കെഎസ്ഇബിക്ക് ഗുരുതര വീഴ്ച സംഭവിച്ച ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട്; മിഥുന്റെ മരണത്തില്‍ കെ.എസ്.ഇ.ബിക്കും സ്‌കൂളിനും ഉത്തരവാദിത്തം; വീഴ്ച്ച തുറന്നുപറഞ്ഞ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി; കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും; കൊല്ലത്ത് വന്‍ പ്രതിഷേധം; നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യുവും എബിവിപിയും

കെഎസ്ഇബിക്ക് ഗുരുതര വീഴ്ച സംഭവിച്ച ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട്

Update: 2025-07-17 11:23 GMT

കൊല്ലം: തേവലക്കരയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിന്‍ വന്‍ പ്രതിഷേധം. വിവിധ സംഘടനകള്‍ സ്‌കൂളിലേക്ക് പ്രതിഷേധങ്ങളുമായി രംഗത്തെത്തി. വകുപ്പുകളുടെ ഗുരുതര അനാസ്ഥയാണ് കുട്ടിയുടെ ജീവനെടുത്തത് എന്നാണ് ആരോപണം ശക്തമാകുകയാണ്. സര്‍ക്കാറിന്റെ അനാസ്ഥയായാണ് ഈ വിഷയത്തെ പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നത്. അതിനിടെ സംഭവത്തില്‍ വീഴ്ച്ച സംഭവിച്ചുവെന്ന് തുറന്നു പറഞ്ഞ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി രംഗത്തെത്തി.

സംഭവത്തില്‍ അടിയന്തര വിശദീകരണം തേടിയ ശേഷം ലഭിച്ച റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് മന്ത്രി വീഴ്ച്ച സംഭവിച്ചെന്ന വിവരം ചൂണ്ടിക്കാട്ടിയത്. ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കെഎസ്ഇബിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വ്യക്തമാക്കുന്നത്. വൈദ്യുതി ലൈനിന് തറനിരപ്പില്‍ നിന്ന് നിയമപ്രകാരമുള്ള അകലവ്യത്യാസം ഇല്ലാത്തതിനാല്‍ കെഎസ്ഇബിയും അനധികൃതമായി ലൈനിന് കീഴില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതിനു സ്‌കൂള്‍ അധികൃതരും ഉത്തരവാദികളാണെന്നു പ്രാഥമികമായി അന്വേഷണത്തില്‍ വിലയിരുത്തുന്നു.

സൈക്കിള്‍ ഷെഡ്ഡിന് മുകളിലൂടെ ഉണ്ടായിരുന്ന വൈദ്യുതി ലൈനില്‍ സ്‌പേസര്‍ സ്ഥാപിച്ചിരുന്നു. ലൈനുകള്‍ കൂട്ടിമുട്ടി അപകടമുണ്ടാകാതിരിക്കാനാണ് സ്‌പേസര്‍ സ്ഥാപിച്ചിരിക്കുന്നത്. ഭൂമിയില്‍ നിന്നും ഈ ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചിട്ടില്ലായിരുന്നു എന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്റ്ററേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ, വൈദ്യുതി ലൈനില്‍ നിന്നും സൈക്കിള്‍ ഷെഡിലേക്ക് ആവശ്യമായ സുരക്ഷാ അകലം പാലിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. ഈ സൈക്കിള്‍ ഷെഡ് സ്ഥാപിച്ചതിന് ഏതെങ്കിലും അനുമതി ലഭിച്ചിരുന്നോ എന്നതിലും സംശയമുണ്ട്. മന്ത്രി പറഞ്ഞു.

ലൈനിന് അടിയില്‍ ഒരു നിര്‍മ്മാണം നടക്കുമ്പോള്‍ വൈദ്യുതി ലൈനില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കേണ്ടതാണ്. വൈദ്യുതി ലൈനുകളില്‍ കൃത്യമായി ഇടവേളകളില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന് വൈദ്യുതി ബോര്‍ഡില്‍ നിര്‍ദേശം ഉള്ളതാണ്. പ്രസ്തുത ലൈന്‍ കവചിത കേബിളുകളാക്കി മാറ്റുന്നതിനും ലൈനിനടിയില്‍ ഒരു പോസ്റ്റ് സ്ഥാപിക്കുന്നതിനുമുള്ള അനുമതി സ്‌കൂള്‍ മാനേജ്മെന്റിനോട് കെ.എസ്.ഇ.ബി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

അടുത്ത മാനേജ്മെന്റ് കമ്മിറ്റി മീറ്റിങ്ങിനു ശേഷം അറിയിക്കാമെന്നായിരുന്നു സ്‌കൂള്‍ മാനേജ്മെന്റ് അറിയിച്ചത്. അടിയന്തരമായി കെഎസ്ഇബിയുടെ ലൈനുകള്‍ പരിശോധന നടത്തി ആവശ്യം വേണ്ട സുരക്ഷ നടപടികള്‍ സ്വീകരിക്കണമെന്ന് വൈദ്യുതി ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി. കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രാഥമികമായി കെഎസ്ഇബി അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും പിന്നീട് വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണ്ട ധനസഹായ തുക കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

നാളെ കൊല്ലത്ത് വിദ്യാഭ്യാസ ബന്ദ്

തേവലക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൊല്ലം ജില്ലയില്‍ നാളെ കെഎസ്‌യു, എബിവിപി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. തേവലക്കര ബോയ്സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവം വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പര്‍ഹിക്കാത്ത അനാസ്ഥയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുല്‍ കൃഷ്ണന്‍ പറഞ്ഞു. കളിക്കുന്നതിനിടയില്‍ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയ വിദ്യാര്‍ത്ഥിക്ക് താഴ്ന്നു കിടന്ന ഹൈ വോള്‍ട്ടേജ് ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത് അധികൃതരുടെ ഗുരുതരമായ കൃത്യവിലോപം തുറന്നു കാട്ടുന്നു. അപകടകരമായ വൈദ്യുതി ലൈന്‍ ഉയര്‍ത്താത്തത് ഒരേപോലെ സ്‌കൂള്‍ അധികൃതരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും വീഴ്ചയാണ്.

വകുപ്പുകള്‍ തമ്മില്‍ പഴിചാരുന്നത് അപഹാസ്യമാണ്. പൊതു വിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും അനുകൂല സമീപനം സ്വീകരിക്കുന്ന വിദ്യാഭ്യസ മന്ത്രി ഈ സംഭവത്തില്‍ കേരള പൊതുസമൂഹത്തോട് മറുപടി പറയാന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ഹൈടെക്കാണെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശവാദമുന്നയിക്കുമ്പോള്‍ മറുവശത്ത് വിദ്യാര്‍ത്ഥികള്‍ പാമ്പ് കടിച്ചും ഷോക്കേറ്റും കൊല്ലപ്പെടുന്നത് മന്ത്രി കണ്‍തുറന്ന് കാണണം, ശക്തമായ നടപടികളാണ് ആവശ്യം, ആശ്വാസവാക്കുകളും സോഷ്യല്‍മീഡിയ ഗിമ്മിക്കുകളുമല്ല. മിഥുന്റെ മരണത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും കൊല്ലം ജില്ലയില്‍ നാളെ എബിവിപി വിദ്യാഭ്യാസബന്ദ് ആഹ്വാനം ചെയ്തതായും പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News