വേദന അത് അനുഭവിക്കുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ, വീഴ്ച വ്യക്തികളുടെ ഭാഗത്തുനിന്ന്; പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ അന്വേഷണത്തിന് സമിതിയെ നിയോഗിക്കും; ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും; ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്ക് സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ്

വേദന അത് അനുഭവിക്കുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ, വീഴ്ച വ്യക്തികളുടെ ഭാഗത്തുനിന്ന്

Update: 2026-02-20 05:14 GMT

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതിയില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വളരെ വേദന ഉണ്ടാക്കുന്ന സംഭവമാണ്. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണ്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടനെ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

അതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ലഭിച്ചിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ അന്വേഷണത്തിന് സമിതിയെ നിയോഗിക്കാന്‍ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് തന്നെ അന്വേഷണം ആരംഭിക്കും. എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കും. റിപ്പോര്‍ട്ട് പോലീസിന് കൈമാറും. മന്ത്രി വ്യക്തമാക്കി.

ആരൊക്കെയാണ് റിട്ടയര്‍ ചെയ്തു പോയിട്ടുള്ളത്. ഇപ്പോള്‍ സര്‍വീസില്‍ ആരെങ്കിലും ഉണ്ടോ മുതലായ കാര്യങ്ങളില്‍ അന്വേഷണം നടത്തി സര്‍വീസില്‍ ഉള്ളവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യും. ഉഷാ ജോസഫിന്റെ മകനുമായി സംസാരിച്ചിരുന്നു. പലതവണ വീട്ടില്‍ പോയി ഡോക്ടറെ കണ്ടതായി ബന്ധുക്കള്‍ പറയുന്നു. ഈ വിഷയങ്ങളിലെല്ലാം അന്വേഷണം നടത്തും. 2021 മെയ് 10നാണ് ഉഷാ ആശുപത്രിയില്‍ അഡ്മിറ്റ് ആയതെന്ന് പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. 12നാണ് സര്‍ജറി നടന്നത്. 15ന് ഡിസ്ചാര്‍ജ് ചെയ്തു.

ഡോക്ടര്‍ക്ക് ഇങ്ങനെ ഒരു കേസ് ഓര്‍മ്മയില്ല പക്ഷേ സര്‍ജറി ചെയതില്ല എന്ന് ഓര്‍മ്മയുണ്ട്. അത് എങ്ങനെയാണ് സാധ്യമാകുകയെന്നും മന്ത്രി വീണാ ജോര്‍ജ് ചോദിച്ചു. നോണ്‍ പ്രാക്ടീസിങ് അലവന്‍സ് വാങ്ങുന്ന ഡോക്ടര്‍മാര്‍ വീട്ടില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടോ എന്ന കാര്യവും പണം നല്‍കിയെന്ന ആരോപണവും ഈ അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നും മന്ത്രി വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് സ്‌ക്രബ് നേഴ്‌സും ഡോക്ടറും ഒരുപോലെ ഉത്തരവാദപ്പെട്ടവരാണ്. സ്‌ക്രബ് നേഴ്‌സ് ഇല്ലാതെ മെഡിക്കല്‍ കോളേജുകളില്‍ ശസ്ത്രക്രിയ നടക്കില്ലെന്നും, ശസ്ത്രക്രിയ ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തേണ്ടത് ഇവരുടെ സംയുക്ത ഉത്തരവാദിത്വമാണെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരെയും ഒരുക്കുക എന്നതാണ് പ്രാഥമിക ചുമതല. എന്നാല്‍ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിക്കുന്നത് വ്യക്തികളുടെ ഭാഗത്തുനിന്നാണ്. ഇത്തരം ഇന്‍ഡിവിജ്വല്‍ വീഴ്ചകളില്‍ കര്‍ശനമായ നിയമനടപടികള്‍ തന്നെ സ്വീകരിക്കും. മെഡിക്കല്‍ കോളേജുകളില്‍ എല്ലാ സംവിധാനങ്ങളും ഉണ്ടെന്നിരിക്കെ, പ്രോട്ടോക്കോള്‍ ലംഘിച്ച് ശസ്ത്രക്രിയകള്‍ നടത്തുന്നത് അത്യന്തം ഗൗരവകരമായ വിഷയമായാണ് സര്‍ക്കാര്‍ കാണുന്നത്.

യു.ഡി.എഫ് കാലത്തായാലും എല്‍.ഡി.എഫ് കാലത്തായാലും സാധാരണക്കാര്‍ അനുഭവിക്കുന്ന ഇത്തരം വേദനകള്‍ക്ക് പരിഹാരം കാണുക എന്നതാണ് സര്‍ക്കാരിന്റെ നയം. ശസ്ത്രക്രിയ പിഴവ് കാരണം വര്‍ഷങ്ങളോളം വേദന അനുഭവിക്കുന്നവരുടെ പ്രയാസം അത് അനുഭവിക്കുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ. ഉപകരണം വയറ്റില്‍ ഇരുന്നാല്‍ പ്രശ്നമില്ലെന്ന് ഒരുകാരണവശാലും പറയാന്‍ പാടില്ലാത്തതാണ്. അതിനാല്‍, ഇത്തരം വീഴ്ചകളില്‍ ഒരു തരത്തിലുള്ള ദാക്ഷിണ്യവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും എല്ലാ കേസുകളിലും നിയമപരമായ നടപടികള്‍ വേഗത്തിലാക്കുമെന്നും ആരോഗ്യമന്ത്രി ഉറപ്പുനല്‍കി. കൂടാതെ, നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഉഷാ ജോസഫിന്റെ കാര്യത്തില്‍ ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്ക് സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം ഉഷ ജോസഫെന്ന സ്ത്രീയുടെ വയറ്റില്‍ കത്രിക മറന്നുവച്ചതില്‍ വിചിത്ര പ്രതികരണവുമായി ആരോപണ വിധേയയായ ഡോക്ടര്‍ ലളിതാംബിക നേരത്തെ രംഗത്തുവന്നത്. താനല്ല ശസ്ത്രക്രിയ നടത്തിയതെന്നാണ് ഇവരുടെ വാദം. അതേസമയം അഞ്ചല്ല അന്‍പത് കൊല്ലം ഉള്ളില്‍ കത്രിക ഇരുന്നാലും ഒരു പ്രശ്‌നവും ഇല്ലെന്നും ഇത് എപ്പോള്‍ വച്ചതാണെന്നതിന് തെളിവില്ലല്ലോയെന്നും അവരുടെ വാദം. കോവിഡ് സമയത്ത് മനുഷ്യന്റെ നന്‍മയ്ക്ക് വേണ്ടി ചെയ്ത ശസ്ത്രക്രിയ ഇപ്പോള്‍ ഡോക്ടര്‍ക്ക് പാരയായെന്നും അവര്‍ പറയുന്നു.

ഫ്‌ലോര്‍ നഴ്‌സിനാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തേണ്ട ചുമതല. സര്‍ക്കാര്‍ ആശുപത്രികളില്‍ അങ്ങനെയൊരു തസ്തിക ഉള്ളത് തനിക്ക് അറിയില്ലെന്നും സിസ്റ്റര്‍മാര്‍ പറയുന്നത് വിശ്വസിച്ച് ശസ്ത്രക്കിയയ്‌ക്കൊടുവില്‍ കൂട്ടിത്തുന്നുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്നും അവര്‍ വിശദീകരിച്ചു.

പത്രത്തില്‍ കണ്ടാണ് വാര്‍ത്തയെ കുറിച്ച് താന്‍ അറിഞ്ഞതെന്നും 38 കൊല്ലമായി ആലപ്പുഴയില്‍ താന്‍ സേവനം അനുഷ്ഠിച്ചതാണെന്നും അപ്പോള്‍ താന്‍ കണ്ടിട്ടില്ലാത്ത രോഗികള്‍ പോലും തന്റെ പേര് പറയാറുണ്ടെന്നും അതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു. വേദനയായിട്ട് രോഗി എവിടെപ്പോയിരുന്നുവെന്നും തന്റെ അടുത്ത് വന്നിട്ടില്ലെന്നും വല്ല ഹോമിയോയിലോ ആയുര്‍വേദത്തിലോ പോയിക്കാണുമെന്നും ഡോക്ടര്‍ ലളിതാംബിക പരിഹസിക്കുന്നു.

Tags:    

Similar News