ഉത്തരാഖണ്ഡ് പ്രളയത്തില്‍ മലയാളികളും കുടുങ്ങി; ഒരു സൈനികനെയും 28 വിനോദസഞ്ചാരികളെയും ബന്ധപ്പെടാനാകുന്നില്ലെന്ന് വീട്ടുകാര്‍; പ്രളയത്തില്‍ തങ്ങളുടെ സൈനിക ക്യാംപ് ഒലിച്ചു പോയതായി സൈനികനായ ശ്രീകാന്ത് പറഞ്ഞിരുന്നതായി സഹോദരന്‍; ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ മലയാളികള്‍ക്ക് ആശങ്ക
ഉത്തരാഖണ്ഡ് പ്രളയത്തില്‍ മലയാളികളും കുടുങ്ങി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മലയാളികളെയും കാണാതായതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ മലയാളി സൈനികനുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് വീട്ടുകാര്‍ വ്യക്തമാക്കി. കണ്ണൂര്‍ കുഞ്ഞിമംഗലം സ്വദേശി ശ്രീകാന്തിനെ ഫോണ്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്.
288 മീഡിയം റെജിമെന്റിലെ സൈനികനാണ്. ഇന്നലെ ഉച്ചയ്ക്ക് 2.30 ന് ശേഷം ബന്ധപ്പെടാനായിട്ടില്ലെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കിയത്. രക്ഷാപ്രവര്‍ത്തനത്തിന് പോകുകയാണെന്ന് അപ്പോള്‍ പറഞ്ഞിരുന്നു. പ്രളയത്തില്‍ തങ്ങളുടെ സൈനിക ക്യാംപ് ഒലിച്ചു പോയതായി ശ്രീകാന്ത് പറഞ്ഞിരുന്നുവെന്നും വീട്ടുകാര്‍ സൂചിപ്പിച്ചു. അതേസമയം ശ്രീകാന്ത് സുരക്ഷിതനാണെന്ന് ഒരു സൈനികന്‍ പറഞ്ഞെന്നും, എന്നാല്‍ ശ്രീകാന്തുമായി തങ്ങള്‍ക്ക് ഇതുവരെ നേരിട്ട് സംസാരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ശ്രീകാന്തിന്റെ സഹോദരന്‍ വ്യക്തമാക്കി.
മിന്നല്‍ പ്രളയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നാലെ, ഉത്തരാഖണ്ഡിലേക്ക് വിനോദയാത്രക്കു പോയ 28 മലയാളികളികളുടെ കുടുംബങ്ങള്‍ ആശങ്കയിലാണ്. 20 മുംബൈ മലയാളികളും കേരളത്തില്‍ നിന്നുള്ള എട്ടുപേരുമാണ് ടൂര്‍ പാക്കേജിന്റെ ഭാഗമായി ഉത്തരാഖണ്ഡിലേക്ക് പോയത്. ടൂര്‍ പാക്കേജിന്റെ ഭാഗമായി കൊച്ചി തൃപ്പൂണിത്തുറയില്‍ നിന്നും പോയ നാരായണന്‍ നായര്‍, ശ്രീദേവിപിള്ള എന്നിവരും സംഘത്തിലുണ്ട്. ഇവരെ ബന്ധപ്പെടാനാവുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
ഹരിദ്വാറില്‍ നിന്ന് ഗംഗോത്രിയിലേക്ക് പോയവരാണ് ഇവര്‍. എല്ലാവരുടെയും നമ്പര്‍ ആ സ്വിച്ച് ഓഫ് ആയ നിലയിലാണ്. കൊച്ചിക്ക് പുറമെ, തിരുവനന്തപുരം, കായംകുളം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അവര്‍ സുരക്ഷിതരാണെന്നും, പ്രളയത്തെത്തുടര്‍ന്ന് അവര്‍ വഴിയില്‍ കുടുങ്ങിക്കിടക്കുന്നതായി സൈന്യത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞതായും നാരായണന്‍ നായരുടെ ബന്ധു സൂചിപ്പിച്ചു. ഇവരുടെ സമീപത്തേക്ക് സൈന്യത്തിന് ഇതുവരെ എത്തിച്ചേരാന്‍ സാധിച്ചിട്ടില്ലെന്നാണ് അറിഞ്ഞതെന്നും ബന്ധുക്കള്‍ സൂചിപ്പിച്ചു.
അതേസമയം ഉത്തരാഖണ്ഡിലെ ധരാലിയിലെ വന്‍ മേഘവിസ്ഫോടനത്തിനും മിന്നല്‍പ്രളയത്തിനും പിന്നാലെ സമീപത്ത് മറ്റൊരു മേഘവിസ്ഫോടനംകൂടി റിപ്പോര്‍ട്ട് ചെയ്തത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഉത്തരകാശിയിലെ സുഖി ടോപ്പില്‍ സൈനിക ക്യാമ്പിന് സമീപമാണ് മേഘവിസ്ഫോടനമുണ്ടായതായത്. ധരാലിക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് മേഘവിസ്ഫോടനമുണ്ടായതായി ഉത്തരകാശി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തക സംഘങ്ങളെല്ലാം ധരാലിയിലെ വന്‍ മേഘവിസ്ഫോടനം നടന്ന സ്ഥലത്താണെന്നതിനാല്‍ പുതിയ സംഭവം കൂടുതല്‍ ആശങ്കകള്‍ക്ക് വഴിവെയ്ക്കുന്നു.
മേഖലയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ് അധികൃതര്‍. രണ്ടാമത്തെ മേഘവിസ്ഫോടനം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണ്. എസ്ഡിആര്‍എഫ്, സൈനിക യൂണിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള അടിയന്തര സംഘങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ താമസക്കാര്‍ വീടുകളില്‍ത്തന്നെ കഴിയണമെന്നും അപകടസാധ്യതാ മേഖലകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് ആദ്യത്തെ വന്‍ മേഘവിസ്ഫോടനമുണ്ടായത്. മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലും പെട്ട് അന്‍പതിലധികംപേരെ കാണാതായി. നാലുപേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. വലിയതോതിലുള്ള സ്വത്തുനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു പര്‍വതശിഖരത്തില്‍നിന്ന് മണ്ണും വെള്ളവും കുത്തിയൊലിച്ചെത്തി ധരാലി ഗ്രാമത്തെ വിഴുങ്ങുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഓടിരക്ഷപ്പെടാന്‍പോലും സാധിക്കാത്ത വിധം, സെക്കന്‍ഡുകള്‍ക്കൊണ്ട് ഒട്ടേറെ വീടുകളും ഹോട്ടലുകളും ഹോംസ്റ്റേകളും കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ഇതിനടിയില്‍ നിരവധി മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ ഭയപ്പെടുന്നത്. മണ്ണും കെട്ടിടാവശിഷ്ടങ്ങളും അടിഞ്ഞുകൂടിയിരിക്കുന്നതിനാല്‍ ഇവയ്ക്കടിയില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെടുക്കുക എളുപ്പമല്ല. ഹര്‍സില്‍ മേഖലയിലെ ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്തുണ്ടായ മേഘവിസ്ഫോടനമാണ് ദുരന്തത്തിന് കാരണമായത്. ഇന്ത്യന്‍ സൈന്യം, സംസ്ഥാന ദുരന്തനിവാരണ സേന, ദേശീയ ദുരന്തനിവാരണ സേന, പോലീസ് തുടങ്ങിയ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു.