തങ്ങള്‍ ക്രൈസ്തവരെന്ന് കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍; 'വീട്ടുകാര്‍ അറിഞ്ഞ് നടത്തിയ യാത്ര'യെന്നും വെളിപ്പെടുത്തല്‍; പൊളിയുന്നത് ചത്തീസ്ഗഡ് പോലീസിന്റെ വാദം; മലയാളി കന്യാസ്ത്രീകളെ കാണാന്‍ എംപിമാര്‍ക്കും ബന്ധുക്കള്‍ക്കും അനുമതി നല്‍കിയത് പ്രതിഷേധത്തിന് ശേഷം; മതപരിവര്‍ത്തന വാദം തള്ളി രാജീവ് ചന്ദ്രശേഖറും
തങ്ങള്‍ ക്രൈസ്തവരെന്ന് കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ചുള്ള അറസ്റ്റില്‍ കേരളത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഈ കന്യാസ്ത്രീകളെ പിന്തുണച്ചു കൊണ്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ബിജെപി സംസ്ഥാന ഘടകം ഈ വിഷയത്തില്‍ ഇടപെടല്‍ നടത്തുകയും അനൂപ് ആന്റണിയെ ഛത്തിസ്ഗഡിലേക്ക് അയക്കുകയും ചെയ്തു. ഇതിന് പിന്നാലെ യുഡിഎഫ് എംപിമാരുടെ സംഘവും ചത്തീസ്ഡിലേക്ക് എത്തിയിട്ടുണ്ട്. ഇവര്‍ക്ക് ജയിലില്‍ പ്രവേശിക്കാന്‍ ആദ്യം അനുമതി നല്‍കിയില്ലെങ്കിലും പിന്നീട് അനുമതി ലഭിച്ചു.
മലയാളി കന്യാസ്ത്രീകളെ കാണാന്‍ പ്രതിപക്ഷ എംപിമാര്‍ക്ക് അനുമതി. എംപിമാരും ബന്ധുവും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് അനുമതി നല്കിയത്. എന്‍.കെ.പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹന്നാന്‍ എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗയിലെത്തിയത്. ഇവര്‍ക്കൊപ്പം സിസ്റ്റര്‍ പ്രീതി മേരിയുടെ സഹോദരനും എത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് ജയിലിലേക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് എംപിമാര്‍ നടത്തിയ കനത്ത പ്രതിഷേധത്തിനൊടുവിലാണ് അനുമതി നല്കിയത്. ഛത്തിസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ ഇടപെട്ടതോടെയാണ് എംപിമാര്‍ക്ക് അനുമതി ലഭിച്ചത്.
അതേസമയം ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ചുള്ള വിവാദ അറസ്റ്റില്‍ പ്രതികരിച്ച് കന്യാസ്ത്രീകള്‍ക്കൊപ്പം വന്ന പെണ്‍കുട്ടികള്‍ രംഗത്തെത്തി. കന്യാസ്ത്രീകള്‍ക്ക് ഒപ്പം പോകുന്നത് വീട്ടുകാരെ അറിയിച്ചതാണെന്നും നേരത്തെ തന്നെ തങ്ങള്‍ ക്രിസ്തു മത വിശ്വാസികള്‍ ആണെന്നും പെണ്‍കുട്ടി പറയുന്നു. ബജ്‌റംഗ്ദളിന്റെയും പൊലീസിന്റെയും ആരോപണം തള്ളിയ ഇവര്‍, അറസ്റ്റ് നടന്ന ദിവസം പ്രാദേശിക മാധ്യമത്തോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു.
മാതാപിതാക്കളുടെ അനുമതിയോടെ പെണ്‍കുട്ടികള്‍ കന്യാസ്ത്രീകള്‍ക്കൊപ്പം ആഗ്രയിലേക്ക് ജോലിക്കായി പോകുകയായിരുന്നുവെന്ന് ബന്ധുക്കള്‍ 'ദി ഹിന്ദു'വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നിര്‍ബന്ധിച്ചല്ല ഇവരെ കൊണ്ടുപോയത്. അഞ്ച് വര്‍ഷമായി ക്രൈസ്തവ വിശ്വാസികളാണ് കുടുംബം. കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്നും നാരായണ്‍പൂരില്‍നിന്നുള്ള പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു. കന്യാസ്ത്രീകള്‍ നഴ്‌സിങ് ജോലിക്കായി തന്റെ സഹോദരിയെ കൊണ്ടുപോയതാണെന്ന് മറ്റൊരു പെണ്‍കുട്ടിയുടെ മൂത്ത സഹോദരി പറഞ്ഞു.
'മാതാപിതാക്കള്‍ നഷ്ടപ്പെട്ടവരാണ് ഞങ്ങള്‍. ഞാനും അവരുടെ (കന്യാസ്ത്രീകളുടെ) സ്ഥാപനത്തില്‍ ലക്‌നൗവില്‍ ജോലി ഏറ്റെടുത്തിരുന്നു. എന്റെ സഹോദരിക്കും ഇത്തരത്തില്‍ സ്വയംപര്യാപ്തത നേടാനാകുമെന്ന് കരുതി. അവള്‍ പൂര്‍ണ സമ്മതത്തോടെയാണ് പോയത്. അറസ്റ്റിലായ സുഖ്മാന്‍ മാണ്ഡവിയെയും കുടുക്കിയതാണ്'. സഹോദരിമാരെ മാണ്ഡവിക്കൊപ്പമാണ് അയച്ചതെന്നും അവര്‍ പറഞ്ഞു.
മാതാപിതാക്കളുടെ അനുമതിയോടെ വീട്ടുജോലിക്കായി എത്തിയ പെണ്‍കുട്ടികളെയും ബന്ധുവിനെയും കൂട്ടാനെത്തിയ കന്യാസ്ത്രീകളെയും വെള്ളിയാഴ്ച പകല്‍ എട്ടരയോടെ ബജരംഗ്ദളുകാര്‍ ട്രെയിനില്‍ തടഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. ടിടിഇ അറിയിച്ചതനുസരിച്ചാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വെ സ്റ്റേഷനിലെത്തി ആള്‍ക്കൂട്ട വിചാരണയ്ക്കും അതിക്രമത്തിനും കന്യാസ്ത്രീകളെ വിധേയരാക്കിയത്. മതപരിവര്‍ത്തനമല്ലെന്നും ജോലിക്കായി പോകുകയാണെന്ന് പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. മാതാപിതാക്കളുടെ സമ്മതപത്രം കാണിച്ചിട്ടും അതിക്രമം തുടര്‍ന്നു. ബജ്രംഗ്ദളുകാര്‍ തന്നെയാണ് കന്യാസ്ത്രീകളെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
കന്യാസ്ത്രീകള്‍ക്കെതിരെ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതര വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സിസ്റ്റര്‍ പ്രീതി മേരിയെ ഒന്നാംപ്രതിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസ്. നിര്‍ബന്ധിത മതപരിവര്‍ത്തനം (ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമം- നാലാം വകുപ്പ്), മനുഷ്യക്കടത്ത് (ഭാരതീയ ന്യായ സംഹിത- 143-ാം വകുപ്പ്), രാജ്യവിരുദ്ധ പ്രവര്‍ത്തനം(ബിഎന്‍എസ് 152-ാം വകുപ്പ്) തുടങ്ങി ഗുരുതര വുകപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. ആദ്യ എഫ്ഐആറില്‍ പൊലീസ് 'നിര്‍ബന്ധിത മതപരിവര്‍ത്തനം' കുറ്റം ചുമത്തിയിരുന്നില്ല. ബജ്രംഗ്ദളിന്റെ സമ്മര്‍ദത്തെഫലമായി പിന്നീട് ഈ വകുപ്പും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള 152-ാം വകുപ്പും ഉള്‍പ്പെടുത്തിയത്.
മനുഷ്യക്കടത്തിനും മതപരിവര്‍ത്തനത്തിനും ശ്രമിച്ചതിനുള്ള അതീവ ഗുരുതര കേസാണ് കന്യാസ്ത്രീകള്‍ക്കെതിരെയുള്ളതെന്നായിരുന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായിയുടെ പ്രതികരണം. അതേസമയം അതിനിടെ മതം മാറ്റുന്നവരെ മര്‍ദിക്കുന്നത് തുടരുമെന്നാണ് സംഭവത്തില്‍ തീവ്ര ഹിന്ദു സംഘടനാ നേതാവ് ജ്യോതി ശര്‍മയുടെ പ്രതികരണം. കന്യാസ്ത്രീകള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു. ആധാര്‍ കാര്‍ഡിലെ പേര്, നെറ്റിയില്‍ സിന്ദൂരം എന്നിവ കണ്ടാണ് മത പരിവര്‍ത്തനം നടന്നുവെന്ന് ഉറപ്പിച്ചത്. ഇവരെ തടയുക ഹിന്ദു ധര്‍മ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാണെന്നും ജ്യോതി ശര്‍മ്മ പറഞ്ഞു.
നീതി ലഭിക്കുന്നത് വരെ കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്ന് പ്രതികരിച്ചു. ബിജെപി ജനറല്‍ സെക്രട്ടറിക്കൊപ്പം വേണ്ടിവന്നാല്‍ താനും ഛത്തീസ്ഗഡില്‍ പോകും. നിലവില്‍ കേരളത്തില്‍ നിന്നുള്ള ബിജെപി സംഘം ഛത്തീസ്ഗഡിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരാണ് മതപരിവര്‍ത്തന വിരുദ്ധ നിയമം പാസാക്കിയത്. മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണം ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി മൂന്നുതവണ സംസാരിച്ചു. ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ സഹായം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
ഏതു സമുദായമായാലും മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി മാത്രമേ ഇറങ്ങുന്നുള്ളൂ. മറ്റു പാര്‍ട്ടികള്‍ അവസരവാദ രാഷ്ട്രീയം കളിക്കാനാണ് ശ്രമിക്കുന്നത്. അനൂപ് ആന്റണി അവിടെയെത്തി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ആദ്യം മനുഷ്യക്കടത്ത് മാത്രമാണ് ചുമത്തിയത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി പ്രതികരിക്കുന്നത് അവരുടെ കാഴ്ചപ്പാടില്‍ നിന്നാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം ഛത്തീസ്ഗഡിലെ ഒരു പ്രശ്‌നമാണ്. ഇപ്പോഴത്തെ പരിഗണന കേസില്‍ നിന്ന് കന്യാസ്ത്രീകളെ മോചിപ്പിക്കുക എന്നതാണ്. ബജ്രംഗ് ദള്‍ സ്വതന്ത്ര സംഘടനയാണ്. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.