പ്രതിഫലം 343കോടി രൂപയും കൂടാതെ ലാഭവിഹിതവും; സ്വന്തം ജീവിതം ഡോക്യുമെന്ററിയാക്കാന്‍ മെലാനിയ ട്രംപ്; ആമസോണ്‍ പ്രൈമുമായി കരാര്‍ ഒപ്പിട്ടു; ട്രംപുമായുള്ള പ്രണയവും ജീവിതവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും; ട്രംപ്, മകന്‍ ബാരണ്‍ എന്നിവരും ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെടും

സ്വന്തം ജീവിതം ഡോക്യുമെന്ററിയാക്കാന്‍ മെലാനിയ ട്രംപ്;

Update: 2025-01-08 10:55 GMT

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരയുടെ ഭാര്യയാണ് മെലാനിയ ട്രംപ്. ജീവിതത്തില്‍ നിറയെ അനുഭവങ്ങളുള്ള വനിത. ഇപ്പോഴിയാ തന്റെ ജീവിതം ഡോക്യുമെന്ററിയാക്കാന്‍ ആമസോണുമായി കരാറില്‍ ഒപ്പിട്ടിരിക്കയാണ് മെലാനിയ. ഇതുസംബന്ധിച്ച് ആമസോണുമായി മെലാനിയ കരാറൊപ്പിട്ടു. 343കോടി രൂപയുടെ കരാറാണ് ആമസോണുമായി മെലാനിയ ഒപ്പുവെച്ചതെന്നാണ് റിപ്പോര്‍ട്ട്.

ട്രംപ്, മകന്‍ ബാരണ്‍ എന്നിവരും ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെടും. ബ്രെറ്റ് റാത്‌നര്‍ ആണ് സംവിധാനം. മെലാനിയയുടെ ജീവിതത്തിലെ അവിസ്മരണീയമായ സംഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഡോക്യുമെന്ററി ഈവര്‍ഷം പകുതിയോടെ സ്ട്രീമിങ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ ധനസമാഹരണ ഫണ്ടിലേക്ക് ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ് 10 ലക്ഷം ഡോളര്‍ സംഭാവന നല്‍കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് മെലാനിയ ഡോക്യുമെന്ററി കരാര്‍ ഒപ്പുവെച്ചത്. ഡോക്യുമെന്ററിക്ക് പുറമേ മൂന്നോ നാലോ എപ്പിസോഡിലായുള്ള ഡോക്യുസീരിസും പുറത്തിറങ്ങും.

രണ്ട് പ്രോജക്ടിലും പങ്കുചേരുന്ന മെലാനിയ തന്നെയാവും ഡോക്യുമെന്ററിയുടേയും ഡോക്യുസീരിസിന്റെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഇതിലൂടെ കരാര്‍ തുകയ്ക്ക് പുറമേ ഡോക്യുമെന്ററി ലാഭവിഹിതവും മെലാനിയക്ക് ലഭിക്കും. രണ്ടാം തവണയാണ് ഡൊണാള്‍ഡും ഭാര്യ മെലാനിയ ട്രംപും വൈറ്റ് ഹൗസിലേക്ക് എത്തുന്നത്. ഇരുവരുടെയും കണ്ടുമുട്ടലും പ്രണയവുമൊക്കെ സിനിമാറ്റികാണെന്നാണ് പൊതുവെ പറയാറുള്ളത്. 1998-ലാണ് ഡൊണാള്‍ഡ് ട്രംപും മെലാനിയയും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് അവര്‍ വിവാഹിതരാകുകയായിരുന്നു. ഇപ്പോള്‍ ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ഒരുമിച്ചു ജീവിക്കുകയാണ് അവര്‍.

1998ല്‍ നടന്ന ഒരു ഫാഷന്‍ വീക്കില്‍ കിറ്റ് കാറ്റ് ക്ലബ്ബില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ഇരുവരുടെയും സുഹൃത്തും മെട്രോപൊളിറ്റന്‍ മോഡല്‍സ് സഹ ഉടമയുമായ പൗലോ സാംപോളി ആതിഥേയത്വം വഹിച്ച ഇവന്റായിരുന്നു അത്. 1996ല്‍ സ്ലോവേനിയയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയ ശേഷം മെലാനിയ ക്നാസ് ന്യൂയോര്‍ക്കില്‍ മോഡലായി ജോലി ചെയ്യുകയായിരുന്നു. അന്ന് അവിടെ വച്ച് തന്നെ ട്രംപ് മെലാനിയക്ക് നമ്പര്‍ കൈമാറി. ദിവസങ്ങള്‍ക്കു ശേഷം മെലാനിയ തിരികെ വിളിക്കുകയും പിന്നീട് ഇവര് തമ്മില്‍ ഡേറ്റിംഗ് ആരംഭിക്കുകയുമായിരുന്നു.

ഇവര്‍ ഡേറ്റിംഗ് ആരംഭിച്ച് ഒരു വര്‍ഷത്തിനു ശേഷം ട്രംപ് തന്റെ രണ്ടാം ഭാര്യ മാര്‍ല മാപ്പിള്‍സില്‍ നിന്ന് വിവാഹമോചനം നേടി. പക്ഷേ 2000ന്റെ ആരംഭത്തില്‍ ട്രംപും മെലാനിയയും തമ്മില്‍ പിരിയുകയാണെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞു. മെലാനിയ ഒരു അതിശയിപ്പിക്കുന്ന സ്ത്രീയാണെന്നും അവളെ മിസ് ചെയ്യുമെന്നും അന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പിന്നീട് പ്രശ്‌നങ്ങളെല്ലാം അവസാനിപ്പിച്ച് അവര്‍ ഒന്നിച്ചു.

2004ല്‍ നടന്ന മെറ്റ് ഗാല ഈവന്റില്‍ 1.5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 15 കാരറ്റ് മോതിരം ട്രംപ് മെലാനിയക്ക് നല്‍കിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഒരു വര്‍ഷത്തിനുശേഷം, 2005 ജനുവരിയില്‍, ഫ്ലോറിഡയിലെ പാം ബീച്ചില്‍ ഇരുവരും വിവാഹിതരായി. 2006-ല്‍ ഇരുവരും തങ്ങളുടെ ആദ്യ മകനായ ബാരണ്‍ ട്രംപിന് ജന്മം നല്‍കി.

Tags:    

Similar News