മുന്‍കാലങ്ങളിലേത് പോലെ പ്രചാരമില്ല; മറ്റ് ആപ്പുകള്‍ വന്നതോടെ പ്രാധാന്യം പോയി; വീഡിയോ കോളിങ് പ്ലാറ്റ്‌ഫോമായ സ്‌കൈപ് സേവനം അവസാനിപ്പിക്കുന്നു; അവസാനിപ്പിക്കുന്നത് നീണ്ട 22 വര്‍ഷത്തെ സേവനം; സ്‌കൈപ് ലഭ്യമാകുന്നത് മേയ് വരെ മാത്രം; 'ഒരു യുഗാന്ത്യം'

Update: 2025-03-01 06:20 GMT

സിയാറ്റില്‍: ഒരുകാലത്ത് ഏറ്റവും പ്രചാരണമുണ്ടായിരുന്ന വീഡിയോകോളിങ്ങ് പ്ലാറ്റ്‌ഫോമായ സ്‌കൈപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. മദര്‍ക്കമ്പനിയായ മൈക്രോസോഫ്റ്റ് തന്നെയാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തിയത്. പ്രചാരണം കുറഞ്ഞത് തന്നെയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ വര്‍ഷം മെയ് അഞ്ചിന് വരെ മാത്രമായിരിക്കും സ്‌കൈപ്പ് പ്രവര്‍ത്തിക്കുക.

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍, നീണ്ട 22 വര്‍ഷത്തെ സേവനമാണ് സ്‌കൈപ് അവസാനിപ്പിക്കുന്നത്. ഉപയോക്താക്കള്‍ക്ക് വൈകാതെ ഇതുമായി ബന്ധപ്പെട്ട സന്ദേശം ലഭിച്ചുതുടങ്ങും. മൈക്രോസോഫ്റ്റ് ഇക്കാര്യത്തില്‍ ഔദ്യോഗിക ബേ്‌ളാഗിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'ഉപഭോക്തൃ ആവശ്യങ്ങളുമായി കൂടുതല്‍ എളുപ്പത്തില്‍ പൊരുത്തപ്പെടാന്‍ കഴിയുന്ന തരത്തില്‍ ഞങ്ങളുടെ സൗജന്യ ഉപഭോക്തൃ ആശയവിനിമയ ഓഫറുകള്‍ കാര്യക്ഷമമാക്കുന്നതിന്, ഞങ്ങളുടെ ആധുനിക ആശയവിനിമയ, സഹകരണ കേന്ദ്രമായ മൈക്രോസോഫ്റ്റ് ടീമ്‌സില്‍ (സൗജന്യമായി) ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഞങ്ങള്‍ 2025 മെയ് മാസത്തില്‍ സ്‌കൈപ്പ് പിന്‍വലിക്കും' മൈക്രോസോഫ്റ്റ് ഔദ്യോഗിക ബ്ലോഗില്‍ വ്യക്തമാക്കുന്നു.

അതേസമയം, ഉപയോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് ടീംസ് (മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത, ചില ആപ്പുകള്‍ ഒരുമിച്ച് ലഭ്യമാകുന്ന സംവിധാനം) അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്താല്‍ തുടര്‍ന്നും ചാറ്റും കോണ്‍ടാക്ടുകളും ലഭ്യമാകുമെന്ന് എക്സിലൂടെ മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്. 2003ല്‍ പ്രവര്‍ത്തനം ആരംഭിച്ച് സ്‌കൈപ്പിനെ 2011-ലാണ് മൈക്രോസോഫ്റ്റ് സ്വന്തമാക്കിയത്. വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് മെസഞ്ചര്‍ പോലുള്ളവ പ്രചാരത്തില്‍ വന്നതോടെ സ്‌കൈപ്പിന്റെ ജനപ്രീതി കുറഞ്ഞു.

2017-ല്‍ മൈക്രോസോഫ്റ്റ് സ്‌കൈപ്പിന് ചില മാറ്റങ്ങള്‍ വരുത്തിയെങ്കിലും ഫലംകണ്ടില്ല. സ്‌കൈപ്പിന്റെ എതിരാളികളായ സ്നാപ്പ്ചാറ്റിന് സമാനമായ മാറ്റങ്ങളാണ് അന്ന് കൊണ്ടുവന്നിരുന്നത്. 2021 ആയതോടെ സ്‌കൈപ്പ് അതിന്റെ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ പോകുകയാണെന്ന ഊഹാപോഹങ്ങള്‍ പടര്‍ന്നിരുന്നു. കോവിഡ് മഹാമാരിക്കിടയില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം വന്നതോടെ മൈക്രോസോഫറ്റ് ടീംസിന് വലിയ ജനപ്രീതിയുണ്ടാക്കാന്‍ സാധിച്ചതായും വിലയിരുത്തപ്പെടുന്നു.

സ്‌കൈപ്പിന്റെ ചില സേവനങ്ങള്‍ക്ക് പണം നല്‍കിയവര്‍ക്ക് അതിന്റെ കാലാവധി അവസാനിക്കുന്നതുവരെ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. സ്‌കൈപ്പ് സേവനം അവസാനിപ്പിക്കുന്നതോടെ രണ്ട് നിര്‍ദേശങ്ങളാണ് മൈക്രോസോഫ്റ്റ് ഉപയോക്താകള്‍ക്കായി മുന്നോട്ടുവെയ്ക്കുന്നത്. ഒന്ന് മൈക്രോസോഫ്റ്റ് ടീംസിലേക്ക് മാറുക, അല്ലെങ്കില്‍ സ്‌കൈപ്പ് ഡേറ്റ എല്ലാം എക്സ്പോര്‍ട്ട് ചെയ്ത് സൂക്ഷിക്കുക.

സ്‌കൈപ് നല്‍കുന്ന സേവനങ്ങള്‍ക്കു പുറമെ ഫയല്‍ സ്റ്റോറേജ് ഉള്‍പ്പെടെയുള്ള ഓപ്ഷനുകള്‍ മൈക്രോസോഫ്റ്റ് ടീംസിലുണ്ട്. ഇതിനു പുറമെ വിഡിയോ കോണ്‍ഫറന്‍സിങ്ങിനായി സൂം ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതും സ്‌കൈപിന് വെല്ലുവിളിയായി. സുഹൃത്തുക്കളും കുടുംബവുമായുള്ള വിഡിയോ ചാറ്റിനായി സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളാണ് ഇന്ന് ഏറെയും ഉപയോഗിക്കുന്നത്. തുടക്ക കാലത്തെ വമ്പന്‍ സംരംഭമെന്നതിനപ്പുറത്തേക്ക് സ്‌കൈപിന് പ്രാധാന്യമില്ലാതായതോടെയാണ് അടച്ചുപൂട്ടുന്നത്.

Tags:    

Similar News