അമൃതവര്‍ഷം 72; കടലോളം സ്‌നേഹം ചൊരിഞ്ഞമ്മ; അമ്മക്കടലായി അമൃതപുരി; മാതാ അമൃതാനന്ദമയിയെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ച് ഗവര്‍ണര്‍; അമ്മയുടെ സേവന സമര്‍പ്പിത ജീവിതം മാതൃകാപരമെന്ന് ജെപി നദ്ദ; 'ഒരു ലോകം, ഒരു ഹൃദയം'സങ്കല്പത്തിലുള്ള ലോകശാന്തി പ്രാര്‍ത്ഥനയും

അമ്മക്കടലായി അമൃതപുരി

Update: 2025-09-27 16:02 GMT

അമൃതപുരി (കൊല്ലം): കാരുണ്യവര്‍ഷം പെയ്തിറങ്ങിയ മണ്ണില്‍ അമ്മയുടെ സ്‌നേഹ വാത്സല്യം അലയടിച്ചപ്പോള്‍ അമൃതപുരി ജനസാഗരമായി. അമ്മ, മാതാ അമൃതാനന്ദമയിയുടെ 72 ആം ജന്മദിനം ഒരു ലോകം ഒരേ ഹൃദയവുമായിട്ടാണ് ദേശത്ത് നിന്നും വിദേശത്തു നിന്നും അമൃതപുരിയിലേക്ക് ഒഴുകിയെത്തിയവര്‍ ആഘോഷിച്ചത്.

പുലര്‍ച്ചെ 72 മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗവും സംഗീത സംവിധായകന്‍ ശരത്ത് പിന്നണി ഗായിക മഞ്ജരി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഭക്തിഗാന സുധയും പരിപാടികള്‍ക്ക് മാറ്റേകി. 9 ന് വേദിയില്‍ എത്തിയ അമ്മയെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. തുടര്‍ന്ന് പാദപൂജ നടന്നു.




ഭാരതത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആദിവാസിഗോത്രാംഗങ്ങള്‍ ചേര്‍ന്നു'ഒരു ലോകം, ഒരു ഹൃദയം' എന്ന സങ്കല്പത്തിലുള്ള ലോകശാന്തി പ്രാര്‍ത്ഥന നടത്തി. അമൃതവര്‍ഷം 72 ന്റെ ഔദ്യോഗിക പരിപാടിയ്ക്ക് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ ഉദ്ഘാടനം ചെയ്തു. അമ്മയുടെ ജീവിതം സേവനത്തിനായി മാത്രം സമര്‍പ്പിച്ചതാണ് എന്നും അത് എല്ലാ അര്‍ത്ഥത്തിലും മാതൃകാപരമാണെന്നും ജെപി നദ്ദ പറഞ്ഞു. ലോകത്തിന്റെ എല്ലാ മേഖലയിലും അമ്മയുടെ സേവനകാരുണ്യ പദ്ധതികള്‍ എത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ അമൃത ആശുപത്രി നടത്തുന്ന സേവനം ഏറെ മഹത്വമാണ്. വിദ്യാഭ്യാസ രംഗത്തും അമൃത ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നു. സ്ത്രീ ശാക്തീകരണ പദ്ധതിയിലൂടെ സമൂഹത്തിലെ സ്ത്രീകളുടെ ഉന്നമനമാണ് അമ്മ ലക്ഷ്യമിടുന്നത്. സുനാമിയും പ്രളയവും വന്നപ്പോഴെല്ലാം അത് തെളിയിക്കപ്പെട്ടു. അമ്മയുടെ ജന്മദിനം അതു കൊണ്ട് തന്നെ സേവന പദ്ധതികളാല്‍ മഹത്തരമാകുന്നു എന്നും ജെപി നദ്ദ വ്യക്തമാക്കി.




പ്രശസ്ത സാഹിത്യകാരന്‍ പി ആര്‍ നാഥന് അമൃതകീര്‍ത്തി പുരസ്‌കാരവും ചടങ്ങില്‍ സമ്മാനിച്ച് ആദരിച്ചു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത ഫലകവും ഒരു ലക്ഷത്തി ഇരുപത്തിമൂവായിരത്തി നാനൂറ്റി അന്‍പത്തി ആറു രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജെ പി നദ്ദ പുരസ്‌കാര സമര്‍പ്പണം നടത്തി. അമ്മ പകര്‍ന്ന സ്‌നേഹവും കരുണയും എല്ലാം തന്റെ മനസ്സിനെ സ്വാധീനിച്ചു. അത് കൊണ്ട് തന്നെ ഈ പുരസ്‌ക്കാരം അമ്മയ്ക്ക് സമര്‍പ്പിക്കുന്നു എന്നും മറുപടി പ്രസംഗത്തില്‍ പി ആര്‍ നാഥന്‍ പറഞ്ഞു.

'ഒരു ലോകം ഒരു ഹൃദയം' എന്ന വിഷയത്തെ ഉപചരിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തുന്ന മലയാള ഉപന്യാസ മത്സരത്തിന്റെ ഉദ്ഘാടനവും 72 പ്രമുഖ വ്യക്തികള്‍ എഴുതിയ അനുഭവങ്ങളുടെ സമാഹാരമായ 'അമ്മക്കടല്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്‍, എല്‍ മുരുകന്‍, ഹരിയാണയില്‍ നിന്നുള്ള മന്ത്രി രാജേഷ് നാഗര്‍, എം പിമാരായ ശശി തരൂര്‍, എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാല്‍ ജസ്റ്റിസ് ജയകുമാര്‍, മഹാ മണ്ഡലേശ്വര്‍ സന്തോഷാനന്ദ് മഹാരാജ്, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി , സ്വാമി ഗീതാനന്ദ, സ്വാമി വിശാലാനന്ദ ഗിരി , മുന്‍ കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, വി മുരളിധരന്‍, സി ആര്‍ മഹേഷ് എം എല്‍ എ, കുമ്മനം രാജശേഖരന്‍, വെള്ളാപ്പളളി നടേശന്‍ ,തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിവര്‍ വിവിധ സേവന കര്‍മ്മ പദ്ധതികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. കൊച്ചിയിലും ഫരീദാബാദിലും ഉള്ള അമൃത ആശുപത്രികളില്‍ നടത്താന്‍ പോകുന്ന 300 സൗജന്യ ശാസ്ത്രക്രിയകളുടെ പ്രഖ്യാപനം, കടഞഛ യുമായി സഹകരിച്ച് അമൃത ആശുപത്രി 1300 പേര്‍ക്ക് സൗജന്യ അപസ്മാരം ശസ്ത്രക്രിയ നടത്താനുള്ള ധാരണപത്രം കൈമാറല്‍ അമൃത യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 'അസിസ്റ്റീവ് ടെക്‌നോളജി ഇന്‍ എജ്യൂക്കേഷന്‍' എന്ന വിഭാഗത്തിന്റെ പുതിയ യുനെസ്‌കോ ചെയറിന്റെ പ്രഖ്യാപനം, കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 6000 ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു കൊടുക്കുന്നതിന്റെ പ്രഖ്യാപനം, പുതിയ ആശ്രമപ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും 17 സമൂഹ വിവാഹവും അമ്മയുടെ ദിവ്യ സാന്നിധ്യത്തില്‍ നടന്നു. തുടര്‍ന്ന് അമ്മ ദര്‍ശനത്തിന് എത്തിയവരെയെല്ലാം ആശ്ലേഷാനുഗ്രഹം നല്‍കി.

Tags:    

Similar News