ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയെ എസ്എഫ്ഐക്കാര്‍ നാണം കെടുത്തിയെന്നു മമത; യുകെയിലും സിപിഎം - ബിജെപി കൂട്ടുകെട്ടെന്നു യുകെയിലെ ബംഗാളികള്‍; ഓക്‌സ്‌ഫോര്‍ഡില്‍ പ്രസംഗിക്കാനെത്തിയ മമതയെ തടയാന്‍ നോക്കിയ എസ്എഫ്‌ഐക്കാര്‍ക്ക് നേരെ ബംഗാള്‍ മുഖ്യമന്ത്രി ഉയര്‍ത്തിയത് പഴയ വധശ്രമ ചിത്രം; എസ്എഫ്‌ഐക്കാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ചീത്തവിളി
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയെ എസ്എഫ്ഐക്കാര്‍ നാണം കെടുത്തിയെന്നു മമത
ലണ്ടന്‍: നിക്ഷേപകരെ ബംഗാളിലേക്ക് ആകര്‍ഷിക്കാന്‍ ഒരാഴ്ചത്തെ യുകെ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി ശനിയാഴ്ച മടക്ക യാത്ര നടത്തിയപ്പോള്‍ കൈനിറയെ നിക്ഷേപ അവസരങ്ങളും പ്രതീക്ഷകളും ലഭിച്ചപ്പോള്‍ ഓക്സ്ഫോര്‍ഡില്‍ നിന്നും ലഭിച്ചത് പ്രതിഷേധവും കൂവലും ബഹളവും. യുകെ ഇന്ത്യ ബിസിനസ് കൗണ്‍സിലും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ പ്രധാനമായും പങ്കെടുക്കാന്‍ എത്തിയ മമത ബാനര്‍ജി ആറു ദിവസമാണ് ലണ്ടനില്‍ തങ്ങിയത്.
ഇതിനിടെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റിയില്‍ എത്തിയ മമതയ്ക്ക് വിദ്യാര്‍ത്ഥികളും അക്കാദമിക് വിദഗ്ധരുമായി സംവദിക്കാന്‍ സര്‍വകലാശാല ഏര്‍പ്പെടുത്തിയ അവസരത്തില്‍ മലയാളിയായ നിഖില്‍ മാത്യുവിന്റെ നേതൃത്വത്തില്‍ എസ്എഫ്ഐ യുകെയുടെ ബാനറില്‍ എത്തിയ ചെറുപ്പക്കാര്‍ മമത ഗോ ബാക് വിളികളുമായി എത്തിയത് മാധ്യമ ലോകത്തു വലിയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്.
കൊല്‍ക്കത്തയില്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആരംഭിക്കുന്ന കാമ്പസ് അടക്കമുള്ള ഗൗരവ ചര്‍ച്ചകളാണ് മമതയുടെ യൂണിവേഴ്‌സിറ്റി സന്ദര്‍ശനത്തില്‍ ഉണ്ടായിരുന്നതെങ്കിലും കാമ്പസില്‍ ഉണ്ടായ അലങ്കോലം മമതയെയും സര്‍വ്വകലാശാലയെയും അലോസരപ്പെടുത്തുന്നതായി എന്നതാണ് പിന്നീട് വന്ന വിശദീകരണങ്ങള്‍ തെളിയിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ എസ്എഫ്ഐ യുകെ പ്രതിനിധികള്‍ നടത്തിയ പ്രതിഷേധം കൈവിട്ട നിലയിലേക്ക് നീണ്ടപ്പോള്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ പോലീസിനെ വിളിച്ചതും മമതയുമായി സംസാരിക്കാന്‍ എത്തിയ വിദഗ്ധരെയും വിദ്യാര്‍ത്ഥികളെയും ഒരുപോലെ പ്രയാസപ്പെടുത്തി എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എസ്എഫ്ഐ യുകെയെ തേടി എത്തുന്ന വിമര്‍ശങ്ങള്‍ തെളിയിക്കുന്നതും.
മാന്യമായ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാന്‍ യുകെയില്‍ അവസരം ഉള്ളപ്പോള്‍ ഇന്ത്യയിലേത് പോലെ ചടങ്ങുകള്‍ അലങ്കോലം ആക്കുന്ന വിധത്തില്‍ എസ്എഫ്ഐ നടത്തിയ പ്രതിഷേധം അപലപനീയം എന്നാണ് എസ്എഫ്ഐ യുകെയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ തന്നെ നടത്തുന്ന പ്രതികരണം.
മമത യൂണിവേഴ്‌സിറ്റിയുടെ കേല്ലോഗ് കാമ്പസില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് വിദ്യാര്‍ത്ഥികള്‍ ബംഗാളില്‍ നടക്കുന്ന രാഷ്ട്രീയ അക്രമം, ആര്‍ജി കര്‍ കോളേജ് സംഭവം, അഴിമതി തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിഷേധം നടത്തിയത്. പൊതു വിഷയങ്ങള്‍ എന്ന നിലയിലെ ഇക്കാര്യങ്ങള്‍ ചോദിക്കുവാന്‍ വിദ്യാര്‍ത്ഥികളായ നിങ്ങള്‍ക്കെന്ത് അവകാശം എന്ന നിലയിലാണ് മമത പ്രതിഷേധക്കാരെ നേരിട്ടത്.
വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ പ്ലക്കാഡുകളില്‍ രാഷ്ട്രീയ അക്രമം കണ്ടതോടെ മമത താന്‍ സിപിഎം അക്രമത്തെ അതിജീവിച്ച വ്യക്തിയാണ് എന്ന് ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ പരുക്കേറ്റു കിടക്കുന്ന ചിത്രം ഉയര്‍ത്തി കാട്ടി നിന്ന് ജ്വലിച്ചത്. നിങ്ങളുടെ പാര്‍ട്ടി നടത്തിയ അക്രമത്തെ ആദ്യം അപലപിക്കൂ എന്നായി മമത. മാത്രമല്ല ഈ കൊടി പിടിക്കാന്‍ ഇപ്പോള്‍ ബംഗാളില്‍ ആരുണ്ട്, അവിടെ വന്നു ഈ കൊടി ഉയര്‍ത്തി പ്രതിഷേധിക്കൂ എന്ന പരിഹാസവും നടത്തിയതോടെ ചടങ്ങ് അലങ്കോലപ്പെടുന്ന അവസ്ഥയിലായി. തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ പോലീസിനെ വിളിക്കുന്നതും പ്രതിഷേധകരെ നേരിടുന്നതും.
കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന വിഷയങ്ങള്‍ യുകെയിലെ സമുന്നതമായ ഒരു യൂണിവേഴ്‌സിറ്റിയില്‍ ഉയര്‍ത്താന്‍ മാത്രത്തില്‍ പരിതാപകരമായോ വിദ്യാര്‍ത്ഥികളുടെ മാനസിക നിലയെന്നും മമത പിന്നീട് ചോദിച്ചതും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എസ്എഫ്ഐക്കാരെ തേടി എത്തുകയാണ്. ഓക്സ്ഫോഡിലെ വേദി രാഷ്ട്രീയം പറയാനുള്ളതല്ലെന്നും നിങ്ങള്‍ പഠിക്കുന്ന സര്‍വ്വകലാശാലയെ തന്നെയാണ് അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നത് എന്നും മമത തുറന്നടിക്കാനും തയ്യാറായി.
പലസ്തീന്‍ സംഘര്‍ഷ സമയത്തു യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ ഒരു കൊടി പോലും ഉയര്‍ത്താന്‍ അനുവദിക്കാതെ ശക്തമായ നടപടിയെടുത്ത യുകെ സര്‍ക്കാര്‍ ഭാവിയില്‍ സര്‍വകലാശാലകളില്‍ ഭാവിയില്‍ കര്‍ശന രാഷ്ട്രീയ നിയന്ത്രണം ഏര്‍പ്പെടുത്താനും ഇപ്പോള്‍ എസ്എഫ്ഐ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാരണമാകും എന്നും ബംഗാളികളായ ഓക്സ്ഫോര്‍ഡിലെ വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയില്‍ മമതയ്ക്ക് പിന്തുണ നല്‍കി പ്രതിഷേധം അറിയിക്കുന്നുണ്ട്. മമത ഗോ ബാക് എന്ന മുദ്രാവാക്യം വിളി ഉയര്‍ന്നെങ്കിലും പഴയ തീപ്പൊരി തന്നെയാണ് താന്‍ ഇന്നും എന്ന് തെളിയിക്കുന്ന നിലയിലായിരുന്നു മമത മറുപടി പ്രസംഗം.
മമത എസ്എഫ്ഐക്കാരെ നേരിട്ടത് ബംഗാള്‍ കടുവയെ പോലെയെന്ന് മാധ്യമങ്ങള്‍
യുകെയിലെ ബംഗാളികള്‍ കൂടി ഈ വിഷയത്തില്‍ ചേര്‍ന്നപ്പോള്‍ എസ്എഫ്ഐ ലേബലില്‍ എത്തിയവര്‍ക്ക് മറുപടി പറയാനാകാത്ത വിധമുള്ള ആക്ഷേപങ്ങള്‍ നിറയുകയാണ് മാധ്യമലോകത്തും. അതിനിടെ മമതയെ നേരിട്ട് വെല്ലുവിളിക്കുന്ന ബിജെപിക്കാര്‍ യുകെയില്‍ നടന്ന പ്രതിഷേധത്തില്‍ ഹിന്ദു കുട്ടികളുടെ വികാരമാണ് പ്രതിഫലിക്കുന്നതെന്നും പ്രതിഷേധത്തില്‍ തങ്ങളും ഉണ്ടായിരുന്നു എന്ന് അവകാശപ്പെട്ടതോടെ സിപിഎം - ബിജെപി കൂട്ടുകെട്ടില്‍ നടന്ന പ്രതിഷേധമാണോ യുകെയില്‍ മമതയെ നേരിട്ടത് എന്നും ചോദ്യം ഉയരുകയാണ്. സിപിഎം സ്‌പോണ്‍സേര്‍ഡ് പ്രതിഷേധമാണ് യുകെയില്‍ എസ്എഫ്ഐ യുടെ പേരില്‍ നടന്നതെങ്കില്‍ ഈ കൊടിയുമായി നേരെ ബംഗാളിലേക്ക് വാ, അവിടെ വന്നു ഉശിരു കാണിക്കൂ എന്ന മമതയുടെ വെല്ലുവിളിക്ക് ഇന്ത്യന്‍ മാധ്യമ ലോകം നല്‍കുന്ന വിശേഷണം മമത തനി ബംഗാള്‍ കടുവയെ പോലെ ഉശിരു കാണിച്ചു എന്നാണ്.
മാത്രമല്ല മുപ്പതു വര്‍ഷം മുന്‍പ് ബംഗാളില്‍ സിപിഎം തന്നെ ആക്രമിച്ചു വധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഏറ്റ പരുക്കുമായി ആശുപത്രിയില്‍ തല നിറയെ ബാന്‍ഡേജുമായി കിടക്കുന്ന ചിത്രവും ആയാണ് മമത യൂണിവേഴ്‌സിറ്റിയില്‍ എസ്എഫ്ഐക്കാരെ നേരിട്ടത്. പ്രതിഷേധം നടത്തും എന്ന് എസ്എഫ്‌ഐക്കാര്‍ നേരത്തെ സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയതിനാല്‍ മമത കരുതിക്കൂട്ടി തന്നെയാണ് യൂണിവേഴ്സിറ്റിയിലേക്ക് എത്തിയത് എന്നും വ്യക്തം. അക്കാരണത്താല്‍ പ്രതിഷേധക്കാരെ നേരിടാന്‍ വേണ്ടിയാണു പഴയ ആക്രമണത്തിന്റെ ചിത്രം കയ്യില്‍ കരുതിയതെന്നും വിലയിരുത്തപ്പെടുന്നു. ഇതാണ് മമതയ്ക്ക് യുകെയില്‍ ബംഗാള്‍ കടുവയെ പോലെ എസ്എഫ്ഐക്കാരെ നേരിടാനായി എന്ന മാധ്യമ വിശേഷണത്തിന്റെ പിന്നിലുള്ളത്.