അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്കു വരുന്ന കാര്യത്തില്‍ ഒരു ആശയക്കുഴപ്പവുമില്ലെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് മുഹമ്മദ് ഹനീഷും; ജയതിലകും ടീമും സ്റ്റേഡിയം നവീകരണത്തില്‍ തന്നെ; മെസി എത്തുമോ എന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞുവോ?
കൊച്ചി: വിദേശ മാധ്യമങ്ങള്‍ പറയുന്നതൊന്നും മുഖവിലയ്ക്ക് എടുക്കില്ല. മെസിയും അര്‍ജന്റീനയും വരുമെന്ന പ്രതീക്ഷയിലാണ് പിണറായി സര്‍ക്കാര്‍. അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്കു വരുന്ന കാര്യത്തില്‍ ഒരു ആശയക്കുഴപ്പവുമില്ലെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറയുകയും ചെയ്തു. വൈകാതെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. സീറ്റിംഗ് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനു മുന്നോടിയായി സ്റ്റേഡിയത്തില്‍ സ്റ്റെബിലിറ്റി അനാലിസിസ് വരുംദിവസങ്ങളില്‍ നടക്കും. ഇതിനുശേഷമാകും അന്തിമതീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും നടപടികളുമായി കേരളം മുമ്പോട്ട് പോവുകയാണ്.
അര്‍ജന്റീന-ഓസ്ട്രേലിയ ടീമുകളുടെ സൗഹൃദമത്സരത്തിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വേദിയാകും എന്ന് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ നേതൃത്വത്തില്‍ കലൂര്‍ ഐഎംഎ ഹൗസില്‍ നടന്ന അവലോകന യോഗം നടന്നു. മത്സസരത്തോടനുബന്ധിച്ച് തയാറാക്കിയ വിവരങ്ങള്‍ ജില്ലാ കളക്ടര്‍, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍, ജില്ലാ റൂറല്‍ പോലീസ് മേധാവി എന്നിവര്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. കാര്യങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
വരുംദിവസങ്ങളില്‍ ജില്ലാതല കമ്മിറ്റികള്‍ ദിവസേനയും സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റി ആഴ്ചയില്‍ രണ്ടു ദിവസവും യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തും. സ്പെഷല്‍ ഓഫീസറുടെ നേതൃത്വത്തിലാകും തുടര്‍നടപടികള്‍. പരിപാടിയുടെ സ്പോണ്‍സറുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. റിപ്പോര്‍ട്ടര്‍ ടിവിയാണ് സ്‌പോണ്‍സര്‍. അര്‍ജന്റീന വരുമെന്നാണ് സ്‌പോണ്‍സര്‍ ഇപ്പോഴും പറയുന്നത്. അതുകൊണ്ടാണ് സര്‍ക്കാര്‍ നടപടികളുമായി മുമ്പോട്ട് പോകുന്നത്. നവംബര്‍ 17നാണ് കേരളത്തിലെ മത്സരം. നവംബര്‍ മാസത്തെ അര്‍ജന്റീനിയന്‍ ടീമിന്റെ മത്സര ക്രമം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഇതുമാത്രമാണ് കേരളത്തിന് പ്രതീക്ഷ.
മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ പന്തു കളിക്കാന്‍ വരുന്ന കാര്യം അനിിശ്ചിതത്വം തുടരുന്നതിനിടെയില്‍ ഔദ്യോഗിക അറിയിപ്പുകളുമൊന്നുമില്ല. ഈ സാഹചര്യത്തിലും മെസിയെയും ടീമിനെയും വരവേല്‍ക്കാന്‍ 70 കോടി രൂപ ചെലവഴിച്ച് കൊച്ചി സ്റ്റേഡിയം നവീകരിക്കുന്നത് യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുകയാണ്. ഈ 70 കോടിയിലും പലവിധ സംശയങ്ങളുണ്ട്. ഏതായാലും വലിയ സ്പോണ്‍സര്‍ഷിപ്പ് കൊള്ള ഇതിന് പിന്നില്‍ നടക്കുമെന്ന ആശങ്ക ശക്തമാണ്.
50,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ ഫിഫ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കൊച്ചിയിലെ നവീകരണം എന്നാണ് പറയുന്നത്. മെസിയും അര്‍ജന്റീന ടീമും നവംബര്‍ 15-ന് കൊച്ചിയിലെത്തുമെന്നും, മത്സരത്തിന് മുന്നോടിയായി എ.ആര്‍. റഹ്‌മാന്റെ സംഗീത പരിപാടിയും ഡ്രോണ്‍ ഷോകളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചിരുന്നു. നവംബര്‍ 14ന് കോഴിക്കോട്ട് റോഡ് ഷോയും 17ന് കൊച്ചിയില്‍ അര്‍ജന്റീന - ഓസ്ട്രേലിയ അന്താരാഷ്ട്ര സൗഹൃദ മത്സരവുമൊക്കെ പ്രഖ്യാപിച്ചാണ് കേരളത്തിലെ പിരിവ്. ഇതിനിടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിരുദ്ധ റിപ്പോര്‍ട്ടുകളുമായി എത്തുന്നത്.
ഫിഫ വിന്‍ഡോയില്‍ വരുന്ന മത്സരങ്ങളുടെ ക്രമം അനുസരിച്ച്, നവംബര്‍ മധ്യത്തില്‍ അര്‍ജന്റീനിയന്‍ ദേശീയ ടീം കളിക്കുന്ന മത്സരങ്ങള്‍ കേരളത്തിലോ ഇന്ത്യയിലോ ഏഷ്യയിലോ പോലുമല്ല. അര്‍ജന്റൈന്‍ മാധ്യമമായ ലാ നാസിയോണ്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, നവംബര്‍ 11 മുതല്‍ 19 വരെയുള്ള ഫിഫ വിന്‍ഡോയില്‍ അര്‍ജന്റീന സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നത് അംഗോളയിലാണ്. ഇതിനു പുറമേ, അര്‍ജന്റീനയുടെ ഷെഡ്യൂളില്‍ ചിലി, ഉറുഗ്വേ ടീമുകള്‍ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ഉള്‍പ്പെടുന്നു. ഇന്ത്യ സന്ദര്‍ശനമോ ഓസ്ട്രേലിയയുമായുള്ള മത്സരമോ എവിടെയും പരാമര്‍ശിക്കപ്പെടുന്നില്ല. നേരത്തെ അര്‍ജന്റൈന്‍ പ്രതിനിധികള്‍ സ്റ്റേഡിയം പരിശോധിക്കാന്‍ കൊച്ചിയിലെത്തിയിരുന്നു. അര്‍ജന്റീനയ്ക്കെതിരെ എതിരെ കളിക്കുമെന്ന് പറയുന്ന ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് പരസ്യമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടുമില്ല എന്നതും ശ്രദ്ധേയമാണ്.
ലയണല്‍ മെസി ഉള്‍പ്പെടുന്ന, ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീം കേരളത്തില്‍ സൗഹൃദ മത്സരം കളിക്കാനെത്തുമെന്ന വാര്‍ത്തകള്‍ സംസ്ഥാനത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വലിയ ആവേശമായിരുന്നു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ വലിയ പരിശ്രമവും നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് നവംബറില്‍ ഇന്ത്യയില്‍ പര്യടനം നടത്താനുള്ള ആലോചനകള്‍ പരാജയപ്പെട്ടെന്നാണ് അര്‍ജന്റീനയിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നതിലുണ്ടായ വീഴ്ചയാണ് സന്ദര്‍ശനം റദ്ദാക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പരിശോധന നടത്തിയ അര്‍ജന്റൈന്‍ പ്രതിനിധികള്‍ ഇവിടത്തെ സൗകര്യങ്ങളില്‍ തൃപ്തരല്ലെന്ന സൂചനയും പുറത്തുവരുന്നു.