മാര്‍ത്തോമ്മ മെത്രാപ്പോലീത്തയ്ക്ക് കെപിസിസി പ്രസിഡന്റിനെ പരിചയപ്പെടുത്തിക്കൊടുക്കാന്‍ നേതാക്കളുടെ പട; മാര്‍ തിയഡോഷ്യസ് അകത്ത് കയറ്റിയത് കുര്യനെയും സണ്ണി ജോസഫിനെയും മാത്രം; വിഷ്ണുനാഥും മാങ്കൂട്ടത്തിലുമടക്കം പുറത്തു നിന്നു; രാഷ്ട്രീയ മോഹികളുടെ ഒരു സഭാ ഓപ്പറേഷന്‍ പൊളിഞ്ഞത് ഇങ്ങനെ

Update: 2025-07-13 09:50 GMT

തിരുവല്ല: തേച്ചു വടിയാക്കിയ ഖദറും ധരിച്ച് കൊച്ചുവെളുപ്പാന്‍ കാലത്ത് കെപിസിസി പ്രസിഡന്റിനെ മാര്‍ത്തോമ്മ മെത്രാപ്പോലീത്തയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ അരമനയിലേക്ക് തള്ളിക്കയറിയ കോണ്‍ഗ്രസ് പടയ്ക്ക് തിരിച്ചടി. കെപിസിസി പ്രസിഡന്റിനൊപ്പം പ്രഫ. പി.ജെ. കുര്യനെ മാത്രമാണ് മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്ത തന്റെ സ്വകാര്യ മുറിയിലേക്ക് ക്ഷണിച്ചത്. തിരുമേനിയുടെ സ്വന്തം ആളാണ് താനെന്ന് മേനി നടിച്ച് വരുന്ന പഞ്ചായത്ത്-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സീറ്റ് ലക്ഷ്യമിട്ട് ഇടിച്ചു നിന്ന നേതാക്കള്‍ക്ക് പുറമേ കാത്തു നിന്ന് കാലിന് നീരു വച്ചുവെന്നാണ് സംസാരം!

മാര്‍ത്തോമ്മാ സഭയ്ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചില നേതാക്കളോടും എത്രമാത്രം താല്പര്യം ഉണ്ടെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് നടത്തിയ അരമന സന്ദര്‍ശനം. മാരാമണ്‍ കണ്‍വന്‍ഷന് പ്രസംഗിക്കാന്‍ ഉടുപ്പ് തയ്പിച്ച് ഇരുന്ന പ്രതിപക്ഷ നേതാവിനെ കണ്ടം വഴി ഓടിക്കുകയും മൂന്ന് പുതിയ മെത്രാന്‍മാരെ വാഴിച്ച ചടങ്ങിനു ശേഷം നടന്ന അനുമോദന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കിയത് മുന്‍പ് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിനൊക്കെ പല കാരണങ്ങള്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ അഡ്വ സണ്ണി ജോസഫ് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാധ്യക്ഷന്‍ ഡോ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്തായെ തിരുവല്ലായില്‍ സഭ ആസ്ഥാനത്ത് സന്ദര്‍ശിച്ചിരുന്നു. രാവിലെ ഒന്‍പത് മണിക്ക് ഇരുവരുടെയും കൂടിക്കാഴ്ചക്കുള്ള ക്രമീകരണമായി. കെപിസിസി പ്രസിഡന്റായി ചുമതല ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് തിരുവല്ലയില്‍ സണ്ണി ജോസഫ് എത്തുന്നത്. നേരം വെളുക്കുന്നതിന് മുന്‍പ് തന്നെ നല്ല വടിവൊത്ത ഖദര്‍ധാരികളായ നേതാക്കളും അവരുടെ അനുയായികളും സഭയുടെ ആസ്ഥാനത്ത് കളം പിടിച്ചു. കാറുകള്‍ നിരനിരയായി വന്നു.

പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള കെപിസിസി, ഡിസിസി ഭാരവാഹികള്‍ മുതല്‍ ഭൂരിപക്ഷം നേതാക്കളും അരമനവാതിലില്‍ കാത്തു നിന്നു. ഇതിനിടയ്ക്ക് സീറ്റ് മോഹികളായ ചില കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളാണ് ഇവിടുത്തെ ക്രമീകരണങ്ങള്‍ എല്ലാം നടത്തിയതെന്ന് ഇടവേളയില്‍ തങ്ങളുടെ സംഭാഷണത്തില്‍ അണികളോടായി പറഞ്ഞ് കെപിസിസി പ്രസിഡന്റിനെ സ്വീകരിക്കാന്‍ സഭാ ആസ്ഥാനത്തെ പോര്‍ച്ചില്‍ മുന്‍പന്തിയില്‍ സ്ഥാനം പിടിച്ചു. പലരും പടം പിടിക്കാന്‍ അനുയായികളെ ഏര്‍പ്പാട് ചെയ്താണ് നിന്നത്.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനൊപ്പം മുന്‍ രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പ്രഫ പി ജെ കുര്യന്‍, കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, കെപിസിസി ഭാരവാഹികളായ പഴകുളം മധു, റിങ്കു ചെറിയാന്‍, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഡിസിസി പ്രസിഡന്റ് പ്രഫ സതിഷ് കൊച്ചുപറമ്പില്‍, റെജി തോമസ്, റെജി താഴമണ്‍, കോശി പി സക്കറിയ തുടങ്ങി ഡിസിസി ഭാരവാഹികള്‍, തിരുവല്ല മല്ലപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ ഈപ്പന്‍ കുര്യന്‍, എബി മേരക്കരിങ്ങാട് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

കെപിസിസി പ്രസിഡന്റിനൊപ്പം അരമന വാതില്‍ ഇടിച്ചു പൊളിക്കുന്ന വിധം തള്ളി ഇവരെല്ലാം അകത്ത് പ്രവേശിച്ചു തങ്ങളുടെ സ്ഥാനം പിടിച്ചു. ചില വിദ്വാന്‍മാര്‍ കെപിസിസി പ്രസിഡന്റിനെ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തായെ പരിചയപ്പെടുത്തുന്ന കര്‍ത്തവ്യം സ്വയം ഏറ്റെടുത്തു. ഒറ്റലക്ഷ്യം മാത്രം. തങ്ങളാണ് സഭയുടെ നടത്തിപ്പുകാരന്ന് കെപിസിസി പ്രസിഡന്റിനെ തെറ്റിദ്ധരിപ്പിച്ച് സ്ഥാനമാനങ്ങളും വരുന്ന തെരഞ്ഞെടുപ്പില്‍ സീറ്റും തരപ്പെടുത്തണം.

പക്ഷേ, കെപിസിസി പ്രസിഡന്റ് അഡ്വ സണ്ണി ജോസഫ്, മുതിര്‍ന്ന നേതാവായ പ്രഫ പി ജെ കുര്യന്‍ എന്നിവരെ മാത്രമാണ് മെത്രാ്േപ്പാലീത്ത ഉള്ളിലേക്ക്ക്ഷണിച്ചത്. ബാക്കി എല്ലാവരും പുറത്ത് നിന്നാല്‍ മതിയെന്ന് നിര്‍ദേശം വന്നു. എംഎല്‍എമാരായ പി സി വിഷ്ണുനാഥിനെയും രാഹുല്‍ മാങ്കൂകൂട്ടത്തിലിനെയും പോലും അകത്ത് നടന്ന കൂടിക്കാഴ്ചയില്‍ കയറ്റിയില്ല..

വെള്ളിടി വെട്ടിയത് പോലെ തോന്നി നേതാക്കള്‍ക്ക്. ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ കെപിസിസി ഭാരവാഹികളും ജില്ലക്കാരായ നടത്തിപ്പുകാരെല്ലാം വീണ്ടും പോര്‍ച്ചില്‍ നില്‍പ്പായി. മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുതിര്‍ന്ന നേതാവായ പ്രഫ പി ജെ കുര്യന്‍ മാത്രമാണ് അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതാണ് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്തായുടെ നിലപാട് എന്നും വെളിവായി. അവസാനം പുറത്ത് പോര്‍ച്ചില്‍ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയ്ക്കും കെപിസിസി പ്രസിഡന്റിനും ഒപ്പം ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്ത് നേതാക്കള്‍ മടങ്ങി.

Tags:    

Similar News