സുഹൃത്തുക്കള്‍ കളിയായി പറയുന്നത് 'ലേഡി മമ്മൂട്ടി' എന്ന്; 'ഈസി ഗോയിങ് ലൈഫിനെ' ഇഷ്ടപ്പെടുന്നത് സൗന്ദര്യ രഹസ്യമായി പറയുന്നയാള്‍; ഏഷ്യാനെറ്റിന്റെ 30ാം വാര്‍ഷികത്തില്‍ താരമായത് വാര്‍ത്താവതാരക അളകനന്ദ; അദീല അബ്ദുള്ള ഐ എ എസിന് അളകനന്ദയെ നേരില്‍ കണ്ടപ്പോള്‍ അതു ഫാന്‍ ഗേള്‍ നിമിഷം
അളകനന്ദയെ കണ്ട ഫാന്‍ ഗേള്‍ മോമന്റ്
തിരുവനന്തപുരം: ദുരദര്‍ശന്‍, സൂര്യ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നിങ്ങനെ 40 വര്‍ഷത്തോളമായി മലയാളം വാര്‍ത്താവതരണ രംഗത്ത് തുടരുന്ന വിസ്മയമാണ് അളകനന്ദ. ദുരദര്‍ശന്‍ കാലത്തെ മറ്റുവനിതാ അവതാരകരെല്ലാം വിരമിച്ചെങ്കിലും, തന്റേതായ വാര്‍ത്താവതരണ ശൈലിയും, ഉച്ചാരണ സ്ഫുടതയും അടക്കമുള്ള സവിശേഷതകള്‍ കൊണ്ട് നിത്യഹരിത അവതാരകയായി തുടരുകയാണ് അളകനന്ദ. ചൊവ്വാഴ്ച ഏഷ്യാനെറ്റിന്റെ 30 ാം വാര്‍ഷികാഘോഷ പരിപാടികളില്‍ ആദ്യ ഇനം അളകനന്ദയുടെ നൃത്തമായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടവരും അളകനന്ദയെ കാണുമ്പോള്‍ ചോദിക്കും, എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്ന്. 'കാര്യങ്ങളെ ഒരുപാട് സ്ട്രെസ്ഫുള്ളായി എടുക്കുകയോ അത്രയും സ്‌ട്രെസുള്ള കാര്യങ്ങള്‍ ഏറ്റെടുക്കയോ ചെയ്യാറില്ല. ഒരുപാട് അംബീഷന്‍ ഒന്നുമില്ല, ഈസി ഗോയിങ് ലൈഫ് ആണ് എനിക്ക് ഇഷ്ടം. അതൊക്കെയാണ് സൗന്ദര്യത്തിന്റെ രഹസ്യമായി പറയാനുള്ളത്.'-കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞത് ഇങ്ങനെയാണ്. ഏഷ്യാനെറ്റിന്റെ 30 ാം വാര്‍ഷികത്തിന് പോയ അദീല അബ്ദുള്ള ഐഎഎസിനും പറയാനുള്ളത് ഫാന്‍ ഗേള്‍ നിമിഷത്തെ കുറിച്ചാണ്. അളകനന്ദയുടെ ടോപ് ഫാന്‍ ആണ് താനെന്നും അവരെ കണ്ടപ്പോള്‍ അടിപൊളി നിമിഷമായിരുന്നുവെന്നും അദീല കുറിച്ചു. 'സുഹൃത്തുക്കള്‍ അവരെ 'ലേഡി മമ്മൂട്ടി' എന്നാണത്രെ വിളിക്കാറ്. അവരുടെ നിത്യ യൗവ്വനം കാണുമ്പോള്‍ സത്യം.'-അദീല അബ്ദുള്ള കുറിച്ചു.
താന്‍ വിദ്യാര്‍ഥിനിയായിരുന്ന കാലത്ത് അളകനന്ദ അവതരിപ്പിച്ചിരുന്ന ലോകം പോയ വാരം കണ്ടിട്ടാണ് ആരാധികയായി മാറിയതെന്നും അദീല അബ്്ദുള്ള കുറിച്ചു.
അദീല അബ്ദുള്ളയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
ഇന്നലെ ഏഷ്യനെറ്റിന്റെ 30ാം വാര്‍ഷികത്തിന് എനിക്കും കിട്ടി ക്ഷണം. ഞാനങ്ങനെ പോയി
ഏഷ്യാനെറ്റ് വാര്‍ത്തകള്‍ നമ്മളുടെ വീടുകളിലേക്ക് ലൈവ് ആയി വരാന്‍ തുടങ്ങിയിട്ട് വര്‍ഷം 30 ആയി. പരിപാടിയില്‍ സംസാരിച്ചവരുടെ നിരയില്‍ നിന്ന് ഏഷ്യനെറ്റിന്റെ ചീഫ് ആയ മാധവന്‍ സാര്‍ സാമൂഹിക മാധ്യമങ്ങളുടെ കടന്നു കയറ്റം കൊണ്ട് മറ്റ് മാധ്യമങ്ങള്‍ക്ക് ചലഞ്ചിങ് ടൈം ആണ് എന്ന് പറഞ്ഞു വച്ചു. യുവാല്‍ നോവ ഹരാരി തന്റെ പ്രസിദ്ധമായ 'നെക്‌സസ്' എന്ന information excess നെക്കുറിച്ചുള്ള പുസ്തകത്തില്‍ ഇത് പറയുന്നുണ്ട്, 'When people can no longer make sense of the world, and when they feel overwhelmed by increased amount of information, they cannot digest, they become easy prey...' എന്ന്. അങ്ങനെയാണത്രേ കോണ്‍സ്പിറസി തിയറികളും പോപ്പുലിസ്‌റ് കള്‍ച്ചറും ഉണ്ടാവുന്നത്. മാധ്യമ രംഗത്തെ പറ്റിയുള്ള വിശകലനമാണ് രണ്ടും.
ഇന്നലെ എന്റെ ഹരം പക്ഷെ, ഇതൊന്നുമായിരുന്നില്ല. അത് അളകനന്ദയെ കണ്ടതാണ്. പണ്ട് നമ്മള്‍ സ്‌കൂളില്‍ പഠിക്കുമ്പോ കണ്ട് തുടങ്ങിയതല്ലേ അവരെ...? ഞാന്‍ ചോദിച്ചു ചോദിച്ചു പോയി അവരെ കണ്ടെത്തി.
പണ്ട് അളകനന്ദ അവതരിപ്പിച്ച ഒരു പരിപാടി ഉണ്ടായിരുന്നു, 'ലോകം പോയ വാരം'. എത്ര ആകാംക്ഷയോടെ ആണെന്നോ ഞാന്‍ എന്റെ വിദ്യാര്‍ത്ഥി കാലങ്ങളില്‍ ആ പരിപാടിക്കായി കാത്തിരുന്നത്. മെയിന്‍ ടെലികാസ്റ്റ് രാത്രി 8 മണിയ്ക്കാണ്. ഹോസ്റ്റലില്‍ മറ്റു കുട്ടികള്‍ ആ സമയം ഹിന്ദി സീരിയല്‍ കാണുന്ന സമയമാണ്. അതിനാല്‍ ടിവി മിക്കപ്പോഴും കിട്ടാറില്ല. പാവം ഞാനും ചെലപ്പോ കവിതയും (അവളിപ്പോ വല്യ പീഡിയാട്രിക് ഇന്റര്‍വെന്‍ഷനിസ്റ്റ് ആണ്) പടച്ചോനെ ഇന്ന് സീരിയലിന് ഹര്‍ത്താല്‍ ആകേണമേ എന്ന് പ്രാര്‍ത്ഥിച്ചു കാത്തിരിക്കും, 'ലോകം പോയ വാരം' കാണാന്‍. അത് നടക്കാണ്ടാവുമ്പോ ആ പരിപാടിയുടെ പിറ്റേന്ന് രാവിലെയുള്ള retelcast ന് വേണ്ടി കാത്തിരിക്കും.
പക്ഷേ വ്യാഴാഴ്ച്ച വൈകുന്നേരമുള്ള retelcast ശനിയാഴ്ച്ചത്തേക്ക് മാറ്റിയപ്പോ എന്തൊരു സങ്കടമായിരുന്നെന്നോ. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും പൊടിക്ക് ചൈനയും റഷ്യയും ചേര്‍ന്നാല്‍ ലോകമായി എന്ന് വിചാരിച്ചവര്‍ക്കൊക്കെയുള്ള ഒരു മറുപടിയായിരുന്നു ആ പരിപാടി. ഈ പരിപാടിയില്‍ അളകനന്ദ ആഫ്രിക്കന്‍ രാഷ്ട്രീയം പറയും; ഐവറികോസ്റ്റും കോംഗോയും നൈജീരിയയും ഉഗാണ്ടയുമെല്ലാം വളരെ വിശദമായി ചര്‍ച്ചയില്‍ വരും. പാവാട ഉടുത്ത പുരുഷന്മാരും നല്ല ഉദിച്ച കളറിലുള്ള വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകളെയുമൊക്കെ കാണുമ്പോ എന്ത് രസമായിരുന്നെന്നോ. ആ രാജ്യങ്ങളെക്കുറിച്ചും അവരുടെ ലാന്‍ഡ്‌സ്‌കേപ്പും സംസ്‌കാരങ്ങളെപ്പറ്റിയുമൊക്കെ അറിയാനുള്ള ഒരു ചുവടായാണ് ഞാനാ പരിപാടിയെ കണ്ടത്. പിന്നീട് അബ്ദുല്‍ റസാക്ക് ഗുര്‍ണയുടെ 'Paradise' ഒക്കെ വായിക്കുമ്പോള്‍ 'ലോകം പോയ വാര'ത്തിന്റെ ദൃശ്യ ശകലങ്ങള്‍ മനസ്സില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പെട്ടെന്ന് കണക്ഷന്‍ കിട്ടി
ആ അളകനന്ദയെ ഞാന്‍ കണ്ടു. ഞാന്‍ അവരുടെ ടോപ്ഫാന്‍ ആണെന്ന് പറഞ്ഞു. അടിപൊളി നിമിഷമായിരുന്നു അത്. സുഹൃത്തുക്കള്‍ അവരെ 'ലേഡി മമ്മൂട്ടി' എന്നാണത്രെ വിളിക്കാറ്. അവരുടെ നിത്യ യൗവ്വനം കാണുമ്പോള്‍ സത്യം. ഇനി 'മഹേഷിന്റെ പ്രതികാര'ത്തിലെ ആര്‍ടിസ്റ്റ് ബേബി സൗമ്യയുടെ അപ്പാപ്പന്റെ പ്ലാവ് കേറ്റത്തെ പറ്റി പറഞ്ഞത് പോലെ ആവണ്ട. പടച്ചോന്‍ കാക്കട്ടെ എന്തായാലും അളകനന്ദയെ കണ്ടത് ഒരു പൂര്‍വകാല ഫാനിന് വല്യ സന്തോഷായി. ഫോട്ടോ എടുത്തില്ല. മൂപ്പത്തീന്റെ ഫോട്ടോ ഇടാം. നല്ലത് വരട്ടെ. അറിവുകള്‍ ഒരുപാട് പറഞ്ഞു തന്നതിന്. സ്‌നേഹത്തോടെ...
#DrAdeelaAbdullaIAS
വാര്‍ത്താവതരണത്തെ കുറിച്ച് അളകനന്ദ മുന്‍പ് പറഞ്ഞത്...
'വാര്‍ത്ത വായിക്കുന്നതിനെ പറ്റി പറയുകയാണെങ്കില്‍ വാര്‍ത്ത വായിക്കുന്ന ഓരോത്തര്‍ക്കും അവരവരുടെ സ്റ്റൈല്‍ ആണ്. ഒരാളും ഒരാളെയും പോലെ അല്ല. പിന്നെ ഞാന്‍ എങ്ങിനെ വാര്‍ത്ത വായിക്കുന്നു എന്നത് എനിക്ക് അറിയില്ല, ഞാന്‍ കാണാറില്ല. മുന്‍പ് ദൂരദര്‍ശനില്‍ ആയിരുന്നപ്പോള്‍ റെക്കോര്‍ഡ് ചെയ്തു കാണുമായിരുന്നു. അത് അങ്ങനെ കാണണം, നമ്മുടെ തെറ്റുകള്‍ നമ്മള്‍ തന്നെ മനസിലാക്കണം എന്നുള്ളത് അവിടെ നിര്‍ബന്ധം ആയിരുന്നു. ഇപ്പോള്‍ അങ്ങനെ കാണാറില്ല.
സോഷ്യല്‍ മീഡിയയില്‍ ഞാനത്ര ആക്റ്റീവ് അല്ല. ട്രോള്‍ ഒക്കെ വന്നാല്‍ എനിക്ക് ആരെങ്കിലും അയച്ചു തരും. ഞാന്‍ ചെയ്ത ഇന്റര്‍വ്യൂസിനു താഴെ വരുന്ന പോസിറ്റീവ് കമന്റ്സുകളും വായിക്കാറുണ്ട്. വാര്‍ത്ത ബുള്ളറ്റിനു മുന്‍പ് വായിച്ചു നോക്കുന്ന പരിപാടി ഒന്നും ഇപ്പോള്‍ നടക്കില്ല. വാര്‍ത്ത തുടങ്ങി കഴിഞ്ഞ ശേഷം വരെ മാറ്റങ്ങള്‍ വരാറുണ്ട്. ലേറ്റ് നൈറ്റ് ബുള്ളറ്റിന്‍ മാത്രമാണ് അധികം മാറ്റങ്ങള്‍ ഇല്ലാതെ വരുന്നത്. അത് മാത്രം മുന്‍പേ വന്നതിന്റെ റൌണ്ട് അപ്പ് ആയിരിക്കും.
ഈ പ്രൊഫഷനിലേക്ക് വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരു ടീച്ചര്‍ ആയേനെ എന്നാണ് അളകനന്ദ പറയുന്നത്. എന്നിട്ട് എവിടെയെങ്കിലും പഠിപ്പിക്കാന്‍ കയറിയേനെ. എംഎ കഴിഞ്ഞ് ബിഎഡിന് പോയി, കുറച്ചുനാള്‍ ഞാന്‍ പഠിപ്പിച്ച സ്‌കൂളില്‍ പഠിപ്പിച്ചിട്ടുണ്ട്. കുറെ സംസാരിച്ചു കഴിയുമ്പോള്‍ തൊണ്ടയ്ക്ക് പ്രശ്നം വരുന്നത് കൊണ്ടാണ് അത് പറ്റാതെ ആയതെന്നും' അളകനന്ദ പറയുന്നു.