'കേരളം ഭരിക്കുന്നത് ഞങ്ങളാണ്, കാവില്‍ കയറി കളിച്ചാല്‍ സ്റ്റേഷനില്‍ ഒരൊറ്റ പോലീസുകാരും കാണില്ല'; സഖാക്കളുടെ ഭീഷണി വെറുതേയായില്ല! തലശ്ശേരിയില്‍ ക്ഷേത്രോത്സവത്തിനിടെ പോലീസിനെ ആക്രമിച്ച സിപിഎമ്മുകാര്‍ക്കെതിരെ കേസെടുത്ത എസ്.ഐമാര്‍ തെറിച്ചു; സ്ഥലം മാറ്റി ഉത്തരവിറക്കി ആഭ്യന്തര വകുപ്പ്

സിപിഎമ്മുകാര്‍ക്കെതിരെ കേസെടുത്ത എസ്.ഐമാര്‍ തെറിച്ചു

Update: 2025-03-12 14:33 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ തലശേരി നഗരസഭയില്‍ ഇല്ലത്ത് താഴെ മണോണിക്കാവ് ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായി പൊലിസിന്റെ കൃത്യനിര്‍വഹണം തടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സി.പി.എമ്മുകാര്‍ക്കെതിരെ കേസെടുത്ത പൊലിസ് ഉദ്യോഗസ്ഥന്‍മാരെ ആഭ്യന്തര വകുപ്പ് സ്ഥലം മാറ്റി. തലശേരി ടൗണ്‍എസ്.ഐമാരായ ടി.കെ അഖില്‍. വി. വിദീപ്തി എന്നിവരെയാണ് അച്ചടക്കനടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയത്.

ദീപ്തിയെ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനിലേക്കും അഖിലിനെ കൊളവല്ലൂരിലേക്കുമാണ് സ്ഥലം മാറ്റിയത്. പകരം കണ്ണൂര്‍ ടൗണ്‍ എസ്.ഐ പി.പി ഷമീലിനെയും കൊളവല്ലൂര്‍ എസ്.ഐ.പി. വി പ്രശോഭിനെയും തലശേരിയില്‍ നിയമിച്ചു. മയ്യില്‍ എസ്. ഐ പ്രശോഭിനെ ന്യു മാഹിയിലും സൈബര്‍ എസ് ഐ സജേഷ് സി. ജോസിനെ ചക്കരക്കല്ലിലേക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 19നായിരുന്നു തലശേരി മണോളി കാവില്‍ ഉത്സവ സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. 'കാവിലെ എഴുന്നെള്ളിപ്പിനിടെ സി.പി.എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് ബി.ജെ.പി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ ഇരു വിഭാഗവും ഏറ്റുമുട്ടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ തലശേരി ടൗണ്‍എസ് ഐ ടി.കെ അഖിലും സംഘവുമായി സി.പി.എം പ്രവര്‍ത്തകര്‍ ഉന്തുംതള്ളുമുണ്ടാക്കി. സി.പി.എം പ്രവര്‍ത്തകരെ തൊട്ടുകളിക്കുന്ന ഒരുത്തനും തലശേരി സ്റ്റേഷനിലുണ്ടാവില്ലെന്ന് സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുകയും ചെയ്തു.

'കേരളം ഭരിക്കുന്നത് ഞങ്ങളാണ്, കാവില്‍ കയറി കളിക്കണ്ട, കാവില്‍ കയറി കളിച്ചാല്‍ സ്റ്റേഷനില്‍ ഒരൊറ്റ പോലീസുകാരും കാണില്ല' എന്ന് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതിനെത്തുര്‍ന്ന് അവര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിറ്റേ ദിവസം ഈ കേസിലെ പ്രതികളെ അറസ്റ്റുചെയ്യുന്നതിനാണ് വി.വി ദീപ്തിയും സംഘവുമെത്തിയത്. പൊലിസിനെ അക്രമിച്ച കേസിലെ പ്രതിയും സി.പി.എം പ്രവര്‍ത്തകനുമായ ലിപി നെ ബലപ്രയോഗത്തിലൂടെ വാഹനത്തില്‍ കയറ്റുന്നതിനിടെ സി.പി.എം പ്രവര്‍ത്തകര്‍ റോഡിലേക്കുള്ള ഗേറ്റ് അടച്ചു വാഹനം കടത്തിവിടാതെ ലിപിനെ മോചിപ്പിച്ചു.

ഈ സംഭവത്തില്‍ 80 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. ഇതിലെ പ്രതികളെ ഓരോരുത്തരെയായി പിടി കൂടുന്നതിനിടെയാണ് സ്ഥലമാറ്റത്തില്‍ തലശേരിയിലെ രണ്ടു പൊലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടത്. പൊലിസ് നടപടിയില്‍ സി.പി.എം പ്രാദേശികനേതാക്കള്‍ക്ക് ആഭ്യന്തര വകുപ്പിനെതിരെ കടുത്ത എതിര്‍പ്പുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും വിമര്‍ശിച്ചുകൊണ്ട് പാര്‍ട്ടി അനുഭാവികള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി തലത്തില്‍ നടപടിയുണ്ടായതെന്നാണ് സൂചന.

എന്നാല്‍ മണോളിക്കാവില്‍ നടന്ന ഏറ്റുമുട്ടലിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു സി.പി.എം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. വ്യക്തിപരമായ ഏറ്റുമുട്ടലാണ് നടന്നതെന്നും പൊലിസിനെ കുറിച്ച് പാര്‍ട്ടിക്ക് യാതൊരു പരാതിയുമില്ലെന്നാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ നീതി നിര്‍വഹണം നടത്തിയ പൊലിസുകാര്‍ക്കെതിരെ പാര്‍ട്ടി തന്നെ സര്‍ക്കാരിനെ കൊണ്ടു നടപടിയെടുപ്പിച്ചിരിക്കുകയാണ്.

Tags:    

Similar News