'വലിയ പരിപാടികളില്‍ ഇത്തരം ചെറിയ പിഴവുകള്‍ സ്വഭാവികമായും ഉണ്ടാകാം; അതിനെ പര്‍വതീകരിക്കേണ്ടതില്ല; ഉച്ചകോടിയിലെ ആദ്യ രണ്ടു ദിവസങ്ങള്‍ അതിഗംഭീരമായിരുന്നു; എഐ രംഗത്തെ ആഗോള ചര്‍ച്ചകളില്‍ ഇന്ത്യ നേതൃപരമായ പങ്ക് വഹിക്കുന്നത് അഭിമാനകരം'; രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും വിമര്‍ശിക്കുമ്പോഴും എഐ ഉച്ചകോടിയിലെ വീഴ്ച്ചകള്‍ തള്ളി പ്രശംസിച്ച് തരൂര്‍
'വലിയ പരിപാടികളില്‍ ഇത്തരം ചെറിയ പിഴവുകള്‍ സ്വഭാവികമായും ഉണ്ടാകാം; അതിനെ പര്‍വതീകരിക്കേണ്ടതില്ല
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ പുരോഗമിക്കുന്ന ഭാരത് എഐ ഇംപാക്ട് സമ്മിറ്റിലെ സംഘാടനപ്പിഴവുകളെ ചൊല്ലി കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാറിനെതിരെ നിലപാട് സ്വീകരിക്കുമ്പോഴും തന്റെ നിലപാട് ഉറക്കെ പറഞ്ഞ് ശശി തരൂര്‍. ഉച്ചകോടിയെ 'പബ്ലിസിറ്റി സ്റ്റണ്ട്' എന്ന് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വിമര്‍ശിക്കുമ്പോള്‍, പരിപാടി അതിഗംഭീരമെന്ന് പ്രശംസിച്ച് ശശി തരൂര്‍ എംപി രംഗത്തെത്തി. ചൈനീസ് നിര്‍മ്മിത റോബോട്ടിനെ പ്രദര്‍ശിപ്പിച്ചത് ഉള്‍പ്പെടെയുള്ള വിവാദങ്ങളെ 'ചെറിയ പിഴവുകള്‍'എന്ന് വിശേഷിപ്പിച്ച തരൂര്‍, വലിയ മേളകളില്‍ ഇത്തരം കാര്യങ്ങള്‍ സ്വാഭാവികമാണെന്നും പറഞ്ഞു.
വലിയ പരിപാടികളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാം. അതിനെ പര്‍വതീകരിക്കേണ്ടതില്ല. ജനപങ്കാളിത്തം കൊണ്ട് ഉച്ചകോടി ശ്രദ്ധേയമാണെന്നും തരൂര്‍ പറഞ്ഞു. 'ഉച്ചകോടിയിലെ ആദ്യ രണ്ടു ദിവസങ്ങള്‍ അതിഗംഭീരമായിരുന്നു. ലോകമെമ്പാടുമുള്ള പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ആവേശത്തോടെയാണ് ഇതില്‍ പങ്കെടുക്കുന്നത്. എഐ രംഗത്തെ ആഗോള ചര്‍ച്ചകളില്‍ ഇന്ത്യ നേതൃപരമായ പങ്ക് വഹിക്കുന്നത് അഭിമാനകരമാണ്.' - തരൂര്‍ പറഞ്ഞു. വെള്ളിയാഴ്ച തരൂര്‍ ഉച്ചകോടിയില്‍ സംസാരിക്കുന്നുണ്ട്.
എ.ഐ സമ്മേളനത്തെ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന ഖാര്‍ഗെയും വിമര്‍ശിക്കുമ്പോഴാണ് തരൂര്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത്. ഉച്ചകോടി അലങ്കോലമാണെന്നും ഇന്ത്യന്‍ ഡാറ്റ വില്‍ക്കാനുള്ള വേദിയാണെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. മേക് ഇന്‍ ഇന്ത്യയുടെ പേരില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് രാജ്യത്തിന് അപമാനമാണെന്ന് ഖാര്‍ഗെയും വിമര്‍ശിച്ചു. ഇതിനിടെയാണ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന തരത്തില്‍ തരൂര്‍ പ്രതികരിച്ചത്.
നോയിഡയിലെ ഗാല്‍ഗോട്ടിയാസ് സര്‍വകലാശാല തങ്ങള്‍ നിര്‍മ്മിച്ചതെന്ന് അവകാശപ്പെട്ട് പ്രദര്‍ശിപ്പിച്ച റോബോട്ട് നായ ചൈനീസ് നിര്‍മ്മിതമാണെന്ന് കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് പവര്‍ കട്ട് ചെയ്തും സ്റ്റാള്‍ ഒഴിപ്പിച്ചുമാണ് അധികൃതര്‍ നടപടിയെടുത്തത്. സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ബില്‍ ഗേറ്റ്സ് വിട്ടുനിന്നത് ചര്‍ച്ചയായി. പഴയകാല വിവാദങ്ങളുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് അദ്ദേഹത്തിന്റെ പിന്മാറ്റമെന്നാണ് സൂചന.
ഗതാഗതക്കുരുക്കും പരാതികളും: ഡല്‍ഹിയിലെ കനത്ത ഗതാഗതക്കുരുക്ക് കാരണം ഋഷി സുനക് അടക്കമുള്ള വിശിഷ്ട അതിഥികള്‍ പ്രോഗ്രാമുകളില്‍ വൈകിയെത്തി. 'ഡല്‍ഹിയിലെ ഗതാഗതക്കുരുക്കിന് എഐ പോലും പരിഹാരമല്ല' എന്ന് സുനക് തമാശരൂപേണ പറയുകയും ചെയ്തു.
അതേസമയം ഗ്‌ളോബല്‍ സൗത്തിനാകെ എഐയുടെ പ്രയോജനവും ലഭ്യതയും ഉറപ്പുവരുത്തുക എന്ന ആശയമാണ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വച്ചത്. എഐക്കായി ആകാശം തുറന്നിടുക എന്നാല്‍ നിയന്ത്രണം കൈയ്യില്‍ വയ്ക്കുക എന്ന നിദ്ദേശവും മോദി നല്കി. എഐ ചില വന്‍കിട കമ്പനികളും രാജ്യങ്ങളും കൈയ്യില്‍ വയ്ക്കുന്നതിന് പകരം ഇത് പങ്കുവയ്ക്കാനും സാധാരണക്കാരുടെ ജീവിതത്തിലേക്കെത്തിക്കാനും നടപടി വേണം.
കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണം നിയമപരമായി ഉറപ്പാക്കണം, ഡേറ്റയുടെ ഉടമസ്ഥത അതാത് രാജ്യങ്ങള്‍ക്കായിരിക്കണം. എഐ നിര്‍മ്മിത ഉള്ളടക്കമാണെങ്കില്‍ അത് വ്യക്തമാക്കാനുളള സംവിധാനം നിര്‍ബന്ധമാക്കണമെന്നും മോദി നിര്‍ദ്ദേശിച്ചു. ഇന്ത്യയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്തുന്ന രൂപരേഖയാണ് ലോകനേതാക്കള്‍ പങ്കെടുത്ത പ്‌ളീനറി സെഷന്‍ അംഗീകരിച്ചത്. ഉച്ചകോടിയുടെ ഉത്ഘാടന സെഷനില്‍ പങ്കെടുത്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ത്യയിലെ 140 കോടി പേരെ ഡിജിറ്റല്‍ നെറ്റ്വര്‍ക്കിലേക്ക് കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി
ഇരുപത് രാഷ്ട്രനേതാക്കളും നാല്പത്തിയഞ്ച് മന്ത്രിമാരും അടക്കം 119 രാജ്യങ്ങളിലെ പ്രതിനിധികളാണ് ഉച്ചകോടിയുടെ പ്രധാന സെഷനില്‍ പങ്കെടുത്തത്.കഴിഞ്ഞ തവണ ഫ്രാന്‍സില്‍ നടന്ന ഉച്ചകോടിയില്‍ എഐ ഉപയോഗത്തെ കുറിച്ച് പ്രധാന രാജ്യങ്ങള്‍ക്കിടയിലെ കടുത്ത ഭിന്നത ദൃശയമായിരുന്നു. ഇത്തവണ ഇത് ഏറെക്കുറെ പരിഹരിച്ച് ദര്‍ശനരേഖ മുന്നോട്ടു വയ്ക്കാനായത് ഇന്ത്യയ്ക്ക് നേട്ടമായി
