ദുരിതക്കയത്തില്‍ നിന്നും നാടണയാന്‍ എയര്‍ ആംബുലന്‍സ് ഒരുങ്ങുന്നു; മലേഷ്യയില്‍ ഗുതരാവസ്ഥയില്‍ കഴിയുന്ന മിനി ഭാര്‍ഗവന് ഇനി പ്രതീക്ഷയുടെ നാളുകള്‍

മലേഷ്യയില്‍ ഗുതരാവസ്ഥയില്‍ കഴിയുന്ന മിനി ഭാര്‍ഗവന് ഇനി പ്രതീക്ഷയുടെ നാളുകള്‍

Update: 2025-05-17 12:40 GMT

ക്വലാലമ്പൂര്‍: മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്തിനിരയായി ഗാര്‍ഹിക ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റ മിനി ഭാര്‍ഗവനെ (54) നാട്ടിലെത്തിക്കാനുള്ള നപടികള്‍ പൂര്‍ത്തിയായി. ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നും പൊള്ളലേറ്റ് മാര്‍ച്ച് ഏഴാം തീയതി പെനാങ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും തൊഴിലുടമ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ചികിത്സയിലിരിക്കെ ശ്വാസകോശത്തിലെ അണുബാധയും വൃക്ക സംബന്ധമായ അസുഖങ്ങളും മൂര്‍ച്ഛിച്ചതോടെ മിനിയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു.

മിനിയെ തുടര്‍ച്ചായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതായതോടെയാണ് കുടുംബം ലോക കേരള സഭ സെക്രെട്ടെറിയേറ്റുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് മലേഷ്യയിലെ ലോക കേരള സഭാ പ്രതിനിധികള്‍ക്ക് വിവരം കൈമാറി. ലോക കേരള സഭ അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ ആത്മേശന്‍ പച്ചാട്ടിന്റെ പ്രാഥമികാന്വേഷണത്തിലാണ് രണ്ടുമാസത്തിലധികമായി ഇരുപത്താറ് ശതമാനത്തോളം ഗുരുതരമായ പൊള്ളലേറ്റ്, വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വാസോച്ഛ്വാസം പോലും വീണ്ടെടുക്കാനാവാതെ അബോധാവസ്ഥയില്‍ കഴിയുന്ന മിനിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകമറിയുന്നത്.

ശേഷം ആത്മേശനും മലേഷ്യയിലെ ഇന്ത്യന്‍ ഹെറിറ്റേജ് സൊസൈറ്റി ഭാരവാഹി ശശികുമാര്‍ പൊതുവാളും ചേര്‍ന്ന് പ്രസ്തുത വിഷയത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിയെ സമീപിക്കുകയായിരുന്നു. തുടരന്വേഷണത്തില്‍ ജോലി വിസ നല്‍കാമെന്ന വ്യാജേന ഗാര്‍ഹിക തൊഴിലാളികളായി സന്ദര്‍ശക വിസയില്‍ മലേഷ്യയിലേക്ക് കടത്തിയ മിനിയുടെ സഹോദരിയടക്കം നാല്‍പ്പത്തിരണ്ട് സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ് മിനിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏജന്റിന്റെ വീട്ട് തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന സഹോദരിയെയും മറ്റൊരു സ്ത്രീയെയും എംബസിയുടെ നേതൃത്വത്തില്‍ പ്രത്യേക ഷെല്‍ട്ടറിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്ത്യന്‍ എംബസിയിലെ ലേബര്‍ വിംഗിലെ ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടല്‍ തൊഴിലുടമക്കും ഏജന്റിനുമെതിരെയുള്ള നടപടികള്‍ വേഗത്തിലാക്കി. നിലവില്‍ മിനിയുടെ ആരോഗ്യസ്ഥിതിയിലെ പുരോഗതിയെ തുടര്‍ന്ന് ആശുപത്രി അധികൃതരും എംബസി ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയുടെ ഫലമായി തുടര്‍ ചികിത്സയ്ക്കായി നാട്ടിലെത്തിക്കാനും അവസരമൊരുങ്ങിക്കഴിഞ്ഞു. മനുഷ്യക്കടത്തിനെതിരെയുള്ള നിയമനടപടികളുടെ ബലത്തില്‍ ഇരയെ നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചിലവും തൊഴിലുടമയെ കൊണ്ട് വഹിപ്പിക്കാനുള്ള ഇന്ത്യന്‍ എംബസിയുടെ നയതന്ത്ര ഇടപെടലും ഫലം കണ്ടതോടെ മിനിക്ക് വേണ്ടി എയര്‍ ആംബുലന്‍സും സജ്ജമായി.

ഷെഡ്യൂള്‍ ചെയ്തത് പ്രകാരം മെയ് 22 ന് രാത്രി ക്വലാലമ്പൂരില്‍ നിന്നും മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേക എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലെത്തിക്കും. തുടര്‍ ചികിത്സകള്‍ക്കായി നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ എറണാംകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എല്ലാ സജ്ജീകരണങ്ങളും ചെയ്ത് കഴിഞ്ഞു. മനുഷ്യക്കടത്തിന്റെ ഇരയായ മലയാളി പ്രവാസിയെ എയര്‍ആംബുലന്‍സ് ഉപയോഗിച്ച് നാട്ടിലേക്ക് എത്തിക്കുന്നത് ഇതാദ്യമാണ്.

Tags:    

Similar News