അര്‍ജന്റീനയ്ക്ക് ദൂരയാത്ര ഒഴിവാക്കി ആഫ്രിക്കന്‍ രാജ്യങ്ങളുമായി കളിക്കാനാണ് താല്‍പ്പര്യം; ഫിഫ ഇന്റര്‍നാഷണല്‍ വിന്‍ഡോയിലെ ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളും കളിക്കാരുടെ ജോലിഭാരവും മറ്റൊരു പ്രധാന കാരണം; മെസിയും സംഘവും കേരളത്തിലേക്ക് എത്തില്ലേ? വ്യക്തത വരുത്തേണ്ടത് പിണറായി സര്‍ക്കാര്‍; അല്ലെങ്കില്‍ മറ്റൊരു 'ഉണ്ണികൃഷ്ണന്‍ പോറ്റി'!

Update: 2025-10-17 03:22 GMT

കൊച്ചി: 70 കോടിയ്ക്ക് കൊച്ചിയിലെ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ കസേര നവീകരണം നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്? ലോകകപ്പ് ജേതാക്കളായ ലയണല്‍ മെസ്സി നയിക്കുന്ന അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിന്റെ നവംബറില്‍ കേരളത്തില്‍ നടക്കാനിരുന്ന സൗഹൃദമത്സരം റദ്ദാക്കിയതായി പ്രമുഖ സ്പാനിഷ് മാധ്യമമായ 'ലാ നാസിയോണ്‍' ഒക്ടോബര്‍ 16 വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഫിഫയുടെ നവംബര്‍ 10 മുതല്‍ 18 വരെയുള്ള മത്സരങ്ങള്‍ക്കായുള്ള വിന്‍ഡോയിലാണ് ഈ മത്സരം തീരുമാനിച്ചിരുന്നത്. ഇതോടെ വീണ്ടും മെസിയുടെ കേരള വരവ് അനിശ്ചിതത്വത്തിലാകുന്നത്. അതിനിടെയാണ് ശതകോടികളുടെ നവീകരണം കേരളത്തില്‍ നടക്കുന്നത്. ഇതിന് വേണ്ടി വലിയ തോതില്‍ ഇടപെടലും നടക്കുന്നുണ്ട്. 'പണം കൊള്ള'യ്ക്കുള്ള തന്ത്രമാണോ ഇതെന്ന സംശയവും സജീവം. ഏതായാലും അന്താരാഷ്ട്ര-ദേശീയ മാധ്യമങ്ങളെല്ലാം മെസിയുടെ കേരളത്തിലേക്കുള്ള വരവില്‍ സംശയം ഉയര്‍ത്തി വാര്‍ത്ത പുറത്തു വിട്ടിട്ടുണ്ട്.

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എ.എഫ്.എ) ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ലാ നാസിയോണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, ആവശ്യകതകള്‍ നിറവേറ്റുന്നതില്‍ ഇന്ത്യക്ക് കഴിഞ്ഞില്ലെന്നും, 'നിരന്തരമായ കരാര്‍ ലംഘനങ്ങളാണ്' മത്സരം റദ്ദാക്കാന്‍ കാരണമെന്നും പറയുന്നു. നവംബറില്‍ മത്സരം യാഥാര്‍ത്ഥ്യമാക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തിരുന്നതായും, വേദി, ഹോട്ടല്‍ സൗകര്യങ്ങള്‍ എന്നിവ പരിശോധിക്കാന്‍ ഒരു പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിച്ചിരുന്നതായും എ.എഫ്.എ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിലവിലെ കരാര്‍ പുനഃക്രമീകരിച്ച് അടുത്ത വര്‍ഷം മാര്‍ച്ചില്‍ പുതിയ തീയതി കണ്ടെത്താനാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍്ട്ടര്‍ ടിവിയാണ് കേരളത്തിലെ മെസിയെ എത്തിക്കുന്ന പ്രധാന സ്‌പോണ്‍സര്‍. ഗോകുലം ഗോപാലനും പിന്തുണ നല്‍കുന്നുണ്ട്. ഇതിനിടെയാണ് പുതിയ വിവരങ്ങള്‍.

ഇക്കാര്യം ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിക്കേണ്ടതുണ്ട്. ഇല്ലാത്ത പക്ഷം വ്യാപക രീതിയില്‍ പിരിവും മറ്റും ഇതിന്റെ പേരില്‍ നടക്കും. ടിക്കറ്റ് വില്‍പ്പനയിലേക്ക് പോലും ചില കേന്ദ്രങ്ങള്‍ കടന്നിട്ടുണ്ട്. ലക്ഷങ്ങള്‍ വിലയുള്ള ടിക്കറ്റുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മുമ്പ് മാഗോ ഫോണ്‍ അടക്കമുള്ള തട്ടിപ്പുക്കളില്‍ പ്രതിയായവരാണ് റിപ്പോര്‍ട്ടര്‍ ടിവിയിലെ ഉടമകള്‍. മുട്ടില്‍ മരം മുറിയിലും പെട്ടു. അതുകൊണ്ട് തന്നെ സ്‌പോണ്‍സര്‍ഷിപ്പ് വിവാദം ഇവിടേയും ഉയരാന്‍ സാധ്യതയുണ്ട്. മെസി വരുമെങ്കില്‍ പണം ചെലവാക്കുന്നതില്‍ അര്‍ത്ഥമുണ്ട്. അല്ലാത്ത പക്ഷം ശത കോടികള്‍ പൊടിക്കുന്നത് മെസിയുടെ പേരില്‍ പണം തട്ടാന്‍ മാത്രമാണെന്ന് കരുതേണ്ടി വരും. ഈ സാഹചര്യത്തിലാണ് തട്ടിപ്പിന് കളമൊരുക്കാതെ അടിയന്തര ഇടപെടല്‍ അനിവാര്യമായി വരുന്നത്. ശബരിമലയിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരു സ്‌പോണ്‍സാറായിരുന്നു. മെസിയുടെ പേരിലും സമാന സ്‌പോണ്‍സര്‍ അവതാരങ്ങള്‍ കേരളത്തില്‍ നിറയാന്‍ സാധ്യതയുണ്ട്. ഇത് ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.

കഴിഞ്ഞ മാസം, എ.എഫ്.എയുടെ വേദി മാനേജരായി പരിചയപ്പെടുത്തിയ ഹെക്ടര്‍ ഡാനിയേല്‍ കാബ്രേറ, നിര്‍ദ്ദിഷ്ട മത്സര വേദിയായ കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു. അന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ കാബ്രേറയുമായി കൂടിക്കാഴ്ച നടത്തുകയും, മത്സരം നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. അര്‍ജന്റീനയുടെ വരവ് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരുന്നത്. മത്സരം സംഘടിപ്പിക്കാന്‍ ചുമതലപ്പെടുത്തിയ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, നവംബര്‍ 17ന് കൊച്ചിയില്‍ അര്‍ജന്റീനയുമായി സൗഹൃദമത്സരം കളിക്കാന്‍ ഓസ്‌ട്രേലിയ സമ്മതിച്ചതായി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് മന്ത്രി വി. അബ്ദുറഹിമാന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

മെസ്സിയും സംഘവും കേരളത്തില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് വലിയ നിരാശ നല്‍കുന്നതാണ് ഈ വാര്‍ത്ത. കരാര്‍ പുനഃക്രമീകരിച്ച് അടുത്ത വര്‍ഷം മത്സരം നടക്കുമോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും വ്യക്തമല്ല. എന്നാല്‍ അടുത്ത വര്‍ഷം വരേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ നിലപാട്. അന്ന് കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ കാലമായിരിക്കും.

ഇതുമായി ബന്ധപ്പെട്ട് ഇന്ത്യാ ടുഡേ നല്‍കിയ വാര്‍ത്ത ചുവടെ

ലോക ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീനയും ഓസ്‌ട്രേലിയയും തമ്മില്‍ കേരളത്തില്‍ നടക്കാനിരുന്ന സൗഹൃദമത്സരം റദ്ദാക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. നവംബറില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വെച്ച് നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മത്സരമാണ് ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഈ വാര്‍ത്ത കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ വലിയ നിരാശയും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്.

70 കോടി രൂപ മുടക്കി നവീകരിച്ച ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മെസ്സിയുടെ വരവിനായി ഏറെക്കുറെ സജ്ജമായിരുന്നു. പുതിയ സീറ്റുകളും, ഫ്‌ലഡ് ലൈറ്റുകളും, മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. മെസ്സിയുടെ വരവ് ഒരു ഐതിഹാസിക സംഭവമായി കണക്കാക്കപ്പെട്ടിരുന്നു. ലയണല്‍ മെസ്സിക്ക് പുറമെ എമിലിയാനോ മാര്‍ട്ടിനെസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, റോഡ്രിഗോ ഡി പോള്‍, നിക്കോളാസ് ഓട്ടാമെന്‍ഡി, ജൂലിയന്‍ അല്‍വാരസ് തുടങ്ങിയ പ്രമുഖ താരങ്ങളെയും കളിക്കളത്തില്‍ കാണാമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.

അര്‍ജന്റീനിയന്‍ കായിക മാധ്യമപ്രവര്‍ത്തകന്‍ ഗ്യാസ്റ്റണ്‍ എഡുല്‍, ടിവൈസി സ്‌പോര്‍ട്‌സ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങളാണ് മത്സരത്തിന്റെ കാര്യത്തില്‍ സംശയമുയര്‍ത്തി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. അര്‍ജന്റീനയ്ക്ക് ദൂരയാത്ര ഒഴിവാക്കി ആഫ്രിക്കന്‍ രാജ്യങ്ങളുമായി കളിക്കാനാണ് താല്‍പ്പര്യമെന്നും, ഫിഫ ഇന്റര്‍നാഷണല്‍ വിന്‍ഡോയിലെ ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളും കളിക്കാരുടെ ജോലിഭാരവും മറ്റൊരു പ്രധാന കാരണമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍, സംഘാടകര്‍ മത്സരം ഷെഡ്യൂള്‍ ചെയ്ത പ്രകാരം നടക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

കേരളത്തിലെ മത്സരം, ഡിസംബര്‍ 13 മുതല്‍ 15 വരെ കൊല്‍ക്കത്ത, മുംബൈ, അഹമ്മദാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നടക്കുന്ന മെസ്സിയുടെ 'ഗോട്ട് ടൂറി'ന് ഒരു മുന്നോടിയായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഈ ഗോട്ട് ടൂര്‍ പരിപാടികള്‍ക്ക് മാറ്റങ്ങളൊന്നും വന്നിട്ടില്ല. കേരളത്തില്‍ മെസ്സിയെ നേരില്‍ കാണാന്‍ കാത്തിരുന്ന ആയിരക്കണക്കിന് ആരാധകര്‍ ഔദ്യോഗിക സ്ഥിരീകരണത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്.

Tags:    

Similar News