പുരുഷന്‍ തന്റെ ഭാര്യയെ തന്നേപ്പോലെ സ്‌നേഹിക്കണം എന്ന് പ്രസംഗിച്ച മാരിയോ ജോസഫ്; ഭാര്യ ഭര്‍ത്താവിന് വിധേയപ്പെട്ട് ജീവിക്കണം എന്ന് പഠിപ്പിച്ച ജിജി മാരിയോയും; ഒടുവില്‍ ധ്യാന ദമ്പതികള്‍ സ്വന്തം വഴക്കുതീര്‍ക്കുന്നതിനിടെ സെറ്റ് ടോപ് ബോക്‌സ് കൊണ്ട് അടിയും കേസും; ക്രിസ്തുമതത്തില്‍ ആകൃഷ്ടനായി മതംമാറിയ മാരിയോ മുമ്പും വിവാദത്തില്‍

മാരിയോ മുമ്പും വിവാദത്തില്‍

Update: 2025-11-12 16:06 GMT

തൃശൂര്‍: ദാമ്പത്യ ജീവിതം സുന്ദരവും സമാധാനപരവുമാക്കാന്‍ ധ്യാന ക്ലാസുകള്‍ നടത്തി വരുന്ന മോട്ടിവേഷന്‍ പ്രഭാഷകരായ മാരിയോ ജോസഫും ഭാര്യ ജിജി മാരിയോയും തമ്മിലടിച്ച് കേസായത് ഇവരുടെ അനുയായികളെ ഞെട്ടിച്ചിരിക്കുകയാണ്. പുറമേ ശാന്തശീലരായ മാതൃകാ ദമ്പതികള്‍ എന്ന് വിശേഷിപ്പിക്കുന്നവ ഇവര്‍ അടിച്ചുപിരിഞ്ഞത് അവര്‍ക്ക് ഉള്‍ക്കൊള്ളാനും സാധിച്ചിട്ടില്ല. മാരിയോ ആന്‍ഡ് ജിജി ബ്ലോഗ് വഴി നല്ല കുടുംബജീവിതം നയിക്കാന്‍ ഉപദേശങ്ങള്‍ നല്‍കി വരുന്ന മാരിയോ ജോസഫിന് എതിരെ ഭാര്യ ജിജി അതിക്രമത്തിന് പരാതി നല്‍കിയിരിക്കുകയാണ്. ചാലക്കുടി പൊലീസ് ജിജി മാരിയോയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.

പുരുഷന്‍ തന്റെ ഭാര്യയെ തന്നേപ്പോലെ സ്‌നേഹിക്കണം എന്ന് പ്രസംഗിച്ച മാരിയോ ജോസഫും, ഭാര്യ ഭര്‍ത്താവിന് വിധേയപ്പെട്ട് ജീവിക്കണം എന്ന് പഠിപ്പിച്ച ജിജി മാരിയോയും തമ്മില്‍ നടന്ന അക്രമാസക്തമായ വഴക്കിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയരായ ഈ ദമ്പതികള്‍ ദാമ്പത്യ തകര്‍ച്ച നേരിടുന്ന നിരവധി പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി പ്രശസ്തരാണ്.

യുവാക്കള്‍ക്കും ദമ്പതികള്‍ക്കും വേണ്ടി ധ്യാനങ്ങള്‍ നടത്തി ശ്രദ്ധ പിടിച്ചുപറ്റിയവരാണ് മാരിയോ - ജിജി ദമ്പതിമാര്‍. കുടുംബ ജീവിതത്തിലെ വിഷയങ്ങള്‍ പരിഹരിക്കുന്ന കൗണ്‍സിലര്‍മാര്‍ എന്ന നിലയിലാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. ഫിലോകാലിയ എന്ന സംഘടനയിലൂടെ വര്‍ഷങ്ങളായി ധ്യാനങ്ങളും, നിര്‍ദ്ധനര്‍ക്ക് വീട് വെച്ച് കൊടുക്കുന്നതുള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തുന്നുണ്ട്. വയനാട് ദുരന്തബാധിതര്‍ക്ക് ഉള്‍പ്പടെ ഇവര്‍ വീടും വെച്ച് നല്‍കിയിട്ടുണ്ട്.

ക്രൈസ്തവമതത്തില്‍ ആകൃഷ്ടനായി മതംമാറ്റം

ഇസ്ലാം മതവിശ്വാസിയായിരുന്ന സുലൈമാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്തുമതത്തില്‍ ആകൃഷ്ടനായി മതം മാറി മാരിയോ ജോസഫ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. പിന്നീട് ജിജിയെ വിവാഹം കഴിച്ചു. മാരിയോയുടെ ചില പ്രഭാഷണങ്ങള്‍ മുന്‍പ് തന്നെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

കുടുംബജീവിതം, ദാമ്പത്യബന്ധം എന്നിവയെക്കുറിച്ച് ഓണ്‍ലൈനിലും അല്ലാതെയും ക്ലാസ്സുകളും വീഡിയോകളും അവതരിപ്പിച്ച് കൊണ്ടാണ് മാരിയോ ജോസഫും ജിജി മാരിയോയും പ്രശസ്തരായത്. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ധ്യാന പ്രഭാഷണങ്ങളോട് അടുത്തുനില്‍ക്കുന്ന ശൈലിയിലാണ് വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്. ഇവയുടെ സ്ഥിരം പ്രേക്ഷകരായി ഒട്ടേറെ ആളുകള്‍ ഫോളോ ചെയ്യുന്നുമുണ്ട്.

അതേസമയം വിവരം പുറത്തായതിന് പിന്നാലെ വലിയ അധിക്ഷേപങ്ങളും പരിഹാസങ്ങളും ആണ് ഇരുവര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഉപദേശമല്ലാ ജീവിതമെന്ന് പലരും കുറിക്കുന്നു.

മാരിയോ ഭാര്യയുടെ തലയ്ക്കടിച്ചെന്നും, ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചെന്നും പരാതിയില്‍ പറയുന്നു. പിന്നാലെ ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. വഴക്കിനിടയില്‍ മാരിയോ ജോസഫ് സെറ്റ് അപ് ബോക്‌സ് എടുത്ത് തലയ്ക്ക് അടിക്കുകയും കയ്യില്‍ കടിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. വഴക്കിനിടെ തന്റെ 70000 രൂപയുടെ മൊബൈല്‍ നശിപ്പിച്ചെന്നും ജിജി ചാലക്കുടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബിഎന്‍എസ് 126 (2) പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

എഫ്ഐആറില്‍ പറയുന്നത് ഇങ്ങനെ:

പ്രൊഫഷണല്‍ പ്രശ്നങ്ങള്‍ കാരണം കഴിഞ്ഞ 9 മാസമായി അകന്നുജീവിക്കുകയായിരുന്നു ഭാര്യാ ഭര്‍ത്താക്കന്മാരായ പരാതിക്കാരിയും ഭര്‍ത്താവും. കുടുംബപ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനായി കഴിഞ്ഞ മാസം 25 ന് വൈകിട്ട് 5.30 ന് ഭര്‍ത്താവ് മാരിയോ ജോസഫിന്റെ വീട്ടില്‍ ഇരുന്ന് സംസാരിക്കവേയാണ് വാക്കേറ്റവും ദേഹോപദ്രവവും ഉണ്ടായത്. ദേഹോപദ്രവം ഏല്‍പ്പിക്കണം എന്ന ഉദ്ദശത്തോടെ മാരിയോ ജോസഫ് ടിവിയുടെ സെറ്റ്ടോപ്പ് ബോക്സ് എടുത്ത് ജിജിയുടെ തലയില്‍ അടിച്ചു. അതുകൂടാതെ ഇടതുകയ്യില്‍ കടിക്കുകയും തലമുടിയില്‍ പിടിച്ചുവലിക്കുകയും ചെയ്തു. ജിജിയുടെ കയ്യില്‍ ഇരുന്ന മൊബൈല്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചതിലൂടെ 70,000 രൂപയുടെ നഷ്ടം വരുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.

അതേസമയം വിഷയത്തില്‍ ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ അഞ്ജു പാര്‍വതി പ്രഭീഷ് രം ഗത്ത് വന്നു. കര്‍ത്താവിനെ വച്ച് കോടികള്‍ പിരിച്ച ടീമിന് ഒടുക്കം കര്‍ത്താവ് പണി കൊടുത്തുവെന്നാണ് അഞ്ജു പാര്‍വതിയുടെ പരിഹാസം

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ശൂ, ശൂ അത് അടിയും കൂമ്പിന് ഇടിയും അല്ലായിരുന്നു, മോട്ടിവേഷം കെട്ടുന്നത് എങ്ങനെയെന്നതിന്റെ മോക് ഡ്രില്‍ ആയിരുന്നു . നാട്ടുകാര്‍ക്ക് മുന്നില്‍ കെട്ടിയോനും കെട്ടിയോളും വക ടണ്‍ കണക്കിന് സാരോപദേശം. എന്നിട്ട് വീട്ടിനകത്ത് വന്നിട്ട് ക്വിന്റല്‍ പവര്‍ ഉള്ള ഇടി. ഇതെല്ലാം ചെയ്യുന്നതോ ആ പാവം കര്‍ത്താവിന്റെ നാമത്തിലും. ലോകത്തുള്ള സകലമാന ആണിനും പെണ്ണിനും കര്‍ത്താവിന്റെ നാമത്തില്‍ എങ്ങനെ നല്ല ദാമ്പത്യം നടത്താം എന്നായിരുന്നു സ്റ്റഡി ക്ലാസ്. ദാമ്പത്യ വ്യാജ ധ്യാന കേന്ദ്രം ട്യൂട്ടേഴ്സ്, അതായത് രമണാ, ജോജിയും ഞാനും അടിച്ച് പിരിഞ്ചു. ആ പാവം കര്‍ത്താവിനെ വച്ച് കോടികള്‍ പിരിച്ച ടീമിന് ഒടുക്കം കര്‍ത്താവ് പണി കൊടുത്തു.

മാരിയോ ജോസഫ്, ഭാര്യ ജിജി മാരിയോയെ തടിയില്‍ നിര്‍മ്മിച്ച ടീവി ബോക്‌സ് എടുത്ത് തലക്ക് അടിച്ചു വീഴ്ത്തി . അടി കൊണ്ട ഭാര്യ ആശുപത്രിയിലും അടി കൊടുത്ത ഭര്‍ത്താവ് പോലീസ് സ്റ്റേഷനിലും. ഇപ്പൊ ദൈവങ്ങള്‍ മൊത്തത്തില്‍ പണി കൊടുക്കുന്ന കാലം ആണെന്ന് തോന്നുന്നു. നിത്യയോഗിയായ അയ്യപ്പസ്വാമി ഒരു സൈഡില്‍ നിന്ന് കമ്മികള്‍ക്ക് പണി കൊടുക്കുന്നു. ഇപ്പോള്‍ ഒരു കവിളില്‍ തല്ലിയാല്‍ ഇപ്പുറത്തെ കവിളും കാണിച്ച് കൊടുക്കണം എന്ന് പറഞ്ഞിരുന്ന കര്‍ത്താവും പണി കൊടുക്കാന്‍ തുടങ്ങുന്നു. ഹല്ലേ, പിന്നെ ഒക്കെറ്റിനും ഒരു പരിധിയില്ലേ??

അപ്പൊ കുറച്ച് നാളത്തേയ്ക്ക് സ്വര്‍ഗ്ഗീയ ദാമ്പത്യ -സമ്പാദ്യ പദ്ധതി ആശൂത്രിയിലും ജയിലിലും ആയിട്ട് ഷെയര്‍ പോവും. മിക്കവാറും സമ്പാദ്യ പദ്ധതി മുന്നോട്ട് പോവാന്‍ വേണ്ടി കുറച്ചീസം കഴിഞ്ഞ് രണ്ടും മോട്ടിവേഷവുമായി വരും. എന്നിട്ട് പറയും അതെല്ലാം ചെകുത്താന്റെ കളികള്‍ ആയിരുന്നുവെന്ന്. അത് കേട്ട് വിശ്വസിക്കാനും ആളുകള്‍ ഉള്ളോണ്ട് അവരതിനും സ്‌തോത്രം പറയും. എന്നുമാണ് കുറിപ്പ്.

Full View


Tags:    

Similar News