ഹോം ഗ്രൗണ്ടില്‍ സ്റ്റോക്ക് ടീം വീണപ്പോള്‍ എങ്ങും നിശബ്ദത; ആരവങ്ങളെ മറികടന്നു ടെന്‍ബ്രിഡ്‌ജ്വെല്‍സ് രണ്ടാമതും കിരീടം നേടി; ആദ്യ വനിതാ മത്സരത്തില്‍ വൂസ്റ്ററിലെ പെണ്‍കരുത്തിനു കിരീടം; ബെല്‍ജിയവും അയര്‍ലന്റും അടക്കമുള്ള വിദേശ ടീമുകള്‍ ആദ്യ റൗണ്ടില്‍ പുറത്തായി; ആവേശം വിതറി മറുനാടന്‍ എവര്‍ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള വടംവലി മത്സരം

ആവേശം വിതറി മറുനാടന്‍ എവര്‍ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള വടംവലി മത്സരം

Update: 2025-07-14 06:25 GMT

സ്റ്റോക് ഓണ്‍ ട്രെന്റ്: കഴിഞ്ഞ വര്‍ഷത്തെ വടംവലി ചരിത്രത്തിന് ഒരു തിരുത്തെഴുത്തും നല്‍കാതെ രണ്ടാം ബ്രിട്ടീഷ് മലയാളി യൂറോപ്പ് വടംവലി മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ടെന്‍ബ്രിഡ്‌ജ്വെല്‍സ് ടസ്‌കേഴ്‌സ് മറുനാടന്‍ മലയാളി എവര്‍ റോളിങ്ങ് ട്രോഫി നിലനിര്‍ത്തി. രണ്ടാം സ്ഥാനത്തു കഴിഞ്ഞ വര്‍ഷത്തെ എതിരാളികള്‍ തന്നെയായ സ്റ്റോക് ഓണ്‍ ട്രെന്റ് ലയണ്‍സ് തന്നെ എത്തിയപ്പോഴും പ്രതീക്ഷകള്‍ അട്ടിമറിച്ചു വടംവലിയില്‍ താരരാജാക്കള്‍ തങ്ങള്‍ തന്നെയെന്ന് ടെന്‍ബ്രിഡ്‌ജ്വെല്‍സ്് ടസ്‌കേഴ്‌സ് തെളിയിക്കുകയായിരുന്നു.

അയര്‍ലണ്ടില്‍ നടന്ന മത്സരത്തിലും ഇവര്‍ ജയിച്ചതോടെ ഈ സീസണിലെ രണ്ടാമത്തെ പ്രധാന വിജയകിരീടമാണ് ടസ്‌കേഴ്‌സിനെ തേടി എത്തിയത്. മാത്രമല്ല നേരിട്ടുള്ള രണ്ടു വലികളിലും സ്റ്റോക്ക് ലയണ്‍സിനെ മുട്ടികുത്തിക്കാന്‍ കഴിഞ്ഞതോടെ ടസ്‌കേഴ്സിന്റെ വിജയം ആധിപത്യം നിറഞ്ഞതായി. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ ബെസ്റ്റ് ത്രീ എന്ന ഫോര്‍മുലയില്‍ നടന്ന മത്സരത്തില്‍ സെമിയിലും ഫൈനലിലും ഒക്കെ ഏറ്റവും മികച്ച ടീമുകള്‍ തന്നെയാണ് എത്തിയത്. യുകെയില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്ന വടംവലി മത്സരം എന്ന നിലയില്‍ ഇപ്പോള്‍ മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളുടെ സാന്നിധ്യവും ശ്രദ്ധ നേടുകയാണ്.


 



ഇഞ്ചോടിഞ്ചു നീണ്ട പോരാട്ടത്തിനൊടുവിലാണ് ടെന്‍ ബ്രിഡ്ജ്വെല്‍സ് കിരീടം സ്വന്തമാക്കിയത്. രണ്ടുടീമുകളുമായി എത്തിയ സ്റ്റോക്ക് ലെയേണ്‍സിന്റെ സീനിയര്‍ ടീമുമായാണ് ടെന്‍ ബ്രിഡ്ജ്വെല്‍സ് പോരാടിയത്. കരുത്തുറ്റ ടീമായിരുന്നു ടെന്‍ ബ്രിഡ്ജ്വെല്‍സിന്റേത്. അതിലേറ്റവും ശ്രദ്ധേയനായ കളിക്കാരന്‍ ജോയ് എന്ന ഇറ്റലിക്കാരന്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷവും അടുത്തിടെ നടന്ന മൂന്നു നാലു മത്സരങ്ങളിലെല്ലാം യുകെയിലുള്ളവര്‍ക്ക് മാത്രമേ മത്സരിക്കാന്‍ കഴിയുകയുള്ളൂ എന്ന നിബന്ധന ഉണ്ടായിരുന്നതിനാല്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ ജോയ് ഇക്കുറി യൂറോപ്പ് മത്സരമാക്കി മാറ്റിയതോടെ ആവേശത്തോടെയാണ് സ്റ്റോക്കിലേക്ക് എത്തിയത്.


 



പ്രൊഫഷണല്‍ കളിക്കാരനായ ജോയിയുടെ ബലത്തിലാണ് ടെന്‍ ബ്രിഡ്ജ്വെല്‍സ് കിരീടം നേടിയത്. യുകെയില്‍ നടന്ന മുന്‍ മത്സരങ്ങളിലെല്ലാം കിരീടം നേടിയ സ്റ്റോക്ക് ലെയേണ്‍സിനെ ടെന്‍ ബ്രിഡ്ജ്വെല്‍സ് കീഴടക്കുന്നതില്‍ ജോയിയുടെ സാന്നിധ്യം ഒരു നിര്‍ണായക ഘടകമായി മാറുകയായിരുന്നു.


 



വനിതകളില്‍ കപ്പ് പൊക്കിയത് വൂസ്റ്റര്‍ തെക്കന്‍സ്

ആദ്യമായി നടന്ന വനിതാ മത്സരത്തില്‍ ലിവര്‍പൂള്‍ ലിമയെ മലര്‍ത്തിയടിച്ചു വൂസ്റ്റര്‍ തെക്കന്‍സ് വിജയതിലക മണിഞ്ഞു. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ളവരുടെ കരുത്തില്‍ ലിവര്‍പൂളിലെ ചേച്ചിമാരുടെ കാലിടറുക ആയിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ചരിത്രത്തില്‍ അഞ്ചാം കിരീട നേട്ടവുമായാണ് വൂസ്റ്റര്‍ വനിതകള്‍ മടങ്ങിയത്. മികച്ച പരിശീലവും ചിട്ടയായ കോച്ചിങ്ങുമാണ് ഇവരുടെ വിജയത്തിന് അടിത്തറ പാകിയത്. ഒന്നാം സ്ഥാനക്കാര്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും ലക്ഷ്മി നക്ഷത്രയും മാധ്യമ പ്രവര്‍ത്തകന്‍ കെ ആര്‍ ഷൈജുമോനും നല്‍കി.


 



ബെല്‍ജിയത്തില്‍ നിന്നുള്ള ടീം, അയര്‍ലണ്ടില്‍ നിന്നും ഉള്ള ടീം, നവാഗതരായ നോര്‍വിച്ച് ടീം എന്നിവരൊക്കെ ആദ്യ റൗണ്ടില്‍ പുറത്തായെങ്കിലും വരും വര്‍ഷത്തേക്കുള്ള ഒട്ടേറെ പാഠങ്ങള്‍ മനസിലാക്കിയാണ് ഇവരൊക്കെ വേദി വിട്ടത്. യുകെയില്‍ ആദ്യമായി യൂറോപ്യന്‍ ടീമുകള്‍ പങ്കെടുത്തപ്പോള്‍ അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്നുവരെ വടംവലി പ്രേമികള്‍ കാഴ്ചക്കാരായി എത്തി. അടുത്ത വര്‍ഷം നിശ്ചയമായും തങ്ങളുടെ ടീമുകള്‍ മത്സരിക്കാന്‍ ഉണ്ടാകും എന്ന വാഗ്ദാനവും ഇവര്‍ നല്‍കിയിട്ടുണ്ട്. വിദേശ ടീമുകള്‍ എത്തുമെന്ന് ബെല്‍ജിയന്‍, അയര്‍ലന്‍ഡ് ടീമുകളും അറിയിച്ചിട്ടുണ്ട്.


 



അതോടൊപ്പം മത്സരം കാണുവാനും ആവേശം പകരാനും കാനഡയില്‍ നിന്നും ഇന്റര്‍നാഷണല്‍ തഗ്ഗ് ഓഫ് വാറിന്റെ വൈസ് പ്രസിഡന്റും മറ്റ് അംഗങ്ങളും വന്നിരുന്നു. അടുത്ത വര്‍ഷം മത്സരിക്കുവാന്‍ തങ്ങളും എത്തുമെന്ന് അറിയിച്ചാണ് ഇവര്‍ മടങ്ങിയത്. മത്സരം കാണുവാനും ആസ്വദിക്കുവാനും നിറയെ കാണികളും എത്തിയതോടെ ഹരം പകരുന്ന മണിക്കൂറുകളായി മാറുകയായിരുന്നു ഇന്നലെ സ്റ്റോക്കിലെത്തിയവര്‍ക്ക്. പരിപാടി കൃത്യ സമയത്തു തന്നെ തുടങ്ങാനും അവസാനിപ്പിക്കുവാനും സാധിച്ചതും നല്ല തെളിഞ്ഞ കാലാവസ്ഥയും ആദ്യം മുതല്‍ അവസാനം വരെ ആളുകള്‍ നിറഞ്ഞു നില്‍ക്കുന്നതിന് കാരണമായി.


 




 



Tags:    

Similar News