ചെളിവാരിയെറിയുന്നവരും, ജിഹാദി പട്ടം നല്‍കാന്‍ കാത്തുനില്‍ക്കുന്നവരും; സുലൈമാനില്‍ നിന്ന് മാരിയോ ജോസഫ് ആയതോടെ കടന്നുപോയത് കടലുപോലുള്ള പ്രതിസന്ധികളിലൂടെ; ഇസ്സാം മതത്തിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല; അതിനുള്ള കാരണം തന്നെ ഉയിര്‍ത്തെഴുന്നേറ്റ യേശു; 'മൗദൂദി'എന്ന് വിളിക്കുന്നവരറിയാന്‍ മാരിയോയ്ക്ക് പറയാനുള്ളത്
'മൗദൂദി'എന്ന് വിളിക്കുന്നവരറിയാന്‍ മാരിയോയ്ക്ക് പറയാനുള്ളത്
തൃശ്ശൂര്‍: ദാമ്പത്യ ജീവിതം സുന്ദരവും സമാധാനപരവുമാക്കാന്‍ ധ്യാന ക്ലാസുകള്‍ നടത്തി വരുന്ന മോട്ടിവേഷന്‍ പ്രഭാഷകരായ മാരിയോ ജോസഫും ഭാര്യ ജിജി മാരിയോയും തമ്മിലടിച്ച് കേസായത് ഇവരുടെ അനുയായികളെ ഞെട്ടിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയരായ ദമ്പതികള്‍ ദാമ്പത്യ തകര്‍ച്ച നേരിടുന്ന നിരവധി പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി പ്രശസ്തരാണ്. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരാണ് ദമ്പതികള്‍.
ഇപ്പോഴിതാ, തന്റെ ജീവിതത്തെ കുറിച്ച് മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയോട് മനസ്സ് തുറന്നിരിക്കുകയാണ് മോട്ടിവേഷന്‍ പ്രഭാഷകനായ മാരിയോ ജോസഫ്. വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയ ജീവിതമാണ് മാരിയോ ജോസഫിന്റേത്. ഇസ്ലാംമത വിശ്വാസത്തില്‍ നിന്ന് ക്രൈസ്തവ വിശ്വാസത്തിലേക്ക് മാറിയ വ്യക്തിയാണ് മാരിയോ ജോസഫ്. ഏകദേശം മുപ്പത് വര്‍ഷമെങ്കിലും ആയിക്കാണും മതം മാറിയിട്ട്. 1996-ല്‍ ആണ് അദ്ദേഹം ക്രൈസ്തവ വിശ്വാസത്തിലേക്ക് മാറുന്നത്. ചിലരൊക്കെ പല രീതിയില്‍ വിമര്‍ശിച്ചപ്പോഴും ഒട്ടും തളരാതെ തന്നെ മുന്നോട്ട് പോയിരുന്നു. ജിഹാദി പട്ടം നല്‍കാന്‍ കാത്തുനില്‍ക്കുന്നവര്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു. അതിന്റെ പ്രധാന കാരണം തന്നെ ക്ലാസുകള്‍ എടുക്കുന്ന സമയങ്ങളില്‍ ചിലപ്പോള്‍ ഖുറാനില്‍ എന്താണ് ക്രിസ്തുമതത്തെ കുറിച്ച് പറഞ്ഞിട്ടുള്ളതെന്ന് എടുത്ത് പറയും. അപ്പൊ സുവിശേഷത്തിനിടയില്‍ ഖുറാന്‍ പഠിപ്പിച്ചു എന്നൊരു ആരോപണം ഉയരുകയും ചെയ്തു.
അതുപോലെ മോട്ടിവേഷന്‍ ക്ലാസുകള്‍ എടുക്കുമ്പോള്‍ മൂന്ന് മതക്കാരും കാണും. അന്നേരം മോട്ടിവേറ്റ് ചെയ്യാന്‍ അവരുടെ ഹോളി ബുക്കുകള്‍ അടയാളപ്പെടുത്തി സംസാരിക്കും അങ്ങനെ മൂന്ന് മതക്കാരും ഒന്നാണെന്ന് പറയാന്‍ ശ്രമിക്കുന്നത് തന്നെ തീവ്രവാദത്തിന്റെ ശ്രമമാണെന്ന് അവര്‍ പറഞ്ഞു. അങ്ങനെ കുറെ ആശയ കുഴപ്പങ്ങള്‍ ഉണ്ടായത് മുതലാണ് മാരിയോ ജോസഫിനെ 'മൗദൂദി'യെന്ന് വിളിക്കാന്‍ തുടങ്ങിയത്. 2018 മുതലാണ് ഈ ആരോപണം അദ്ദേഹം നേരിടാന്‍ തന്നെ തുടങ്ങിയത്. അന്ന് അമേരിക്കയില്‍ ഒരു പ്രാഗ്രാമിനായി പോവുകയും അവിടെയുള്ള ഒരു ബിഷപ്പ് പറഞ്ഞിട്ട്..
കേരളത്തില്‍ ഒരുപാട് ധ്യാന ഗ്രൂപ്പുകള്‍ ഉണ്ട്, ആ ഗ്രൂപ്പുകള്‍ ഇവിടെ ധ്യാനിപ്പിക്കാന്‍ വരുകയും ചെയ്തിട്ടുണ്ട്. പക്ഷെ അവര്‍ ധ്യാനിപ്പിച്ച് പോകുന്നതിന് പകരം അവരുടെ തന്നെ ഗ്രൂപ്പ് ഇടവകയില്‍ സെറ്റ് ചെയ്യും. സെറ്റ് ചെയ്ത ശേഷം എല്ലാ ആഴ്ചകളിലും ഇവരുടെ ഒരു ഏജന്റ് കളക്ഷന്‍ എടുത്ത് നാട്ടിലേക്ക് അയക്കും. എന്നിട്ട് പുതിയ പള്ളി വെയ്ക്കാന്‍ പരിതാപകരമായ അവസ്ഥയാണെന്ന് പറയും. അങ്ങനെ അന്ന് ആവേശത്തില്‍ വീഡിയോ ചെയ്തു. അപ്പൊ ഏതെല്ലാം ഗ്രൂപ്പുകള്‍ വിദേശത്ത് ചെറിയ ചെറിയ ഹബ് ഉണ്ടോ കേരളത്തില്‍ അതെല്ലാം ഒറ്റകെട്ടായി അങ്ങനെ അവരാണ് 'മാരിയോ മൗദൂദി' എന്ന് വിളിച്ചു തുടങ്ങിയത്.
അങ്ങനെ ഇവരൊക്കെ മൗദൂദി എന്ന് വിളിച്ച് തുടങ്ങിയപ്പോള്‍ 'കാസ' ഗ്രൂപ്പുകാര്‍ക്ക് സംശയം തോന്നുകയും അവര്‍ എന്റെ പഴയ ക്ലാസൊക്കെ എടുത്തുനോക്കുമ്പോള്‍ ഖുറാനൊക്കെ അടയാളപ്പെടുത്തി സംസാരിക്കുന്നതൊക്കെ അവരും ശ്രദ്ധിച്ചുതുടങ്ങി. ചിലപ്പോള്‍ ഇനി മൗദൂദി എന്ന പേര് ജീവിതകാലം മുഴുവന്‍ കേള്‍ക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. എല്ലാ വശത്ത് നിന്ന് നോക്കുമ്പോള്‍ തീവ്ര നിലപാടുള്ള ഇരുമതക്കാരും തന്നെ വേട്ടയാടുന്നു എന്നും അദ്ദേഹം പറയുന്നു. അതിനിടയില്‍ കൂടിയാണ് ഇപ്പോള്‍ കുടുംബ കലഹവും കൂടി കയറിവരുന്നത്.
എന്നാലും ഇസ്ലാം മതത്തിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് ഇല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അതിനുള്ള കാരണം തന്നെ ഉയിര്‍ത്തെഴുന്നേറ്റ യേശു ആണെന്നും വെളിപ്പെടുത്തി. അതൊരു പ്രതീക്ഷയാണെന്നും മാരിയോ പറയുന്നു. ക്രിസ്തുമതം സ്വീകരിച്ച സാഹചര്യവും ഏറെ വ്യത്യസ്തമാണ്. മാരിയോ മുസ്ലിം ആയിരുന്ന സമയത്ത് യേശു ദൈവമല്ലെന്ന് ഒരു പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു. ഒരു ദിവസം പ്രസംഗിച്ച് നില്‍ക്കവേ ഒരാള്‍ എന്നോട് ചോദിച്ചു യേശു ദൈവമല്ലെങ്കില്‍ പിന്നെ ആരാ? ഈ ആരാ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയത് എനിക്ക് ഖുറാനില്‍ നിന്നാണ്.
അങ്ങനെയാണ് ഇത് രണ്ടും ഒന്നാണെന്ന ചിന്ത വന്നത്. ഇടയ്ക്ക് ഒരു ബസ് യാത്രയില്‍ കണ്ട സിസ്റ്ററിനോട് ബൈബിള്‍ എവിടെ വായിക്കാന്‍ കിട്ടുമെന്ന് ചോദിക്കുകയും അവര്‍ ധ്യാന കേന്ദ്രത്തിന്റെ അഡ്രസ് തരുകയും അച്ചനെ കണ്ട് ക്ലാസുകളില്‍ പങ്കെടുക്കാനും തുടങ്ങുകയും ചെയ്തു. ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നതിന്റെ പ്രധാന കാരണം തന്നെ ആരോടും വിവേചന മനോഭാവം ഇല്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് ദുരന്തത്തില്‍ പെട്ടവര്‍ക്ക് സഹായം നല്‍കിയപ്പോള്‍ ഇസ്ലാം മതത്തിലെ ആളുകള്‍ക്ക് ആണ് കൂടുതല്‍ സഹായം ചെയ്തത് എന്ന പേരും ഉണ്ടായിരുന്നു. ഒടുവില്‍ ലിസ്റ്റ് വന്നപ്പോള്‍ ആണ് അതിന്റെ സത്യാവസ്ഥ അറിഞ്ഞെതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മാരിയോ ആന്‍ഡ് ജിജി ബ്ലോഗ് വഴി നല്ല കുടുംബജീവിതം നയിക്കാന്‍ ഉപദേശങ്ങള്‍ നല്‍കി വരുന്ന മാരിയോ ജോസഫിന് എതിരെ ഭാര്യ ജിജി അതിക്രമത്തിന് പരാതി നല്‍കിയിരിക്കുകയാണ്. ചാലക്കുടി പൊലീസ് ജിജി മാരിയോയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. 'ചുമരില്‍ തുടരെ തല ഇടിച്ചു പൊട്ടിച്ചു. ചോര ഒലിക്കുന്ന തലയുമായി 25 കിലോമീറ്ററോളം കാര്‍ ഓടിച്ചു. കേസ് കൊടുത്തത് ട്രസ്റ്റില്‍ അവള്‍ക്ക് ഇഷ്ടപെട്ട ആളുകളെ ചേര്‍ക്കാനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗം.' തലയടിച്ച് പൊട്ടിച്ചെന്നും എഴുപതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ ഭര്‍ത്താവ് നശിപ്പിച്ചെന്നുമുള്ള ഭാര്യ ജിജി മാരിയോയുടെ ആരോപണങ്ങള്‍ക്ക് മാരിയോ ജോസഫ് മറുനാടനോട് പ്രതികരിക്കുകയും ചെയ്തിരുന്നു.
കേസിനെ കുറിച്ച് മാരിയോ മറുനാടനോട് പറഞ്ഞത്
'ഞാനും അമ്മയും ജിജിയും ചേര്‍ന്ന് 2024ലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്. ഒരു വര്‍ഷത്തോളം ഇത് നിഷ്‌ക്രിയമാക്കി വെച്ചു. ബാങ്ക് അക്കൗണ്ട് പോലും തുടങ്ങാതെ മരവിപ്പിച്ചു. പിന്നീട് രജിസ്റ്റര്‍ ചെയ്ത വക്കീലാണ് ഇത് ആരംഭിക്കണം ഇല്ലെങ്കില്‍ വലിയ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് പറയുന്നത്. ഞാന്‍ പറഞ്ഞു എനിക്കത് വേണ്ട. അങ്ങനെ ഞങ്ങള്‍ മൂന്ന് പേരും രാജി നല്‍കി. ഈ സമയത്താണ് ഫിലോകാലിയ ഫൗണ്ടേഷന്‍ എന്നത് മനോഹരമായൊരു പേരല്ലേയെന്നും, ലോകം മുഴുവന്‍ ഇപ്പോള്‍ അങ്ങനെയല്ലേ അറിയുന്നതെന്നും വക്കീല്‍ ചോദിച്ചു. ഇപ്പോള്‍ രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്താല്‍ ആ പേര് ചിലപ്പോള്‍ നഷ്ടമായേക്കാമെന്നും വക്കീല്‍ പറഞ്ഞു. അങ്ങനെയാണ് അജ്മലിനെയും, മാഷിനെയും ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്തത്. എന്തിനാണെന്ന് പോലും അറിയാതെയാണ് അവര്‍ ഐഡി കാര്‍ഡ് തന്നത്. രജിസ്ട്രേഷന്‍ കഴിഞ്ഞതിന് ശേഷമാണ് കാര്യം അവരോട് പറഞ്ഞത്. ആ പേര് നിലനിര്‍ത്താന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. വഴക്കുണ്ടാകുമെന്ന് കരുതി ഇക്കാര്യം ജിജിയോട് പറഞ്ഞിരുന്നില്ല.
ജിജി അമേരിക്കയിലേക്ക് പോയപ്പോഴായിരുന്നു ഞാന്‍ രജിസ്‌ട്രേഷന്റെ കാര്യം ജിജിയോട് പറഞ്ഞത്. എപ്പോള്‍ തിരിച്ചു വരുന്നുവോ അപ്പോള്‍ ജിജിയും മകളും ഇതില്‍ അംഗമാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. മൂത്ത മകള്‍ക്ക് ഈ സ്ഥാപനത്തില്‍ വലിയ പ്രതീക്ഷയാണ്. അതുകൊണ്ട് അവളും ഉണ്ടാവണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അജ്മലും, മാഷും തന്റെ ഒപ്പം ഇരിക്കാന്‍ പറ്റിയ ആളുകള്‍ അല്ലെന്നും അവരെ ഒഴിവാക്കി താന്‍ പറയുന്ന ആളുകളെ ഉള്‍പ്പെടുത്തണം എന്നുമായിരുന്നു ജിജി പറഞ്ഞത്. അന്ന് മുതല്‍ വഴക്കുകള്‍ തുടങ്ങിയിരുന്നു.
ജിജി അമേരിക്കയില്‍ നിന്നും വന്നപ്പോള്‍ ഭയങ്കര വയലന്റായി. ഒരു ദിവസം ഓഫീസില്‍ കയറി വന്ന് മറ്റ് സ്റ്റാഫുകളുടെ മുന്നിലിട്ട് അജ്മലിനെ തല്ലി. മാഷിനെ അസഭ്യം പറഞ്ഞു. എല്ലാവരുടെയും മുന്നിലിട്ട് ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ അവര്‍ കളഞ്ഞിട്ട് പോകുമെന്നായിരുന്നു ജിജിയുടെ വിചാരം. പക്ഷെ അവര്‍ക്ക് എന്നെ ഒരുപാട് കാലങ്ങളായി അറിയാം. 2018 മുതല്‍ അജ്മല്‍ എന്നോടൊപ്പമുണ്ട്. പിന്നീട് ഞാന്‍ ഒരു കള്ളത്തരം പിടിച്ചു. എന്റെ വീടിനോട് അടുത്തിരിക്കുന്ന ഒരു കോണ്‍വെന്റ് അനിയന്‍ വാങ്ങിയതായി ജിജി പറഞ്ഞിരുന്നു. നല്ല വിലയുള്ള സ്ഥലമാണത്. അത് വാങ്ങാനുള്ള കാശ് അവന്റെ കയ്യില്‍ ഇല്ലെന്ന് എനിക്കറിയാം. അത് ചോദിച്ചപ്പോള്‍ മദ്യലഹരിയിലായിരുന്ന ജിജി എന്നെ കത്തി കൊണ്ട് കുത്തി. ആഴത്തിലുള്ള മുറിവായിരുന്നു. നാണക്കേട് ആകുമെന്ന് കരുതി പരാതി നല്‍കിയില്ല.
കുറച്ച് ദിവസം മുന്‍പ് ചാറ്റേര്‍ഡ് അക്കൗണ്ടന്റ് എന്നെ വിളിച്ചിട്ട് പറഞ്ഞു ജിജിയ്ക്ക് 4 ലക്ഷം രൂപ ടാക്‌സ് അടക്കണമെന്ന് പറഞ്ഞു. എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോ എന്ന് ഞാന്‍ അവളോട് ചോദിച്ചു. ഇഡി അന്വേഷണം വരുമെന്നും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ഞാന്‍ പറഞ്ഞപ്പോഴും ജിജി ഒഴിഞ്ഞുമാറി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജിജിയും അനുജത്തിയും അടക്കം എട്ട് പേര് ഓഫിസിലെത്തി. ഇത് കണ്ട ഞാന്‍ ഡോര്‍ ലോക്ക് ചെയ്തു. ഇതോടെ ഇവര്‍ പടികളിലൂടെ ആദ്യ നിലയിലെത്തി. ജിജി തലകൊണ്ട് ഗ്ലാസ്സില്‍ ഇടിച്ചു. ഇത് ഒരു സ്റ്റാഫ് കണ്ടിരുന്നു. ഞാന്‍ ഈ വിവരം ഫോണില്‍ പറയുന്നത് കേട്ട് ജിജി ചുമരില്‍ തല കൊണ്ട് ഇടിച്ചു. ഞാന്‍ ഇത് ഷൂട്ട് ചെയ്തു. ശേഷം ഭീഷണി മുഴക്കി ഇവര്‍ പോയി. സെറ്റ് ടോപ് ബോക്‌സ് കൊണ്ട് തലയില്‍ അടിച്ചു എന്നാണ് പറയുന്നത്. പക്ഷെ ആ വീട്ടില്‍ ടിവി പോലുമില്ല. ചാലക്കുടിയില്‍ ഒരുപാട് ആശുപത്രിയുണ്ടായിട്ടും എന്തിനാണ് അപ്പോളോയില്‍ പോയതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.
ചോര ഒലിക്കുന്ന തലയുമായി 25 കിലോമീറ്ററോളം കാര്‍ ഓടിച്ച് മാഷിന്റെ വീട്ടില്‍ ജിജി രാത്രി പോയി. എന്നിട്ട് അയാളെ ഭീഷണിപ്പെടുത്തി. അവിടെയും പ്രശനങ്ങളുണ്ടാക്കി. പിന്നീടാണ് ജിജി പോലീസിനെ സമീപിച്ചത്. ഭര്‍ത്താവ് ഉപദ്രിവിച്ചെന്നും എന്നാല്‍ കേസെടുക്കണ്ടെന്നും ഒത്ത് തീര്‍പ്പാക്കണമെന്നും ആയിരുന്നു ആവശ്യം. സംഭവം കേസ് ആക്കാതെ ഇരിക്കണമെങ്കില്‍ അജ്മലിനെയും മാഷിനെയും ട്രസ്റ്റില്‍ നിന്നും മാറ്റണമെന്നും അവള്‍ പറയുന്ന ആളുകളെ ചേര്‍ക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ഞാന്‍ ഇതിന് സമ്മതിച്ചില്ല. തുടര്‍ന്നാണ് ഞാന്‍ പോലീസില്‍ പരാതി നല്‍കുന്നത്. ഞാന്‍ പരാതി നല്‍കിയ വിവരം അറിഞ്ഞ് ജിജിയും കേസ് കൊടുത്തു.
യുവാക്കള്‍ക്കും ദമ്പതികള്‍ക്കും വേണ്ടി ധ്യാനങ്ങള്‍ നടത്തി ശ്രദ്ധ പിടിച്ചുപറ്റിയവരാണ് മാരിയോ - ജിജി ദമ്പതിമാര്‍. കുടുംബ ജീവിതത്തിലെ വിഷയങ്ങള്‍ പരിഹരിക്കുന്ന കൗണ്‍സിലര്‍മാര്‍ എന്ന നിലയിലാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. ഫിലോകാലിയ എന്ന സംഘടനയിലൂടെ വര്‍ഷങ്ങളായി ധ്യാനങ്ങളും, നിര്‍ദ്ധനര്‍ക്ക് വീട് വെച്ച് കൊടുക്കുന്നതുള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തുന്നുണ്ട്. വയനാട് ദുരന്തബാധിതര്‍ക്ക് ഉള്‍പ്പടെ ഇവര്‍ വീടും വെച്ച് നല്‍കിയിട്ടുണ്ട്.
ക്രൈസ്തവമതത്തില്‍ ആകൃഷ്ടനായി മതംമാറ്റം
ഇസ്ലാം മതവിശ്വാസിയായിരുന്ന സുലൈമാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്തുമതത്തില്‍ ആകൃഷ്ടനായി മതം മാറി മാരിയോ ജോസഫ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. പിന്നീട് ജിജിയെ വിവാഹം കഴിച്ചു. മാരിയോയുടെ ചില പ്രഭാഷണങ്ങള്‍ മുന്‍പ് തന്നെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
കുടുംബജീവിതം, ദാമ്പത്യബന്ധം എന്നിവയെക്കുറിച്ച് ഓണ്‍ലൈനിലും അല്ലാതെയും ക്ലാസ്സുകളും വീഡിയോകളും അവതരിപ്പിച്ച് കൊണ്ടാണ് മാരിയോ ജോസഫും ജിജി മാരിയോയും പ്രശസ്തരായത്. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ധ്യാന പ്രഭാഷണങ്ങളോട് അടുത്തുനില്‍ക്കുന്ന ശൈലിയിലാണ് വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്. ഇവയുടെ സ്ഥിരം പ്രേക്ഷകരായി ഒട്ടേറെ ആളുകള്‍ ഫോളോ ചെയ്യുന്നുമുണ്ട്.
മാരിയോ ഭാര്യയുടെ തലയ്ക്കടിച്ചെന്നും, ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചെന്നും പരാതിയില്‍ പറയുന്നു. പിന്നാലെ ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. വഴക്കിനിടയില്‍ മാരിയോ ജോസഫ് സെറ്റ് അപ് ബോക്‌സ് എടുത്ത് തലയ്ക്ക് അടിക്കുകയും കയ്യില്‍ കടിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. വഴക്കിനിടെ തന്റെ 70000 രൂപയുടെ മൊബൈല്‍ നശിപ്പിച്ചെന്നും ജിജി ചാലക്കുടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബിഎന്‍എസ് 126 (2) പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
