വൈകിയാണ് കിടന്നത്, ബാത്ത് റൂമില്‍ പോയ ശേഷം വന്ന് കിടന്നതായിരുന്നു; അപ്പോഴാണ് അമ്മേ ഓടി വാ...... തീ കത്തുന്നുവെന്ന് മകന്‍ പറഞ്ഞത്; വീട് പൂര്‍ണമായും കത്തിനശിച്ചു; ജീവന്‍ തിരികെ കിട്ടയത് തന്നെ ഭാഗ്യം: ആക്രി ഗോഡൗണില്‍ ഉണ്ടായ തീപിടിത്തത്തിന്റെ ഞെട്ടല്‍ വിട്ടുമാറാതെ സരസ്വതി

Update: 2024-12-01 04:40 GMT

കൊച്ചി: ആദ്യം പുക ചെറുതായി പടര്‍ന്നു, പിന്നെ തീ ആളി കത്താന്‍ തുടങ്ങി. കനത്ത പുകയിലും കനല്‍ജ്വാലകളിലും ചുറ്റുവട്ടം മുങ്ങി. 'അമ്മേ, ഓടി വാ.. തീ കത്തുന്നെന്ന് പറഞ്ഞ് മകന്‍ വിളിക്കുമ്പോഴാണ് തീ കത്തുന്ന വിവരം അറിയുന്നത് എന്ന് സരസ്വതി അമ്മ പറഞ്ഞു. എറണാകുളം സൗത്ത് സ്റ്റേഷന് സമീപമുള്ള ഗോഡൗണില്‍ ഉണ്ടായ തീപിടിത്തം കേവലം ഒരു അപകടമില്ല, ആ അപകടത്തില്‍ സരസ്വതിയുടെ വീട് പൂര്‍ണമായും കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്ന സരസ്വതിയും മകനും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടലിലാണ് സരസ്വതി.

പുലര്‍ച്ചെ രണ്ട് മണിക്ക് ബാത്ത് റൂമില്‍ പോയി വന്നശേഷമാണ് തീപിടിത്തം ഉണ്ടായത് അറിയുന്നത്. ഇന്ന് ഞായാറാഴ്ച ആയതിനാല്‍ മകന്‍ വൈകിയാണ് ഉറങ്ങാറ്. ബാത്ത് റൂമില്‍ പോയി വന്നതിന് ശേഷം മകനോട് ഉറങ്ങുന്നില്ലേ എന്ന് ചോദിച്ച് മുറിയിലേക്ക് പോയി കിടന്നതായിരുന്നു. അപ്പോഴാണ് മകന്‍ ഓടിവാ അമ്മെ തീ കത്തുന്നുവെന്ന് വിളിച്ച് പറയുന്നത്. അപ്പോ തന്നെ അവിടെ നിന്ന് മാറുകയായിരുന്നു. ഉടനെ ഫയര്‍ഫോഴ്‌സിനെ വിളിച്ചു.

അപ്പുറത്തുള്ള റെയില്‍വെയുടെ സൊസൈറ്റിയില്‍ കൊണ്ടുപോയി ഇരുത്തി. തീ പടര്‍ന്ന ഉടനെ കറന്റും പോയി. ഫയര്‍ഫോഴ്‌സെത്തിയാണ് തീ അണച്ചത്. അവരുടെ കൃത്യമായ ഇടപെടലാണ് തീ അധികം പടരാതിരിക്കാന്‍ കാരണം. ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെ അവര്‍ മാറ്റിവെച്ചിരുന്നുവെന്നും സരസ്വതി പറഞ്ഞു.

ഞായറാഴ്ച ഒരു മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. അഗ്‌നിബാധയെത്തുടര്‍ന്ന്, ഗോഡൗണിലുണ്ടായിരുന്ന 12 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായി അധികൃതര്‍ അറിയിച്ചു. ഗോഡൗണില്‍ അഗ്നിരക്ഷാ സംവിധാനങ്ങളുമുണ്ടായിരുന്നില്ല. വിവിധ ഫയര്‍ഫോഴ്‌സ് ഫോഴ്‌സ് യൂണിറ്റുകളും പോലീസുമെത്തി നാല് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപ പ്രദേശങ്ങളിലുള്ള ആളുകളെ പെട്ടെന്ന് ഒഴിപ്പിക്കാനായത് മൂലം വന്‍ ദുരന്തമൊഴിവാക്കാനായി.

വലിയ രീതിയില്‍ തീപിടിക്കുന്ന നിരവധി വസ്തുക്കള്‍ ആക്രി ഗോഡൗണിലുണ്ടായിരുന്നു. മാത്രമല്ല, സമീപത്തെല്ലാം ജനവാസ മേഖലയുമായിരുന്നു. വനിതാ ഹോസ്റ്റല്‍, അപ്പാര്‍ട്‌മെന്റുകള്‍, വീടുകള്‍ എന്നിവയെല്ലാം സമീപത്തു തന്നെയായിരുന്നു. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15 യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് സംഭവം സ്ഥലത്തെത്തിയത്. സമീപത്തെ വൈദ്യുത ലൈനിലേക്കും തീപ്പടര്‍ന്നിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഇതിന് ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.

സിനിമാ നിര്‍മാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിനാണ് തീ പിടിച്ചത്. ഗോഡൗണിനകത്ത് തൊഴിലാളികളുണ്ടായിരുന്നത് ആശങ്കയുണ്ടാക്കിയെങ്കിലും പൊലീസും അഗ്നിരക്ഷാ സേനയും സമയോചിത ഇടപെടലിലൂടെ എല്ലാവരെയും രക്ഷപ്പെടുത്തി. ഗോഡൗണിന് പിന്‍വശത്ത് നിന്നാണ് തീ പടര്‍ന്നതെന്ന് കൊച്ചി എസിപി രാജ്കുമാര്‍ പറഞ്ഞു. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നെടുമ്പാശേരിയില്‍ വിമാനത്താവളത്തിന് സമീപത്തെ ആപ്പിള്‍ റസിഡന്‍സിയില്‍ അര്‍ധരാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. കാര്‍ പാര്‍ക്കിംഗ് ഏരിയയിലുണ്ടായ അഗ്നിബാധയില്‍ ഒരു കാര്‍ പൂര്‍ണമായും 3 കാറുകളും ഏതാനും ബൈക്കുകളും ഭാഗികമായും കത്തിനശിച്ചു. ആളപായമില്ല. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഒരു മുറിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ വൈദ്യുതി പൂര്‍ണമായി വിച്ഛേദിച്ച ശേഷം ഏണി ഉപയോഗിച്ചാണ് രക്ഷപ്പെടുത്തി. മുറിയിലെ എസിയും വയറിംഗും കത്തി നശിച്ചു.

Tags:    

Similar News