ഉത്തരക്കടലാസ് ബൈക്കില്‍ വച്ചു കെട്ടി പോയ അധ്യാപകന്‍; എങ്ങനെ കളഞ്ഞുവെന്നത് ഇനിയും അജ്ഞാതം; അവസാന സെമസ്റ്റര്‍ പ്രൊജക്ട് ഫിനാന്‍സ് പരീക്ഷയെ അവതാളത്തിലാക്കിയത് ഗുരുതര പാളിച്ച; കേരളാ സര്‍വ്വകലാശാലയില്‍ എംബിഎ പ്രതിസന്ധി; വിദേശത്തേക്ക് ഉപരിപഠനത്തിന് പോയവര്‍ വെട്ടിലായി; ഇത് കേരള മോഡല്‍ വിദ്യാഭ്യാസത്തിന് അപമാനം
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ നടന്നത് ഗുരുതര വീഴ്ച. അതീവ ദുരൂഹമാണ് കാര്യങ്ങള്‍. ബൈക്കില്‍ പോകുമ്പോള്‍ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നാണ് അധ്യാപകന്റെ വിശദീകരണം. പാലക്കാട് നിന്നുള്ള യാത്രക്കിടെ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നും മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്‍ സര്‍വകലാശാല അധികൃതരെ അറിയിച്ചു. അധ്യാപകനെതിരെ നടപടിയെടുക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം. 2022-2024 അധ്യയന വര്‍ഷത്തിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കാണാതായത്. 8 മാസത്തോളമായി പരീക്ഷാഫലം കാത്തിരിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കി സര്‍വകലാശാലയുടെ പുനപരീക്ഷ നിര്‍ദ്ദേശം എത്തിയത്. ഉത്തരക്കടലാസ് അലക്ഷ്യമായി കൊണ്ടു പോയത് അടക്കം ഞെട്ടലായി.
സംഭവത്തില്‍ വൈസ് ചാന്‍സിലര്‍ രജിസ്ട്രാറോട് റിപ്പോര്‍ട്ട് തേടും. അതേസമയം, അധ്യാപകന്റെ വീഴ്ച ആദ്യ മൂടിവെക്കാനാണ് സര്‍വകലാശാല ശ്രമിച്ചത്. ഉത്തരക്കടലാസ് കാണാതായതിന്റെ കാരണം ആദ്യം പറയാതെ പുനപരീക്ഷ പ്രഖ്യാപിച്ച് പ്രശ്‌നം ഒതുക്കാനായിരുന്നു സര്‍വകലാശാലയുടെ ശ്രമം. എന്നാല്‍, സംഭവം വാര്‍ത്തയായതോടെയാണ് സര്‍വകലാശാല നടപടിയുമായി മുന്നോട്ട് പോകുന്നത്. മൂല്യനിര്‍ണയത്തിനായി കൊടുത്തയച്ച ഉത്തരക്കടലാസുകള്‍ അധ്യാപകന്റെ പക്കല്‍ നിന്നാണ് നഷ്ടപ്പെട്ടതെന്ന് ഉറപ്പിച്ചിട്ടുണ്ട്. വിസി അടിയന്തര യോഗവും വിളിച്ചു. കെ എസ് യു പരാതിയും കൊടുത്തിട്ടുണ്ട്.
മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാത്തതിനാല്‍ കോഴ്‌സ് പൂര്‍ത്തിയായിട്ടും ഫലപ്രഖ്യാപനവും നടത്താനായിട്ടില്ല. മൂന്നാം സെമസ്റ്റര്‍ മുതലുള്ള പരീക്ഷാഫലമാണ് പുറത്ത് വിടാനുള്ളത്. ഇതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ക്കും, മാതാപിതാക്കള്‍ക്കും ആശങ്കയായി പരീക്ഷ പേപ്പറുകള്‍ കാണാതായെന്ന സര്‍വകലാശാലാ അധികൃത അറിയിപ്പും ലഭിച്ചത്. മൂന്നാം സെമസ്റ്ററിലെ പേപ്പറായ പ്രോജക്ട് ഫിനാന്‍സ് എന്ന പേപ്പര്‍ കാണാതായിരിക്കുന്നതെന്നാണ് അറിയിപ്പ്. ഈ വിദ്യാര്‍ത്ഥികള്‍ പുനപരീക്ഷ എഴുതണമെന്നാണ് സര്‍വകലാശാലയുടെ നിര്‍ദേശം. പരീക്ഷാഫലം വൈകുന്നതിന്റെ കാരണം സര്‍വകലാശാല വിശദീകരിച്ചിരുന്നില്ല.
ഏപ്രില്‍ ഏഴിന് വീണ്ടും പരീക്ഷ നടത്തുന്നുവെന്നു കാണിച്ച് വെള്ളിയാഴ്ച ഉച്ചയോടെ വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പു ലഭിച്ചത്. എന്നാല്‍ വീണ്ടും പരീക്ഷ നടത്തിയാല്‍ ഫലം വരാന്‍ ഇനിയും കാലതാമസം വരുമെന്നും, ഇത് ഇപ്പോഴുള്ള സ്ഥിതിയെ കൂടുതല്‍ വഷളാക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. പരീക്ഷാഫലം വൈകുന്നതോടെ അഭിമുഖം പാസാക്കുന്ന കുട്ടികള്‍ക്ക് പോലും ജോലിക്ക് പ്രവേശിക്കാനാവുന്നില്ല. സര്‍ട്ടിഫിക്കറ്റോ, പരീക്ഷാ ഫലമോ ഹാജരാക്കേണ്ട സാഹചര്യം വരുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാവുകയാണ്. എന്നാല്‍ മറ്റ് യൂണിവേഴ്‌സിറ്റികളില്‍ ഫലം വന്നതായാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എന്നാല്‍ പരീക്ഷാ പേപ്പര്‍ കാണാതായത് യൂണിവേഴ്‌സിറ്റിയുടെ അനാസ്ഥയാണെന്നാണ് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നത്.
2024 മെയില്‍ നടന്ന അവസാന സെമസ്റ്റര്‍ പ്രൊജക്ട് ഫിനാന്‍സ് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. സര്‍വകലാശാലയ്ക്ക് കീഴിലുള്ള അഞ്ച് കോളജുകളിലെ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളാണ് ഇവ. സംഭവം വാര്‍ത്തയായതോടെയാണ് പാലക്കാട് സ്വദേശിയായ അദ്ധ്യാപകനെതിരെ സര്‍വകലാശാല നടപടിയുമായി മുന്നോട്ട് പോകുന്നത്. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാത്തതിനാല്‍ കോഴ്‌സ് പൂര്‍ത്തിയായിട്ടും ഫലപ്രഖ്യാപനവും നടത്താനായിട്ടില്ല. പരീക്ഷ കഴിഞ്ഞിട്ട് പത്തുമാസം കഴിഞ്ഞിട്ടും ഉത്തരക്കടലാസിനെക്കുറിച്ച് യാതൊരു വിവരവുമില്ല. ഉത്തരക്കടലാസ് നഷ്ടമായതോടെ ഫലപ്രഖ്യാപനവും നടത്തിയിട്ടില്ല. എന്തായാലും പകരം പരീക്ഷ എഴുതാന്‍ നിര്‍വാഹമില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.
പരീക്ഷയെഴുതിയ കുട്ടികളില്‍ പലരും ഉപരിപഠനത്തിനായി വിദേശത്തേക്കു പോയി. ജോലി തേടിയിറങ്ങിയവര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തതിനാല്‍ ദുരിതത്തിലായി. വിദേശത്ത് പോയവര്‍ അടക്കം വലിയ പ്രതിസന്ധികളിലേക്ക് പോകും. ഉത്തര കടലാസ് നഷ്ടമായതോടെ പകരമായി ഈ വിദ്യാര്‍ഥികളോട് ഒരു സ്പെഷ്യല്‍ പരീക്ഷ എഴുതാന്‍ സര്‍വകലാശാല ആവശ്യപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇ-മെയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു. ഏപ്രില്‍ മാസം ഏഴാം തിയ്യതിയാണ് പരീക്ഷ നടക്കുക. രാവിലെ 9.30 മുതല്‍ 12.30 വരേയാണ് പരീക്ഷ. തുടര്‍ന്ന് പരീക്ഷാഫലത്തെ കുറിച്ച് അന്വേഷിച്ച് പലരും സര്‍വകലാശാലയില്‍ പോയപ്പോള്‍ 'അധ്യാപകന്റെ കൈയില്‍ നിന്ന് പേപ്പര്‍ മിസ് ആയി, സ്പെഷ്യല്‍ പരീക്ഷ ഫീസ് ഇല്ലാതെ എഴുതാമല്ലോ' എന്ന തരത്തിലുള്ള മറുപടിയാണ് ലഭിച്ചത്.
മറ്റ് വിദ്യാര്‍ഥികള്‍ക്കില്ലാത്ത പ്രശ്നം എന്താണ് നിങ്ങള്‍ക്കെന്നും ചോദിച്ചു. വിദ്യാര്‍ഥികളില്‍ പലര്‍ക്കും പരീക്ഷ അറിയിച്ചുള്ള മെയില്‍ ലഭിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ കോഴ്സ് കഴിഞ്ഞിട്ടും ജോലിക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥയിലാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.