്ങളിലൂടെയും കഴിഞ്ഞ 40 വര്‍ഷമായി ഇദ്ദേഹം ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമായി ഐഎഎസ് കോച്ചിങ് നല്‍കിവരുന്നുണ്ട്.
മുംബൈ ഐഐടിയിലെ പൂര്‍വവിദ്യാര്‍ഥിയായിരുന്നതിനാലാണ്, മസാനി ഗോരഖ് 'ഐഐടി ബാബ' എന്ന് അറിയപ്പെടുന്നത്. അഭയ് സിങ് എന്നായിരുന്നു പൂര്‍വകാല നാമം. ഐഐടിയില്‍നിന്ന് എയറോസ്പേസ് എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷം ഡിസൈനിങ്ങില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി ആകര്‍ഷകമായ ജോലി ലഭിച്ചയാള്‍. പക്ഷേ അതുപേക്ഷിച്ച് ആത്മീയപാതയിലേക്ക് എത്തിയ മസാനി ഗോരഖ് മഹാ കുംഭമേളയുടെ ആദ്യദിനം തന്നെ പ്രയാഗ്രാജില്‍ തന്റെ സാന്നിധ്യമറിയിച്ചു. ഹരിയാനയാണ് സ്വദേശം.
അംബാസഡര്‍ ബാബയും, കൈ താഴ്ത്താത്ത ബാബയും
സാദാ അംബാസഡര്‍ കാറില്‍ സഞ്ചരിക്കുന്നതിനാലാണ്, മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ മഹന്ത് രാജ്ഗിരി നാഗബാബ അംബാസഡര്‍ ബാബ എന്ന് അറിയപ്പെടുന്നത്. 35 വര്‍ഷമായി, 1972 മോഡല്‍ അംബാസഡര്‍ കാറിലാണ് അംബാസഡര്‍ ബാബയുടെ ഉറക്കവും ഭക്ഷണവുമൊക്കെ. എവിടെപ്പോയായും ഇദ്ദേഹവും ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നു.
രാധേ പുരി ബാബ എന്ന ഉജ്ജയിനിയില്‍നിന്നുള്ള സന്യാസി, 2011-ല്‍ ഉയര്‍ത്തിയ തന്റെ വലതുകൈ ഇതുവരെ താഴ്ത്തിയിട്ടില്ല എന്നാണ് പറയുന്നത്. ലോകത്തിന്റെ ക്ഷേമത്തിനായാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. പതിറ്റാണ്ടിലേറെയായി കൈ ഉയര്‍ത്തിപ്പിടിച്ചതോടെ ഇദ്ദേഹത്തിന്റെ വിരലുകളിലെ നഖങ്ങള്‍ക്ക് മാറ്റം വന്നിട്ടുണ്ട്. വലുതായ നഖങ്ങള്‍ ഒടിഞ്ഞ് വീഴുന്നുണ്ട്. ദൈനംദിന ജോലികളെല്ലാം തന്റെ ഇടതുകൈ ഉപയോഗിച്ചാണ് ഇദ്ദേഹം ചെയ്യുന്നത് എന്നാണ് പറയുന്നത്.
രുദ്രാക്ഷ ബാബയും അനാജ് വാല ബാബ
20 കിലോ ചാവി കൊണ്ടുനടക്കുന്ന ചാവിബാബയെന്ന ഹരിയാന സന്യാസിക്കും ഏറെ ആരാധകരുണ്ട്. അതുപോലെ വിചിത്രമാണ്, ഗാതമ്പ്, ചോളം, പയര്‍ എന്നിവയാണ് ഇദ്ദേഹം ശിരസ്സില്‍ കൃഷിചെയുന്ന അനാജ് വാല ബാബയും. അനാജ് എന്നാല്‍ ധാന്യം എന്നാണ് അര്‍ത്ഥം.
ഉത്തര്‍പ്രദേശ് സോന്‍ഭദ്ര സ്വദേശിയായ അമര്‍ജീത് 'അനാജ് വാലെ ബാബ' എന്ന പേരില്‍ അറിയപ്പെടുന്നു. പരിസ്ഥിതി സംരക്ഷണത്തിനുള്ള ബോധവത്കരണമാണ് ഈ പ്രവര്‍ത്തിക്ക് പിന്നിലെന്നാണ് അദ്ദേഹം പറയുന്നത്.
പഞ്ചാബിലെ കോട്ട് കപുരയില്‍ നിന്നുള്ള നാഗസന്യാസയായ ഗീതാനന്ദ ഗിരി ആണ് 'രുദ്രാക്ഷ ബാബ' എന്ന പേരില്‍ അറിയപ്പെടുന്നത്. 108 രുദ്രാക്ഷമാലകള്‍ ശിരസ്സില്‍ ധരിച്ചാണ് ഇദ്ദേഹത്തിന്റെ ജീവിതം. 45 കിലോ ഭാരം വരുന്ന വിവിധ രുദ്രാക്ഷങ്ങള്‍ മാലയായി കോര്‍ത്ത് ശിരസ്സില്‍ ധരിച്ച് ദിവസം 12 മണിക്കൂര്‍ ഇദ്ദേഹം ധ്യാനമിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ ശിരസ്സില്‍ 2.25 ലക്ഷം രുദ്രാക്ഷങ്ങള്‍ വരെ ധരിക്കാമെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. ഇതുകൂടാതെ പൂര്‍ണ്ണന്ഗനായി ജനനേന്ദ്രിയത്തില്‍ വലിയഭാരം തൂക്കിയിട്ട് അഭ്യാസം കാണിക്കുന്നവരും, ആണിയില്‍ കിടന്ന് ഉറങ്ങുന്നവരും അടക്കമുള്ള ഒരു വലിയ വിഭാഗം സന്യസിമാരെ കുംഭമേളയില്‍ കാണാം. എന്നാല്‍ ശാസ്ത്രീയമായി നോക്കുമ്പോള്‍, ഇവരുടെ അവകാശവാദങ്ങള്‍ പലതും തെറ്റാണെന്ന് ഒരുപാട് പേര്‍ എഴുതിയിട്ടുണ്ട്. പക്ഷേ വിശ്വാസികള്‍ ഇവരെ ശരിക്കും അവധൂത ജന്‍മങ്ങളായിട്ടാണ് കാണാറുള്ളത്.