പതിനൊന്നായിരം അടി ഉയരം; ഇടക്കിടെ ഉണ്ടാകുന്ന ചെറു ഭൂകമ്പങ്ങള്‍ അഗ്നിപര്‍വത സ്‌ഫോടനത്തിന് വഴിവെക്കുമോ എന്ന് ആശങ്ക; അമേരിക്കയിലെ അലാസ്‌കയ്ക്ക് ഭീഷണിയായി മൗണ്ട് സ്പര്‍ അഗ്‌നിപര്‍വതം; പൊട്ടിത്തെറിക്കാന്‍ സാധ്യതയെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍
അലാസ്‌കയ്ക്ക് ഭീഷണിയായി മൗണ്ട് സ്പര്‍ അഗ്‌നിപര്‍വതം; പൊട്ടിത്തെറിക്കാന്‍ സാധ്യതയെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍
അലാസ്‌ക: അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ അലാസ്‌ക്കയ്ക്ക് ഭീഷണി ഉയര്‍ത്തി അഗ്‌നിപര്‍വ്വതം. അലാസ്‌കയിലെ ആങ്കറേജിനടുത്തുള്ള സജീവ അഗ്‌നിപര്‍വതമായ മൗണ്ട് സ്പര്‍ ആണ് പൊട്ടിത്തെറിക്കാനുള്ള സാധ്യത വര്‍ധിച്ചത്. പതിനൊന്നായിരം അടിയാണ് ഈ അഗ്‌നിപര്‍വ്വതത്തിന്റെ ഉയരം. അഗ്നിപര്‍വ്വതത്തിന് സമീപം ഡസന്‍ കണക്കിന് ചെറിയ ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് ഒരു അഗ്‌നിപര്‍വ്വത സ്ഫോടനത്തിന് വഴി വെയ്ക്കുമോ എന്നാണ്
വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നത്.
അലാസ്‌ക്കാ വൊള്‍ക്കാനോ ഒബ്സര്‍വേറ്ററി കഴിഞ്ഞയാഴ്ചയില്‍ മാത്രം അമ്പത്തിയഞ്ചോളം ചെറു ഭൂകമ്പങ്ങള്‍ മേഖലയില്‍ ഉണ്ടായതായി രേഖപ്പെടുത്തിയിരുന്നു. ചില ഭൂകമ്പങ്ങള്‍ ശൃംഖലകളായിട്ടാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് ലക്ഷത്തോളം ജനങ്ങളാണ് ഇവിടെ പാര്‍ക്കുന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ നിരവധി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്ന തിരക്കിലാണ്.
അഗ്‌നിപര്‍വ്വത സ്ഫോടനം വിവിധ വിതരണ ശൃഖലകളെ തടസപ്പെടുത്താന്‍ സാധ്യത ഉള്ളതിനാല്‍ ഭക്ഷണം, കുഞ്ഞുങ്ങളുടെ സാധനങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള അവശ്യവസ്തുക്കള്‍ എന്നിവ സംഭരിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നഗരവാസികള്‍ എല്ലാം തന്നെ മാസ്‌ക്കുകളും ജഗ്ഗുകളും സുരക്ഷാ ഉപകരണങ്ങളും എല്ലാം സംഭരിക്കുന്ന തിരക്കിലാണ്. അഗ്‌നിപര്‍വ്വത സ്ഫോടനം നടന്നാല്‍ അത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.
അമ്പതിനായിരം അടി ഉയരത്തില്‍ വരെ അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് ഉയരുന്ന ചാരം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പ്്. ഓരോ പൊട്ടിത്തെറിയെയും തുടര്‍ന്ന് ഉണ്ടാകുന്ന പുകപടലങ്ങള്‍ മണിക്കൂറുകളോളം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കും. നഗരം ദീര്‍ഘനേരം പൊടി കൊണ്ട് മൂടിയ അവസ്ഥയിലായിരിക്കും എന്നാണ് നിരീക്ഷകര്‍ അറിയിക്കുന്നത്. അഗ്നിപര്‍വ്വതത്തില്‍ നിന്ന് ഉയരുന്ന ചാരം കണ്ണുകള്‍, മൂക്ക്, തൊണ്ട എന്നിവയെ ദോഷകരമായി ബാധിക്കുമെന്നും ആസ്ത്മ മറ്റ് തരത്തിലുള്ള ശ്വാസകോശ രോഗങ്ങള്‍ ഹൃദയ പ്രശ്നങ്ങള്‍ എന്നിവയുള്ളവര്‍ക്ക് കൂടുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
സമീപ കാലത്തുണ്ടായ ഭൂകമ്പങ്ങള്‍ ചെറുതാണെങ്കിലും അവ ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തിയത് എന്നാണ് കരുതപ്പെടുന്നത്. അഗ്നിപര്‍വ്വതത്തിന്റെ കൊടുമുടി 5,000 വര്‍ഷത്തോളമായി പൊട്ടിത്തെറിച്ചിട്ടില്ല. എന്നാല്‍ ക്രേറ്റര്‍ പീക്ക് എന്നറിയപ്പെടുന്ന അതിന്റെ വശത്തെ വെന്റ് അവസാനമായി പൊട്ടിത്തെറിച്ചത് 30 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. 1992 ല്‍ ഉണ്ടായ ഈ സ്ഫോടനത്തില്‍ നഗരത്തിന്റെ വലിയൊരു ഭാഗം ചാരത്താല്‍ മൂടപ്പെട്ടിരുന്നു.
പകല്‍ മുഴുവന്‍ ആകാശം ഇരുണ്ട് കിടന്നിരുന്നു. നഗരത്തിലെ വിമാനത്താവളം ഇരുപത് മണിക്കൂറോളമാണ് അടച്ചിടേണ്ടി വന്നത്. മൃഗങ്ങളെ കഴിയുന്നത്ര വീടിനുള്ളില്‍ തന്നെ സൂക്ഷിക്കണമെന്നും രണ്ടാഴ്ചത്തേക്ക് ആവശ്യമായ ഭക്ഷണവും മരുന്നുകളും കൈവശം വയ്ക്കണമെന്നും പുറത്തു പോകേണ്ടിവന്നാല്‍ അവയുടെ രോമങ്ങള്‍ വൃത്തിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നഗരത്തിലെ പലരും അഗ്‌നിപര്‍വ്വത സ്ഫോടനത്തെ നേരിടുന്നതിനായി നടത്തുന്ന തയ്യാറെടുപ്പുകളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നായ്ക്കള്‍ക്കായുള്ള സംരക്ഷണ കണ്ണടകളുടെ വില്‍പ്പനയും ഇവിടെ വന്‍ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.