ട്രെയിൻ ഇടിച്ചുണ്ടായ ദുരന്തത്തിൽ നടുങ്ങി നാട്; മരണ സംഖ്യയിൽ ആശങ്ക; തീപ്പൊരികൾ കണ്ട് യാത്രക്കാർ ചങ്ങല വലിച്ചത് വിനയായി; ഇതിനിടയിൽ സംഭവിച്ചതെന്ത്?; കാരണം സ്ഥിരീകരിക്കാതെ അധികൃതർ; കണ്ണീരോടെ ഉറ്റവർ; വേദനയായി പുഷ്പക് എക്സ്പ്രസ്!

Update: 2025-01-22 16:26 GMT

ബെം​ഗളൂരു: മഹാരാഷ്ട്രയിലെ ട്രെയിൻ ദുരന്തത്തിൽ ആശങ്ക വർധിക്കുന്നു. ജൽഗാവ് ജില്ലയിൽ നടന്ന നടുക്കിയ അപകടത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ഇപ്പോൾ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയാണ്. പുഷ്പക് എക്സ്പ്രസിൽ പുക ഉയരുന്നത് കണ്ടതോടെയാണ് യാത്രക്കാർ എടുത്തുചാടിയത് ഇതിനുപിന്നാലെ എതിർദിശയിൽ എത്തിയ കർണാടക എക്‌സ്പ്രസ് ഇടിച്ചാണ് വലിയ ദുരന്തം ഉണ്ടായത്.

ഇപ്പോഴിതാ അപകടത്തിൽ മരണ സംഖ്യ ഉയരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മരണ സംഖ്യ 11 ആയെന്നും ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും ലഭിക്കുന്ന വിവരങ്ങൾ. അപകടവാർത്തയിൽ നടുങ്ങിയിരിക്കുകയാണ് യാത്രക്കാർ. പുഷ്പക് എക്‌സ്പ്രസിൽ യാത്ര ചെയ്തവരാണ് മരിച്ചത്. പുഷ്പക് എക്‌സ്പ്രസിൽ തീപിടിച്ചെന്ന് അഭ്യൂഹത്തെ തുടർന്നാണ് യാത്രക്കാർ ഓടുന്ന ട്രെയിനിൽ നിന്ന് എടുത്തുചാടിയത്. ഈ സമയം, സമീപത്തെ ട്രാക്കിലൂടെ എത്തിയ കർണാടക എക്സ്പ്രസ് ഇവർക്ക് മുകളിലൂടെ കയറുകയായിരുന്നു. ഇരുപത്തഞ്ചോളം ആളുകളാണ് ഇത്തരത്തില്‍ ചാടിയതെന്നും പറയുന്നു.

ട്രെയിനിൻ്റെ ചക്രങ്ങളിൽ നിന്ന് പുക കണ്ടതിനെ തുടർന്ന് തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ തിടുക്കത്തിൽ ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയതെന്നാണ് പ്രാഥമിക സൂചന.

എന്നാൽ, പുഷ്പക് എക്സ്പ്രസിൽ തീപിടുത്തമുണ്ടായോ എന്ന കാര്യം റെയിൽവേ പരി​ഗണിച്ചില്ല. പുഷ്പക് എക്സ്പ്രസിൽ തീ പടർന്നുവെന്ന വിവരം വ്യാജമാണെന്നും സൂചനയുണ്ട്. നിരവധി യാത്രക്കാർക്ക് ​ഗുരുതരമായി പരിക്കേറ്റു. പാളത്തിലേക്ക് ചാടിയ യാത്രക്കാരുമായി എതിർദിശയിൽ വന്ന ബെംഗളൂരു എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു.

എട്ടോളം യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ റെയിൽവേ ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

അപകടത്തിനെ കുറിച്ച് റെയിൽവേ ഉദ്യോഗസ്ഥൻ പറയുന്നത്. പുഷ്പക് എക്‌സ്പ്രസിൻ്റെ ഒരു കോച്ചിനുള്ളിൽ ബ്രേക്ക്-ബൈൻഡിംഗ് കാരണം തീപ്പൊരികൾ ഉണ്ടായി. തീപ്പൊരി കണ്ടതോടെ ചില യാത്രക്കാർ പരിഭ്രാന്തരായി ചങ്ങല വലിച്ചു. അവരിൽ ചിലർ ട്രാക്കിലേക്ക് ചാടിയെന്നും മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറയുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അനുശോചനം രേഖപ്പെടുത്തി. ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാ സഹായവും നൽകുന്നുണ്ടെന്നും വ്യക്തമാക്കി. മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തുന്നതായി ജല്‌ഗാവ് കാവൽ മന്ത്രി കൂടിയായ മഹാരാഷ്ട്ര മന്ത്രി ഗുലാബ്രറാവു പാട്ടീൽ പറഞ്ഞു.

അതേസമയം, റെയിൽവേയുടെ ദുരിതാശ്വാസ ടീമും സ്ഥലത്തുണ്ട്. അപകടസ്ഥലത്ത് നിന്ന് കർണാടക എക്സ്പ്രസ് യാത്ര പുനരാരംഭിച്ചു. പരിക്കേറ്റ യാത്രക്കാർക്ക് ആവശ്യമായ മെഡിക്കൽസഹായം നൽകിയതിന് ശേഷം പുഷ്പക് എക്സ്പ്രസ് യാത്ര തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൽ​ഗാവിലെ അപകടം വേദനാജനകമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എക്സിൽ കുറിച്ചു. "എസ്.പി. സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ജില്ലാ കളക്ടറും ഉടൻ സ്ഥലത്തെത്തും". ജില്ലാ ഭരണകൂടവും റെയിൽവേയും ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

Tags:    

Similar News