ഇലക്രോണിക് വോട്ടിങ് യന്ത്രത്തെ ഈ ഗ്രാമവാസികള്‍ക്ക് വിശ്വാസമില്ല; മണ്ഡലത്തിലെ ഗ്രാമത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് കൂടുതല്‍ വോട്ടുകിട്ടിയതില്‍ സംശയം; സമാന്തരമായി ബാലറ്റ് വോട്ടിങ് നടത്തി ഇവിഎമ്മിനെ തോല്‍പ്പിക്കാന്‍ ഒരുങ്ങിയ മാര്‍ക്കഡ്വാഡിക്കാര്‍ക്ക് നിരാശയെങ്കിലും ചോരില്ല വീര്യം
മാര്‍ക്കഡ്വാഡിക്കാര്‍ സമാന്തര ബാലറ്റ് വോട്ടിങ് ഉപേക്ഷിച്ചു
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (ഇ.വി.എം.) വിശ്വാസ്യതയെ ചോദ്യം ചെയ്ത് സോലാപുര്‍ ജില്ലയിലെ മാല്‍ഷിറാസ് താലൂക്കിലെ മാര്‍ക്കഡ്വാഡി ഗ്രാമവാസികള്‍ നടത്താനിരുന്ന പ്രതീകാത്മക ബാലറ്റ് വോട്ടിങ് ഉപേക്ഷിച്ചു
പൊലീസ് ഇടപെടലിനെ തുടര്‍ന്നാണ് ബാലറ്റ് വോട്ടിങ് വേണ്ടെന്ന് വച്ചതെന്ന് മണ്ഡലത്തില്‍ നിന്നും ജയിച്ച എന്‍സിപി സ്ഥാനാര്‍ഥി ഉത്തം ജാങ്കര്‍ അറിയിച്ചു. പോളിങ്ങുമായി മുന്നോട്ടുപോയാല്‍ കേസെടുക്കുമെന്ന് ഗ്രാമീണരെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വിരട്ടിയിരുന്നു. ഡിസംബര്‍ മൂന്നിനാണ് ബാലറ്റ് റീപ്പോള്‍ നടത്താനിരുന്നത്.
മല്‍ഷിരസ് നിയമസഭാ മണ്ഡലത്തിന് കീഴിലാണ് ഗ്രാമം വരുന്നത്. ഇവിടെ എന്‍സിപി ശരദ്പവാര്‍ വിഭാഗം സ്ഥാനാര്‍ഥി ഉത്തം ജാങ്കര്‍ ബിജെപിയുടെ രാം സത്പുത്തെയെ 13.147 വോട്ടിന് തോല്‍പ്പിച്ചിരുന്നു. എന്നാല്‍, ഗ്രാമത്തില്‍ സത്പുത്തെയെക്കാള്‍ കുറവ് വോട്ടാണ് ജങ്കറിന് കിട്ടിയത് എന്നായിരുന്നു മാര്‍ക്കഡ്വാഡി ഗ്രാമവാസികളുടെ പരാതി. ഇത് സാധ്യമല്ലെന്നും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പ്രശ്‌നമാണെന്നും അവര്‍ ആരോപിച്ചു.
ബി.ജെ.പി. സ്ഥാനാര്‍ഥിയും മുന്‍ എം.എല്‍.എ.യുമായ രാം സത്പുത്തെ ഗ്രാമത്തില്‍ 1003 വോട്ടുകള്‍ നേടിയപ്പോള്‍ ശരദ് പവാറിന്റെ എന്‍.സി.പി. സ്ഥാനാര്‍ഥി ഉത്തം ജാങ്കറിന് 843 വോട്ടുകള്‍ ലഭിച്ചു. 2009, 2014, 2019 എന്നീ വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്സഭാ മത്സരങ്ങളിലും മാര്‍കഡ്വാഡിയില്‍ നിന്ന് ജാങ്കറിന് സ്ഥിരമായി വന്‍പിന്തുണ ലഭിച്ചിട്ടുണ്ട്. ഇത്തവണ ജാങ്കറിന് വോട്ട് ഗണ്യമായി കുറഞ്ഞു. ഇത് ഇ.വി.എമ്മുകളിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ക്ക് കാരണമായി. ഈ തിരഞ്ഞെടുപ്പിലെ ഫലങ്ങളുടെ കൃത്യത ഉറപ്പാക്കാന്‍ പ്രതീകാത്മക ബാലറ്റ് വോട്ടിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് തഹസില്‍ദാറിന് ജാങ്കര്‍ അനുകൂലികള്‍ കത്ത് നല്‍കിയിരുന്നു .
അച്ചടിച്ച ബാലറ്റ് പേപ്പറുകള്‍ വിതരണത്തിന് തയ്യാറായിരുന്നു. ചൊവ്വാഴ്ച വോട്ടിങ് രാവിലെ ഏഴുമുതല്‍ വൈകുന്നേരം നാലുവരെയാണ് നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന് ഉടനടി വോട്ടെണ്ണല്‍ നടത്താനും അവര്‍ പദ്ധതിയിട്ടിരുന്നു. നടപടിക്രമങ്ങളില്‍ സുതാര്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മേല്‍നോട്ടം വേണമെന്ന് ജാങ്കര്‍ സംഘം അഭ്യര്‍ഥിക്കുകയും പരിശീലനത്തിന്റെ മുഴുവന്‍ ചെലവും വഹിക്കാന്‍ വാഗ്ദാനം ചെയ്യുകയുംചെയ്തു. എന്നിരുന്നാലും, അത്തരമൊരു നടപടിയെ ഔദ്യോഗികമെന്ന് വിളിക്കാനാവില്ലെന്നും അതിന് സാധുതയില്ലെന്നുമാണ് തഹസില്‍ദാരുടെ ഓഫീസ് അറിയിച്ചത്.
വോട്ടെടുപ്പ് തടയാന്‍ ഇവിടെ കനത്ത പോലീസിനെ വിന്യസിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പൊലീസ് ഗ്രാമീണരുമായി സംസാരിച്ചതോടെ ബാലറ്റ് വോട്ടെടുപ്പ് അനുവദിക്കുന്നില്ലെങ്കില്‍ സ്ഥലത്ത് പ്രശ്‌നമുണ്ടാകുമെന്ന് വ്യക്തമായി. ഇതോടെ ഫലത്തില്‍ വോട്ടിങ് പരാജയപ്പെടുമെന്ന് കണക്കുകൂട്ടിയാണ് വേണ്ടെന്ന് വച്ചത്. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിച്ച് നീതി ലഭ്യമാകും വരെ പോരാടുമെന്നാണ് ഗ്രാമീണരുടെ നിലപാട്. ഇ വി എം ഫലത്തെ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നാണ് മാര്‍ക്കഡ്വാഡി ഗ്രാമവാസികള്‍ ആവര്‍ത്തിച്ച് പറയുന്നത്.