'രാത് കെ ഹംസഫറി..'; ബോളിവുഡ് ക്ലാസിക് ഗാനത്തിനൊപ്പം ചുവടു വെച്ച് മഹുവയും പിനാകിയും; നിമിഷനേരം കൊണ്ട് വീഡിയോ വൈറൽ; ഇത് ഞങ്ങളുടെ വിവാഹചിത്രമെന്ന് പോസ്റ്റ്; ആശംസകൾ നേർന്ന് നേതാക്കൾ; ഇത് രാഷ്ട്രീയത്തിനപ്പുറമുള്ള സ്‌നേഹമെന്ന് കമെന്റുകൾ!
ഇക്കഴിഞ്ഞ മെയ് 30-നാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയും ബിജെഡി മുന്‍ എംപിയും അഭിഭാഷകനുമായ പിനാകി മിശ്രയും തമ്മിൽ വിവാഹിതരായത്. ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ നടന്ന വിവാഹത്തില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പിന്നാലെ വിവാഹചിത്രം മഹുവ തന്നെ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, വിവാഹദിവസം ഇരുവരും നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ബോളിവുഡ് ക്ലാസിക് ഗാനമായ 'രാത് കെ ഹംസഫറി' എന്ന ഗാനത്തിനാണ് ഇരുവരും ചുവടു വെയ്ക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി മഹുവ മൊയ്ത്ര തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്. പിന്നാലെ ഇത് നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തു.
ഇളം പിങ്ക് നിറത്തിലുള്ള ബനാറസി സില്‍ക്ക് സാരിയാണ് മഹുവയുടെ വിവാഹവേഷം. ഇതിനൊപ്പം പരമ്പരാഗത സ്വര്‍ണാഭരണങ്ങളും അണിഞ്ഞു. വെള്ള കുര്‍ത്തയ്ക്കും പൈജാമയ്ക്കുമൊപ്പം പീച്ച് നിറത്തിലുള്ള വെയ്സ്റ്റ്‌കോട്ടാണ് പിനാകി മിശ്ര ധരിച്ചത്. ഇരുവര്‍ക്കും ആശംസ നേര്‍ന്ന് ഒട്ടേറെപ്പേര്‍ ഈ വീഡിയോ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ കൃഷ്ണ നഗറില്‍നിന്നുള്ള എംപിയാണ് മഹുവ. ലോക്സഭയിലേക്ക് രണ്ടാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ബംഗാള്‍ നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 50-കാരിയായ മഹുവ നേരത്തെ ഡാനിഷ് ധനകാര്യ വിദഗ്ദ്ധനായ ലാര്‍സ് ബ്രോഴ്സണെ വിവാഹം കഴിച്ചിരുന്നു. 65-കാരനായ പിനാകി മിശ്രയുമായുള്ളത് രണ്ടാം വിവാഹമാണ്.
സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനായ പിനാകി മിശ്ര പുരിയില്‍നിന്ന് നാലു തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിനാകി മിശ്രയുടെയും രണ്ടാം വിവാഹമാണ്. മുന്‍ ഭാര്യ സംഗീതയില്‍ പിനാകി മിശ്രയ്ക്ക് രണ്ട് മക്കളും ഉണ്ട്.