'നിനക്കൊന്ന് പൊട്ടിക്കരഞ്ഞുകൂടേ'; തെരെഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സൈബർ ആക്രമണം; പൊട്ടിക്കരഞ്ഞ് മായാ വി; പിന്നാലെ കണ്ണീർ തുടച്ച് പരിഹാസങ്ങൾക്കുള്ള ചുട്ട മറുപടി; കരഞ്ഞ് ഒരു മൂലയ്ക്ക് ഇരിക്കാനുള്ള സമയമില്ല'; ഞാൻ അടിമയല്ല തലയുയർത്തി നിൽക്കും; വൈറലായി വീഡിയോ
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് വീഡിയോയിലൂടെ മറുപടി നൽകി എൽഡിഎഫ് സ്ഥാനാർത്ഥി മായാ വി. കൂത്താട്ടുകുളം നഗരസഭയിലെ 26-ാം വാർഡ് എടയാർ വെസ്റ്റിൽ നിന്ന് മത്സരിച്ച മായയുടെ പ്രതികരണ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വ്യക്തിപരവും രാഷ്‌ട്രീയപരവുമായ അധിക്ഷേപങ്ങളെ നേരിടാൻ ഭയന്ന് പിൻമാറില്ലെന്ന് അവർ വീഡിയോയിലൂടെ വ്യക്തമാക്കി.
ടെലിവിഷൻ സ്റ്റാൻഡപ് കോമഡി പരിപാടികളിലൂടെ ശ്രദ്ധേയയായ മായാ വി, തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കാൻ എത്തിയപ്പോൾ വിത്യസ്‌തമായ പേര് കൊണ്ടും മാധ്യമശ്രദ്ധ നേടിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ വ്യാജ അക്കൗണ്ടുകളിൽ നിന്ന് ഉൾപ്പെടെ കടുത്ത സൈബറാക്രമണമാണ് അവർക്ക് നേരിടേണ്ടി വന്നത്. 'സത്യാവസ്ഥ ഇതാണ്' എന്ന അടിക്കുറിപ്പോടെ മായാ വി ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയുടെ ആദ്യഭാഗത്ത് കണ്ണീരോടെയാണ് അവർ പ്രത്യക്ഷപ്പെടുന്നത്.
തനിക്കെതിരെയുള്ള ആരോപണങ്ങൾ ശരിയാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ വികാരാധീനയായി കണ്ണുനിറഞ്ഞെത്തിയ മായ, പിന്നീട് "നിങ്ങൾ എന്നെ ഇങ്ങനെയാകും അല്ലെ കാണാൻ ആഗ്രഹിക്കുന്നത്?" എന്ന ചോദ്യത്തോടെ കണ്ണീർ തുടച്ച് മായ പരിഹാസങ്ങൾക്ക് ചുട്ട മറുപടി നൽകുന്നു. "നിനക്കൊന്ന് പൊട്ടിക്കരഞ്ഞുകൂടേയെന്ന" വിമർശകർക്കുള്ള ട്രോൾ മറുപടിയായി ഈ ഭാഗം മാറി.
"ഞാൻ കരഞ്ഞ് ഒരു മൂലയ്ക്ക് ഇരിക്കുന്ന ആളല്ല, എനിക്കിപ്പോൾ അതിനുള്ള സമയവുമില്ല," അവർ വ്യക്തമാക്കി. "സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് ഞാൻ നിന്നത്. ആ പാർട്ടി എന്റെ കൂടെത്തന്നെ കാണും, ഞാനും." തനിക്ക് സന്ദേശങ്ങളയക്കുകയും കമന്റ് ചെയ്യുകയും ചെയ്തവരോട് ദേഷ്യത്തിൽ പ്രതികരിച്ചതിന് ക്ഷമ ചോദിച്ചെങ്കിലും, താൻ കരയുമെന്നും ക്ഷമ പറയുമെന്നും കരുതിയെങ്കിൽ തെറ്റിയെന്ന് മായ കൂട്ടിച്ചേർത്തു. സൈബർ അക്രമികളെ വെല്ലുവിളിച്ചുകൊണ്ട്, "ഈ കമന്റ് ഇടുന്ന ചേട്ടന്മാർ നിങ്ങളുടെ വിജയ സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ ഇടൂ, എന്നിട്ട് എന്തെങ്കിലും പറഞ്ഞോ," അവർ പറഞ്ഞു.
താൻ ജീവിതത്തിൽ ഒരുപാട് തോറ്റിട്ടുള്ള ആളാണെന്നും മായ വെളിപ്പെടുത്തി. അക്കൗണ്ടുകൾ പൂട്ടി വെച്ചാണ് ചിലർ തന്നെ ആക്രമിക്കുന്നതെന്നും, ഒരു സ്ത്രീയായ താൻ പോലും തന്റെ അക്കൗണ്ട് പബ്ലിക് ആക്കിയിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. "കാരണം നിങ്ങൾ നാട്ടിലും വീട്ടിലും എല്ലാം അത്രയേ ഉള്ളൂ," എന്ന് അവർ വിമർശിച്ചു. തന്നെ പഠിപ്പിച്ച ഗുരുക്കന്മാർ, ഭർത്താവിന്റെ വീട്ടുകാർ, സ്വന്തം വീട്ടുകാർ, സുഹൃത്തുക്കൾ, തന്നെ സ്നേഹിക്കുന്ന ഒട്ടേറെ പേർ എന്നിവർ സമൂഹമാധ്യമങ്ങളിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. "ഞാൻ മറ്റുള്ളവരെ ബഹുമാനിക്കുന്ന ഒരാളാണ്.
ഞാൻ അടിമയല്ല, അടിമ ആയിരുന്നെങ്കിൽ നിങ്ങൾ പറയുമ്പോൾ കുമ്പിട്ട് തല കുനിച്ചു നിൽക്കുമായിരുന്നു. ഞാൻ അടിമയല്ല, ഞാൻ തലയുയർത്തി നിൽക്കും" എന്ന് പറഞ്ഞുകൊണ്ടാണ് സൈബർ ആക്രമണങ്ങളെ മായ ശക്തമായി ചെറുത്തത്. താൻ സ്വന്തം ഇഷ്ടപ്രകാരമാണ് രാഷ്‌ട്രീയത്തിൽ ഇറങ്ങിയതെന്നും, കുറച്ച് വ്യാജ അക്കൗണ്ടുകളിൽ നിന്നുള്ള അധിക്ഷേപങ്ങളും കൊണ്ട് തളരില്ലെന്നും മായാ വി പറഞ്ഞു. താൻ കരയുകയോ ക്ഷമ ചോദിക്കുകയോ ചെയ്യില്ലെന്നും തന്റെ രാഷ്‌ട്രീയവും പാർട്ടിയും തനിക്കൊപ്പം എന്നുമുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. നിരവധി പേരാണ് മായക്ക് പിന്തുണയുമായി കമന്റ് ബോക്സിൽ എത്തിയത്.
