'മുസ്ലീംങ്ങള്‍ ഉള്‍പ്പെട്ട ഏത് കൂട്ടായ്മയെയും സംശയത്തോടെ നോക്കുന്നത് അംഗീകരിക്കാനാവില്ല'; സിപിഐഎം നേതാവ് തുടങ്ങിവെച്ച ക്യാമ്പയിന്‍ ബിജെപി നേതാക്കള്‍ ഏറ്റുപിടിച്ചു; മെക് സെവന്‍ വിവാദത്തില്‍ പി മോഹനനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്‌കെഎസ്എസ്എഫ്
'മുസ്ലീംങ്ങള്‍ ഉള്‍പ്പെട്ട ഏത് കൂട്ടായ്മയെയും സംശയത്തോടെ നോക്കുന്നത് അംഗീകരിക്കാനാവില്ല'
കോഴിക്കോട്: വിവാദമായ മെക് സെവന്‍ കൂട്ടായ്മയയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി മോഹനനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്‌കെഎസ്എസ്എഫ് രംഗത്ത്. എസ്‌കെഎസ്എസ്എഫ്. പാര്‍ട്ടി നേതാവായ സത്താര്‍ പന്തല്ലൂരാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്. മെക്7 നെക്കുറിച്ചുണ്ടായ ആശങ്ക പൊലീസിനെ പിടിമുറുക്കിയ ആര്‍എസ്എസ് കരങ്ങളെക്കുറിച്ച് ഉണ്ടാകണമെന്നായിരുന്നു വിമര്‍ശനം. മുസ്ലിംകള്‍ ഉള്‍പ്പെട്ട കൂട്ടായ്കളെ സംശയത്തോടെ കാണുന്ന കാഴ്ചപ്പാട് അംഗീകരിക്കാനാവില്ല,
ഏതെങ്കിലും ഒരു കൂട്ടായ്മയിലോ പൊതുവായ മുന്നേറ്റങ്ങളിലോ ജനകീയ സമരങ്ങളിലോ മുസ്ലിംകള്‍ ഉണ്ടെങ്കില്‍ അതിനെ മറ്റൊരു കണ്ണിലൂടെ നോക്കിക്കാണുന്ന പ്രവണത മുമ്പും കേരളത്തിലുണ്ടായിട്ടുണ്ട് എന്നും എസ്‌കെഎസ്എസ്എഫ് നേതാവ് കൂട്ടിച്ചേര്‍ത്തു. സിപിഎം നേതാവ് തുടങ്ങിവെച്ച ക്യാമ്പയിന്‍ ബിജെപി നേതാക്കള്‍ ഏറ്റു പിടിച്ചുവെന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.
മെക് 7 ന്റെ കാര്യത്തിലുള്ള ആശങ്ക മോഹനന്‍ മാഷിന് കേരള പൊലീസില്‍ പിടിമുറുക്കിയ ആര്‍എസ്എസ് കരങ്ങളെ കുറിച്ചും വേണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്ത് വന്നാലും പൊലീസ് ആസ്ഥാനത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കും എന്നും പ്രഖ്യാപിച്ച ഐജി സുരേഷ് രാജ് പുരോഹിത് അടക്കുമുള്ളവര്‍ സിപിഎം ഭരിക്കുമ്പോഴാണ് സര്‍വീസില്‍ ഇരിക്കുന്നത് എന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, വിമര്‍ശനം കടുത്തതോടെ വ്യായാമ കൂട്ടായ്മ മെക് സെവനെതിരായ വിമര്‍ശനത്തില്‍ നിലപാട് മയപ്പെടുത്തി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തിയിരുന്നു. മെക്ക് സെവനെതിരെ അല്ല താന്‍ പറഞ്ഞത്. ചില ശക്തികള്‍ ഈ സംഘടനയിലേക്ക് നുഴഞ്ഞുകയറുന്നു എന്നാണ് പറഞ്ഞതെന്ന് പി മോഹനന്‍ പറഞ്ഞു. ഇതില് സംഘപരിവാര്‍, ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നിവര്‍ ഉണ്ടാകാമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.
ഇതിനെതിരെ ജാഗ്രത പുലര്‍ത്തണം.ഒരു മതത്തെയും കുറിച്ച് പറഞ്ഞിട്ടില്ല. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു നീക്കത്തെയും അനുവദിക്കില്ല. രാഷ്ട്രീയ- മത ചിന്തകള്‍ക്ക് അതീതമായ പൊതുഇടമാണ് മെക് 7. ആരോഗ്യ സംരക്ഷണത്തിനുള്ള കൂട്ടായ്മകള്‍ നല്ലതാണെന്നും പി. മോഹനന്‍ പറഞ്ഞു.
അതിനിടെ മെക് 7 കൂട്ടായ്മയെ പിന്തുണച്ചു പാലക്കാട് എംപി വി കെ ശ്രീകണ്ഠനും രംഗത്തെത്തി. രാജ്യത്തെ മുഴുവന്‍ മനുഷ്യരും ഏറ്റെടുക്കേണ്ടതും വ്യാപിപ്പിക്കേണ്ടതുമായ വ്യായാമ മുറയാണ് മെക് 7 എന്ന് വി.കെ. ശ്രീകണ്ഠന്‍ എം.പി പ്രതികരിച്ചു. മെക് 7 ഹെല്‍ത്ത് ക്ലബ് പട്ടാമ്പി ഏരിയ ഉദ്ഘാടനം ഓങ്ങല്ലൂര്‍ അല്‍ഹുദ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പ്രായക്കാര്‍ക്കും ലളിതമായി ചെയ്യാവുന്നതും ഏഴുതരം വ്യായാമ മുറകളില്‍നിന്ന് പ്രത്യേകം തിരഞ്ഞെടുത്തതുമായ 21 ഇനങ്ങളുടെ കൂട്ടായ്മയാണിത്. ജീവിതശൈലീ രോഗങ്ങള്‍ക്ക് ഏറ്റവും വലിയ പ്രതിവിധി ഇത്തരം വ്യായാമമാണെന്നും വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു.