വെള്ളാപ്പള്ളിക്ക് എതിരായ മൈക്രോഫിനാന്‍സ് കേസില്‍ അന്വേഷണം മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത് ജൂലൈ അവസാനം; അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ് ശശിധരനെ മാറ്റില്ലെന്ന് ഉറപ്പുനല്‍കിയ സര്‍ക്കാരിന് മനംമാറ്റം; മാറ്റാന്‍ അപേക്ഷ നല്‍കി; അന്വേഷണം നീട്ടാനുള്ള തന്ത്രമോ?
വെള്ളാപ്പള്ളിക്കെതിരായ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് അഴിമതി കേസില്‍ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. കേസ് അന്വേഷിക്കുന്ന എസ്.പി. എസ്. ശശിധരനെ അന്വേഷണ ഉദ്യോഗസ്ഥനായി നിലനിര്‍ത്താമെന്ന് നേരത്തെ ഹൈക്കോടതിക്ക് നല്‍കിയ ഉറപ്പില്‍ നിന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പിന്നോട്ട് പോകുന്നത്.
നേരത്തെ, വിജിലന്‍സില്‍ നിന്ന് സ്ഥലംമാറി പോകുന്നുണ്ടെങ്കിലും എസ്. ശശിധരന്‍ തന്നെ മൈക്രോഫിനാന്‍സ് കേസ് അന്വേഷിക്കുമെന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നത്. അങ്ങനെയൊരു ഉത്തരവിറക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ആഭ്യന്തര സെക്രട്ടറി നേരിട്ട് ഹൈക്കോടതിയിലെത്തി, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ അനുമതി തേടുകയായിരുന്നു. നിലവിലെ കേസ് ഡയറക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കാമെന്നാണ് ആഭ്യന്തര സെക്രട്ടറി നല്‍കിയിരിക്കുന്ന വിശദീകരണം.
സംസ്ഥാനതലത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിന് ഡി.ഐ.ജി. കെ. കാര്‍ത്തിക്കിന് അന്വേഷണ ചുമതല നല്‍കാമെന്നും ഇത് അന്വേഷണ പുരോഗതിക്ക് സഹായകമാകുമെന്നും സര്‍ക്കാര്‍ വാദിക്കുന്നു. എന്നാല്‍, പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ കേസ് ഏല്‍പ്പിക്കുമ്പോള്‍ അന്വേഷണം കൂടുതല്‍ നീണ്ടുപോകാനുള്ള സാധ്യതയുണ്ട്. ഒക്ടോബറില്‍ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഇതിനോടകം സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനുള്ള സര്‍ക്കാരിന്റെ നീക്കം.
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിന്റെ അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ജൂലൈ 31 നാണ് ഹൈക്കോടതി ഉത്തരവിട്ടത്. കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം അന്വേഷണം വേഗത്തിലാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പരാതിയെത്തുടര്‍ന്നാണ് 2016-ല്‍ വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്പയെടുത്ത് ഉയര്‍ന്ന പലിശയ്ക്ക് എസ്.എന്‍.ഡി.പി. സംഘങ്ങള്‍ക്ക് വീണ്ടും നല്‍കി വന്‍തോതില്‍ ലാഭമുണ്ടാക്കിയെന്നാണ് കേസില്‍ ആരോപണവിധേയമായിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന എസ്.പി. എസ്. ശശിധരനെ പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയായിരുന്നു കോടതിയുടെ നിര്‍ണായക ഉത്തരവ്. ശശിധരനെ നേരിട്ട് കേട്ട ശേഷമാണ് അദ്ദേഹം തന്നെ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി അന്ന് ആവശ്യപ്പെട്ടത്.
തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.