ഗൂഗില്‍ ലൊക്കേഷന്‍ ചതിച്ചു; മൂഹൂര്‍ത്ത സമയത്ത് വധു ഇരിട്ടി കീഴൂരിലും വരന്‍ വടകര കീഴൂരിലും; മുഹൂര്‍ത്തം മാറിയെങ്കിലും ഒടുവില്‍ മാംഗല്യം; വിഷമത്തിലായ വധുവിനെ ക്ഷേത്രത്തിലെ വിവാഹത്തിന് പ്രത്യേകം മുഹൂര്‍ത്തം കാണേണ്ടതില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു മേല്‍ശാന്തിയും ജീവനക്കാരും

ഗൂഗില്‍ ലൊക്കേഷന്‍ ചതിച്ചു; മൂഹൂര്‍ത്ത സമയത്ത് വധു ഇരിട്ടി കീഴൂരിലും വരന്‍ വടകര കീഴൂരിലും;

Update: 2025-04-29 09:57 GMT

കണ്ണൂര്‍: കണ്ണൂര്‍ 'ഗൂഗിള്‍ ലോക്കേഷന്‍ അയച്ചുകൊടുത്ത് വധുവിന്റെ ബന്ധുവിന് പറ്റിയ പിശകില്‍ പുലിവാല് പിടിച്ചത് വധുവരാന്‍ന്മാരും ആവരുടെ ബന്ധുക്കളും. മുഹൂര്‍ത്തത്തിന് താലികെട്ടല്‍ നടന്നില്ലെന്ന് മാത്രമല്ല ക്ഷേത്രം പൂജാരിക്ക് പകരം ക്ഷേത്രം ജീവനക്കാരനെ പരികര്‍മ്മി ആക്കേണ്ടതായും വന്നു. ഗൂഗില്‍ ലോക്കേഷന്‍ വഴി വിവാഹ സ്ഥലം കണ്ടെത്തിയ വരനും കുടുംബത്തിനും കിട്ടിയത് എട്ടിന്റെ പണി. ആശങ്കയുടെ മുള്‍മുനയില്‍ നിന്ന വധുവിന് ശ്വാസം നേരെ വീണത് മൂഹൂര്‍ത്തം തെറ്റി മൂന്ന് മണിക്കൂര്‍ കഴിഞ്ഞെത്തിയെ വരന്‍ താലിചാര്‍ത്തി വരണ മാല്യം ചൂടിയപ്പോഴും.

വധുവിന്റെ ബന്ധു അയച്ചുകൊടുത്ത ലൊക്കേഷന്‍ മാറി ഇരിട്ടി കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വിവാഹത്തിന് എത്തേണ്ട വരന്‍ എത്തിയത് വടകര പയ്യോളിയിലെ കീഴൂര്‍ ശിവക്ഷേത്രത്തില്‍. ഇരിട്ടി മാടത്തില്‍ സ്വദേശിനിയായ വധുവും തിരുവനന്തപുരം സ്വദേശിയായ വരനും തമ്മിലുള്ള വിവാഹത്തിനാണ് ഗൂഗിള്‍ ലൊക്കേഷന്‍ കല്ലുകടിയായത്. പത്തരക്കുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്.

സമയം അടുത്തിട്ടും വരനേയും സംഘത്തേയും കാണാതെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇപ്പോള്‍ എത്തും എന്ന മറുപടിയാണ് കിട്ടിയത്. അല്പ്പ സമയത്തിന് ശേഷം വരനും സംഘവും അമ്പലത്തില്‍ എത്തി. പക്ഷേ വിവാഹം കഴിക്കാന്‍ നിശ്ചയിച്ച അമ്പലമായിരുന്നില്ല. ഞങ്ങള്‍ എത്തി നിങ്ങള്‍ എവിടെ എന്ന വരന്റെ സംഘത്തില്‍ നിന്നുള്ള അന്വേഷണത്തിലാണ് വരനും വധുവും നില്‍ക്കുന്ന അമ്പലങ്ങള്‍ തമ്മില്‍ 60-ല്‍ അധികം കിലോമീറ്ററിന്റെ വ്യത്യാസം ഉണ്ടെന്ന് അറിയുന്നത്.

ലൊക്കേഷന്‍ നോക്കി വന്ന വരന്‍ പയ്യോളി കീഴൂര്‍ ശിവക്ഷേത്രത്തിലാണ് മൂഹൂര്‍ത്ത സമയത്ത് എത്തിയത്. വിവരമറിഞ്ഞ് ആകെ വിഷമത്തിലായ വധുവിനെ ഇരിട്ടി കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തിയും ജീവനക്കാരും സമാധാനിപ്പിച്ചു. ക്ഷേത്രത്തില്‍ പ്രത്യേകമായി മുഹൂര്‍ത്തം കാണേണ്ടതില്ലെന്നും വരനോട് എത്രയും വേഗം ഇവിടേയ്ക്ക് വരാനും എത്ര വൈകിയായാലും വിവാഹം ഇവിടെ വെച്ച് തന്നെ നടത്താമെന്നും പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു.

ഒന്നരയോടെ വരന്‍ ക്ഷേത്രത്തിലെത്തുകയും ക്ഷേത്രം ജീവനക്കാരുടെ നേതൃത്വത്തില്‍ ക്ഷേത്ര നടയില്‍ വെച്ച് വിവാഹം നടത്തുകയും ചെയ്തു. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. പെണ്ണുകാണല്‍ ചടങ്ങില്‍ വധുവിനെ വീട്ടിലെത്തി വരന്‍ കണ്ടിരുന്നെങ്കിലും വിവാഹം കഴിക്കാന്‍ വധുവിന്റെ കുടുംബക്കാര്‍ നിശ്ചയിച്ച ഇരിട്ടി കീഴൂരിലെ അമ്പലം അറിയില്ലായിരുന്നു. അതിനാലാണ് വധുവിന്റെ ബന്ധു വരന്റെ സംഘത്തിന് ഗൂഗിള്‍ ലൊക്കേഷന്‍ മാപ്പ് അയച്ചുകൊടുത്തത്.

Tags:    

Similar News