ചന്ദനമോഷണക്കേസില്‍ അന്വേഷണം വഴിമുട്ടിയപ്പോള്‍ നിരപരാധികളായ യുവാക്കളെ കുടുക്കി; ഉടുതുണി പോലും ഇല്ലാതെ വെള്ളത്തില്‍ നിര്‍ത്തി ക്രൂരമര്‍ദ്ദനം; സ്വകാര്യ ഭാഗത്തെ രോമങ്ങള്‍ പറിച്ചും മുളകുപൊടി തേച്ചും രസിച്ചു; പ്രതിഭാഗം അഭിഭാഷകന് ചന്ദനമാഫിയ ബന്ധം എന്ന് കുപ്രചാരണം; ജാമ്യം കൊടുത്ത മജിസ്‌ട്രേറ്റിന് എതിരെ പരാതി; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മൃഗയാ വിനോദങ്ങള്‍ ഇങ്ങനെ
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മൃഗയാ വിനോദങ്ങള്‍ ഇങ്ങനെ
മറയൂര്‍: 1961ലെ കേരള വനനിയമം ഭേദഗതി ചെയ്യുന്നതില്‍ വലിയ ആശങ്ക ഉയര്‍ന്നതോടെയാണ് ആ നീക്കം പിണറായി സര്‍ക്കാര്‍ ഉപേക്ഷിച്ചത്. വനത്തിനുള്ളില്‍ കടന്നാല്‍ പിഴ 25000, മീന്‍ പിടിക്കുന്നതും കന്നുകാലികളെ മേയ്ക്കുന്നതും കുറ്റം എന്നിങ്ങനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നതായിരുന്നു ഭേദഗതി. ഹൈറേഞ്ചിലെ കുടിയേറ്റ കര്‍ഷകര്‍ വലിയ ആശങ്ക പ്രകടിപ്പിക്കുകയും, അത് പ്രതിപക്ഷം ഏറ്റെടുത്ത് ജനകീയ പ്രക്ഷോഭമായി മാറുകയും ചെയ്യുന്നത് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ സാഹസത്തില്‍ നിന്ന് പിന്മാറിയത്. വനംനിയമഭേദഗതി നടപ്പില്‍ വന്നില്ലെങ്കില്‍ പോലും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പലപ്പോഴും അമിതാധികാരം കാണിക്കുന്നുവെന്ന പരാതികള്‍ ഉയരുന്നുണ്ട് അത്തരമൊരു ക്രൂര സംഭവമാണ് മറയൂരില്‍ ഉണ്ടായത്.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അവരുടെ സവിശേഷമായ അധികാരമുപയോഗിച്ച് വനാതിര്‍ത്തിയില്‍ താമസിക്കുന്നവരോട് വിട്ടുവീഴ്ചയില്ലാതെ പെരുമാറുന്നതിന്റെ ഉദാഹരണമാണ് മറയൂരിലെ നാച്ചിവയലില്‍ സംഭവിച്ചത്. ഉദ്യോഗസ്ഥരുടെ ക്രൂരതയ്ക്ക് ഇരയായ ഒരുപറ്റം ചെറുപ്പക്കാരുടെ അനുഭവ കഥ കൂടിയാണിത്.
2024 നവംബറില്‍, മറയൂര്‍ ചന്ദന ഡിവിഷനിലെ നാച്ചിവയല്‍ റിസര്‍വില്‍ നിന്നു 4 ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയതാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് കുറച്ച് യുവാക്കളെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരു തെളിവും ഇല്ലാതെയാണ് ഇവരെ കേസില്‍ കുടുക്കിയത് എന്നാണ് ആക്ഷേപം. പിടിയിലായവരില്‍ ചിലരുടെ പേരില്‍ ചില ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന പേരിലാണ് വനം വകുപ്പ് ഇവരെ അറസ്റ്റ് ചെയ്തത്. 9 പ്രതികള്‍ 20 ദിവസത്തോളം റിമാന്‍ഡിലായിരുന്നു. കുറച്ചുപേര്‍ പിന്നീട് കീഴടങ്ങുകയായിരുന്നു. ആകെ 14 പേരാണ് അറസ്റ്റിലായത്. ഇതില്‍ ഒരാള്‍ ഒഴികെ മറ്റുള്ളവര്‍ക്കെല്ലാം സമീപകാലത്ത് ജാമ്യം കിട്ടി. ഇതോടെ സ്ഥിതിഗതികള്‍ ആകെ മാറി.
പിടിയിലായവര്‍ ചന്ദനം മോഷ്ടിച്ചു എന്നതിന് ഒരുതെളിവും വനം വകുപ്പിന്റെ കയ്യില്‍ ഇല്ല. പ്രതികള്‍ കുറ്റം സമ്മതിച്ചു, കാട്ടില്‍ നിന്ന് കണ്ടെത്തി എന്ന പതിവ് ന്യായം മാത്രമാണ് വകുപ്പ് നിരത്തിയത്. ഇതിന് പുറമേ പ്രതികളെന്ന് ആരോപിക്കപ്പെട്ടവരെ ഭീകരമായി മര്‍ദ്ദിച്ചെന്നും ആരോപണമുണ്ട്. പ്രതികളുടെ രഹസ്യഭാഗത്തെ രോമങ്ങള്‍ വരെ പറിച്ചെടുത്തെന്നും രഹസ്യഭാഗത്ത് മുളക് തേച്ചെന്നും ആരോപണമുണ്ട്.
ശരത് എന്ന പ്രതി ദുരനുഭവം വിവരിക്കുന്നത് ഇങ്ങനെ:
'അഞ്ചുദിവസം ഞങ്ങളെ കൊണ്ടുപോയി മറയൂര്‍ നാച്ചിവയലിലെ ഫോറസ്റ്റ് സ്‌റ്റേഷന്റെ സെല്ലില്‍ അടച്ചു. സെല്ലില്‍, നിന്നുപോലും ഞങ്ങളെ പുറത്തിറക്കിയില്ല. സെല്ലില്‍ ഇട്ടുതന്നെ ഈ അഞ്ചുദിവസം, സെല്ലിനകത്ത് വെള്ളം നിറച്ച് അതിനകത്ത് ഉടുതുണി പോലും ഇല്ലാണ്ട് ഇട്ട്, ഈ അഞ്ചുദിവസവും രാത്രി 12 മണി മുതല്‍ 5 മണി വരെ ക്രൂരമായ മര്‍ദ്ദനമായിരുന്നു. മുട്ടുകുത്തിച്ച് ക്രൂരമായ മര്‍ദ്ദനമായിരുന്നു. ഉള്ളംകാല് വരെ അടിച്ച് പൊളിച്ചാണ് അവര് കോടതിയില്‍ ഹാജരാക്കിയത്. സ്വകാര്യ ഭാഗത്തെ രോമം വരെ പിടിച്ചുവലിക്കുകയാണ് അവര് ചെയ്യുന്നത്. സ്വകാര്യ ഭാഗത്ത് മുളക് പൊടി തേയ്ക്കുകയും ചെയ്തു. വീട്ടുകാരെയൊക്കെ ചെവി കൊണ്ട് കേള്‍ക്കാന്‍ പറ്റാത്ത രീതിക്കാണ് പറയുന്നത്.
സെല്ലില്‍ ഇത്രയും മര്‍ദ്ദിച്ചിട്ട്, കോടതി ഉത്തരവില്ലാണ്ട്, 30 ലേറെ ഫോറസ്റ്റുകാര്, ഞാന്‍ 26 വര്‍ഷമായി ജനിച്ചുവളര്‍ന്ന സ്ഥലത്ത് ആ ടൗണില്‍ കൂടെ അര-മുക്കാല്‍ കിലോമീറ്റര്‍ ഇത്രയും ഫോറസ്റ്റ്കാര് ഞങ്ങളെ ഉടുതുണി പോലും ഉടുക്കാന്‍ വയ്യാണ്ട് കയ്യില്‍ വിലങ്ങിട്ട് നടത്തിച്ചു. വൈഫിനെയും അമ്മയെയും കൂട്ടി അമ്പലത്തില്‍ പോലും പോകാന്‍ പറ്റാത്ത സിറ്റുവേഷനാക്കി. മറയൂരില്‍ നില്‍ക്കാതെ വൈഫിന്റെ വീട്ടില്‍ വന്ന് മൂന്നാറിലാണ് ഞാന്‍ നില്‍ക്കുന്നത്.'
പിന്നീട് അടിമാലി കോടതിയിലെ അഡ്വ മാന്‍സണ്‍ തോമസ് ഈ യുവാക്കളുടെ വക്കാലത്ത് ഏറ്റെടുത്തു. കോടതിയില്‍ വനംവകുപ്പിന്റെ ഭീകരചെയ്തികള്‍ ബോധിപ്പിച്ചു. ഇതോടെ അഭിഭാഷകന് ചന്ദന മാഫിയയുമായി ബന്ധം എന്ന രീതിയില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഒരാളെ പിടിച്ചിട്ട്, ഈ അഭിഭാഷകന്‍ പ്രതികളോട് മരം മുറിക്കാന്‍ പറയുന്നത് താന്‍ കേട്ടു എന്ന പേരില്‍ കള്ളപ്പരാതി ഡിഎഫ്ഒ എഴുതിയെടുത്തു.ഡിഎഫ്ഒയുടെ കസ്റ്റഡിയില്‍ നിന്ന് പുറത്തുവന്നയാള്‍ അപ്പോള്‍ തന്നെ വിവരം അഭിഭാഷകനെ അറിയിച്ചു. അഭിഭാഷകന്‍, ഡിഎഫ്ഒക്കെതിരെ മറയൂര്‍ പൊലിസില്‍ പരാതി കൊടുത്തു.
അഡ്വ.മാന്‍സന്‍ തന്റെ അനുഭവം വിശദീകരിക്കുന്നത് ഇങ്ങനെ:
'നിരപരാധികളായ ആളുകളെ കേസില്‍ കുടുക്കി, അവരുടെ പേരില്‍, വളരെയധികം കേസുകള്‍ ചുമത്താനും, ചുമത്താന്‍ ശ്രമിക്കുകയും ചെയ്തത് ഒരിക്കലും നമുക്ക് അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല. ഇതിലേറ്റവും രസകരമായ സംഭവം, ഈ കേസിലെ പ്രതിഭാഗം അഭിഭാഷകനായ എനിക്ക് എതിരെ കോടതിയില്‍ ഹാജരായ വ്യക്തി, റിമാന്‍ഡ് ആപ്ലിക്കേഷനില്‍, ദേവികുളം കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുന്ന അഭിഭാഷകന് പ്രതികളുമായി വര്‍ഷങ്ങളായി ബന്ധമുണ്ടെന്നും, ചന്ദനക്കടത്തിന് അഭിഭാഷകനും ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ട് നല്‍കി. അതിന്റെ അര്‍ഥം നാളെ ഇവര്‍ അഭിഭാഷകര്‍ക്ക് നേരേയും തിരിയാനുള്ള സാധ്യതയുണ്ടെന്നാണ്. കാരണം ഇവര്‍ക്ക് ആരെയും എപ്പോള്‍ വേണമെങ്കിലും പ്രതിയാക്കാം, ആരെയും എപ്പോള്‍ വേണമെങ്കിലും ചോദ്യം ചെയ്യാം എന്നുള്ളൊരു അവസ്ഥയിലേക്ക് വന്നിരിക്കുകയാണ്. മാത്രമല്ല, തുടര്‍ന്ന്, ഇവര്‍ അഭിഭാഷകന്‍ പ്രതികളോട് ചന്ദനം വെട്ടാന്‍ പറയുന്നത് കേട്ടു എന്നുപറയുന്നതായി മറയൂരുള്ള യുവാവിനെ കൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റേറ്റ്‌മെന്റ് എഴുതി വാങ്ങി. ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നിറങ്ങിയ യുവാവ് കുറ്റബോധം കൊണ്ടാണെന്ന് തോന്നുന്നു, ഓടി എന്റെടുത്ത് വന്ന് സാറേ എനിക്ക് ഇങ്ങനെയൊരു അബദ്ധം പറ്റി , ഡിഎഫ്ഒയും റേഞ്ച് ഓഫീസറും കൂടി ഭീഷണിപ്പെടുത്തി, ഇങ്ങനെയൊരു സ്റ്റേറ്റ്‌മെന്റ് എഴുതി വാങ്ങിയിട്ടുണ്ട്, അതിലെന്തെങ്കിലും ചെയ്യണമെങ്കില്‍ ഞാന്‍ ചെയ്യാന്‍ തയ്യാറാണ് എന്ന് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച തന്നെ ഞാന്‍ മുകേഷ് എന്ന വ്യക്തിയെ കൊണ്ട്് മറയൂര്‍ പൊലിസില്‍ പരാതി നല്‍കി.
പ്രതികളുടെ അഭിഭാഷകനായ ഞാന്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് ഞാന്‍ അവരുടെ ശത്രുവായി. കാരണം എന്താണെന്ന് വച്ചാല്‍, സാധാരണഗതിയില്‍ പ്രതികള്‍ക്ക് രണ്ടിടി ഒക്കെ കിട്ടിയാല്‍ അതുപോട്ടെ എന്നാണ് സാധാരണ അഭിഭാഷകര്‍ പറയാറുള്ളത്. പക്ഷേ ഇവര്‍ക്ക് നേരിട്ട പീഡനമുറകള്‍ കേട്ടപ്പോള്‍, ഒരുമനുഷ്യനും സഹിക്കാന്‍ പറ്റുന്നതല്ല.'
അതിനിടെ പ്രതികള്‍ക്ക് ജാമ്യം കിട്ടുക കൂടി ചെയ്തതോടെ, വനം വകുപ്പ് ഡിഎഫ്ഒ അടക്കമുളള ഉദ്യോഗസ്ഥര്‍ക്ക് ആകെ ക്ഷീണമായി. അതോടെ ജാമ്യം കൊടുത്ത മജിസ്‌ട്രേറ്റിന് എതിരെ ഡിഎഫ്ഒ തിരിഞ്ഞു. മജിസ്‌ട്രേറ്റിന് ചന്ദന മാഫിയയുമായി ബന്ധം എന്നുപറഞ്ഞ്, ഡിഎഫ്ഒ വാര്‍ത്താ സമ്മേളനം നടത്തുകയും മജിസ്‌ട്രേറ്റിന് എതിരെ പരാതി കൊടുക്കുകയും ചെയ്തു. ചന്ദനമോഷണക്കേസ് അന്വേഷണം, ദേവികുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ ഇടപെടല്‍മൂലം വഴിമുട്ടിയെന്നാരോപിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്കുമെന്നാണ് ഡി.എഫ്.ഒ. പി.ജെ.സുഹൈബ് കഴിഞ്ഞ മാസാവസാനം അറിയിച്ചത്. മുന്‍പ് പിടികൂടിയ ശിവ എന്ന ശരത്ത്, മനോജ് കുമാര്‍, രാജേഷ് കുമാര്‍ എന്നീ പ്രതികള്‍, തങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ മര്‍ദിച്ചെന്ന് ദേവികുളം മജിസ്‌ട്രേറ്റിന് മൊഴി നല്കിയിരുന്നു. തുറന്ന കോടതിയില്‍ ഇത് പറയാതിരുന്ന പ്രതികള്‍, മജിസ്‌ട്രേറ്റിന്റെ ചേംബറിലെത്തിയാണ് ഇതുസംബന്ധിച്ച മൊഴി നല്‍കിയതെന്നും വനംവകുപ്പ് ആരോപിച്ചു. വൈദ്യപരിശോധനയ്ക്ക്, പ്രതിഭാഗം അഭിഭാഷകന്റെ കാറില്‍ കൊണ്ടുപോകാന്‍ മജിസ്‌ട്രേറ്റ് അനുമതി നല്‍കിയെന്നും വനംവകുപ്പ് ആരോപിച്ചിരുന്നു.
ഒരുകേസിന്റെ മെറിറ്റ് പരിശോധിച്ച ജാമ്യം കൊടുത്തതിന്റെ പേരില്‍, മജിസ്‌ട്രേറ്റിന് എതിരെ പരാതി കൊടുക്കുന്ന വിചിത്ര സംഭവമാണ് ഉണ്ടായത്. മജിസ്‌ട്രേറ്റ് പോലും ഇപ്പോള്‍ പ്രതിയാകുന്ന അവസ്്ഥയിലാണ്. വനംവകുപ്പിന്റെ ക്രൂരതയ്ക്ക് എതിരെ നിലപാട് സ്വീകരിച്ചാല്‍, ജാമ്യം കൊടുത്താല്‍, പണി തെറിക്കുന്ന അവസ്ഥയിലേക്ക് മജിസ്‌ട്രേറ്റ് പോലും എത്തുകയാണ്. അതേസമയം, ചന്ദ്‌നമോഷണം ആരോപിച്ച് വനം വകുപ്പ് ഒരു തെളിവുമില്ലാതെ ഗ്രാമത്തിലെ യുവാക്കളെ പ്രതികളാക്കി അവരെ വേട്ടയാടുകയാണ്. വനം നിയമഭേദഗതി കൂടി വന്നിരുന്നെങ്കില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തനി ഗൂണ്ടകളായി മാറിയേനെ എന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ അടക്കം പറയുന്നത്