ക്രിസ്മസ് ആഘോഷങ്ങളും വേഷവിധാനങ്ങളും പാടില്ലെന്ന് പറയുന്നത് ഭരണഘടനയ്ക്കെതിരായ പ്രവര്‍ത്തനം; 'നിര്‍ബന്ധിത മതപരിവര്‍ത്തനമായി കണ്ടാണ് ഇതിനെ ചിലര്‍ എതിര്‍ക്കുന്നത്'; വിമര്‍ശനവുമായി മാര്‍ ആന്‍ഡ്രൂസ് താഴത്ത്
ക്രിസ്മസ് ആഘോഷങ്ങളും വേഷവിധാനങ്ങളും പാടില്ലെന്ന് പറയുന്നത് ഭരണഘടനയ്ക്കെതിരായ പ്രവര്‍ത്തനം
തൃശൂര്‍: ക്രിസ്മസ് ആഘോഷങ്ങള്‍ പാടില്ലെന്ന് പറയുന്നത് ശരിയായ നിലപാടല്ലെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റും തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരെ തൃശൂര്‍ അതിരൂപതയും കത്തോലിക്ക കോണ്‍ഗ്രസും തൃശ്ശൂരില്‍ നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രിസ്മസ് ആഘോഷങ്ങളും സന്ദേശങ്ങളും വേഷവിധാനങ്ങളും പാടില്ലെന്ന് പറയുന്നത് ഭരണഘടനയ്ക്കെതിരെയും ഭാരതത്തിന്റെ ആത്മാവിനെതിരെയുമുള്ള പ്രവര്‍ത്തനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതൊരു മതത്തിലും വിശ്വസിക്കാനും ജീവിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന അടിസ്ഥാനപ്രമാണമായി നല്‍കിയിട്ടുള്ളതാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനമായി കണ്ടാണ് ഇതിനെ ചിലര്‍ എതിര്‍ക്കുന്നത്.
തീവ്രവാദികള്‍ നടത്തുന്നതെന്ന് പറഞ്ഞ് അധികാരത്തിലിരിക്കുന്നവര്‍ നിഷ്‌ക്രിയത്വവും മൗനവും പാലിക്കുന്നത് ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ക്രിസ്മസിനെയും ക്രിസ്ത്യാനികളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കൃത്യമായി പറയേണ്ടതുണ്ട്. രാഷ്ട്രനിര്‍മിതിയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയിട്ടുള്ളത് ക്രൈസ്തവരാണ്. ഇത് മറക്കുന്നതും മൗനം പാലിക്കുന്നതും തീവ്രവാദികളെന്ന് പറയുന്നവരെ പ്രോത്സാഹിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ അധ്യക്ഷനായ പ്രതിഷേധ പരിപാടിയില്‍ കല്‍ദായസഭ മെത്രാപ്പോലീത്ത മാര്‍ ഔഗിന്‍ കുര്യാക്കോസ്, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, വികാരി ജനറാള്‍മാരായ ജെയ്‌സണ്‍ കൂനംപ്ലാക്കല്‍, ജോസ് കോനിക്കര, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് കെ എം ഫ്രാന്‍സിസ്, ഷിന്റോ മാത്യു, ഡോ. ജോബി കാക്കശ്ശേരി എന്നിവര്‍ സംസാരിച്ചു.
കഴിഞ്ഞ ദിവസം ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തി ദീപിക മുഖപ്രസംഗവും എഴുതിയരുന്നു. ഗോള്‍വള്‍ക്കര്‍ മുതല്‍ മോഹന്‍ ഭാഗവത് വരെ ഹിന്ദുരാഷ്ട്രത്തിനുവേണ്ടി എഴുതിയതും പ്രസംഗിച്ചതുമൊക്കെ ലക്ഷ്യം കാണാതെപോയത് നമ്മുടെ ഭരണഘടന കോട്ടപോലെ കവചമൊരുക്കിയതിനാലാണ്. പക്ഷേ, ആ കോട്ടയുടെ കാവല്‍ക്കാരാകേണ്ടിയിരുന്ന ഭരണകൂടത്തിന്റെ നിശബ്ദത, തടയപ്പെട്ടതിനെല്ലാം പിന്‍വാതില്‍ പ്രവേശനം നല്‍കുകയാണെന്ന് ദീപിക മുഖപ്രസംഗത്തില്‍ പറയുന്നുഎ.
ബി.ജെപി സര്‍ക്കാരുകള്‍ക്കു നിവേദനം നല്‍കിയതുകൊണ്ടു മാത്രംപ്രശ്‌നപരിഹാരം സാധ്യമല്ല. ക്രിസ്മസിനു വര്‍ഗീയവാദികള്‍ അഴിച്ചുവിട്ട അക്രമങ്ങളെല്ലാം ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങള്‍ക്കുമെതിരാണ്. ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.
11 വര്‍ഷത്തെ ബിജെപി ഭരണത്തില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണം പുതിയ സംഭവമല്ല. ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ പ്രധാനമന്ത്രിയുടെ മൗനവും പുതിയതല്ല. ബിജെപി സര്‍ക്കാരുകള്‍ക്കു കൊടുക്കുന്ന നിവേദനങ്ങള്‍ അവഗണിക്കപ്പെടുന്നതും പുതിയ കാര്യമല്ല. ചേര്‍ത്തുവായിക്കുമ്പോള്‍ പരസ്പരബന്ധം ദൃശ്യമാണ്.
ഹിന്ദുത്വ വര്‍ഗീയവാദികള്‍ പുറത്ത് ക്രിസ്മസ് അലങ്കോലമാക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തപ്പോള്‍ പ്രധാനമന്ത്രി പള്ളിക്കുള്ളില്‍ പ്രാര്‍ഥിക്കാനെത്തിയത് ഈ രാജ്യത്തെ പൗരന്മാരെ കാണിക്കാനാകില്ല, ഒരു പക്ഷേ വിദേശരാജ്യങ്ങളിലെ ഭരണാധികാരികളെ കാണിക്കാനാകും. അല്ലായിരുന്നെങ്കില്‍ ആക്രമണങ്ങളെ അപലപിക്കുകയോ അതിനെതിരേ കര്‍ശന നിലപാട് സ്വീകരിക്കുകയോ ചെയ്യുമായിരുന്നു. എന്നുമാണ് ദീപിക എഡിറ്റോറിയലിലെ വിമര്‍ശനം.
