മകള്‍ തീവണ്ടിക്കുള്ളില്‍... ഭര്‍ത്താവ് പുറത്ത് പ്ലാറ്റ്ഫാമിലും; തീവണ്ടി അനങ്ങിയ ഭീതിയില്‍ പുറത്തിറങ്ങാന്‍ ചാടിയ വീട്ടമ്മ വീണത് ദുരന്തത്തിലേക്ക്; കൊട്ടാരക്കരയിലെ ആ അപകടം എല്ലാവര്‍ക്കും പാഠമാകണം; കടയ്ക്കലിനെ ആകെ വേദനയിലാക്കി മിനിയുടെ മരണം
കൊട്ടാരക്കര: മകളെ യാത്ര അയയ്ക്കാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ അമ്മയുടെ മരണം ഞെട്ടലായി. കൊട്ടാരക്കരയില്‍ ട്രെയിനിന് അടിയില്‍പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ഉണ്ടായത് തീവണ്ടിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോഴാണ്.
കടയ്ക്കല്‍ പുല്ലുപണ ചരുവിളപുത്തെന്‍ വീട്ടില്‍ മിനി (42) ആണ് മരിച്ചത്. നഴ്‌സിങ് പഠനത്തിനായി മകളെ യാത്രയാക്കാനെത്തിയതായിരുന്നു മിനി. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. തീവണ്ടിയില്‍ നിന്നും ചാടിയിറങ്ങുന്നതിലെ റിസ്‌ക് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ അമ്മയുടെ മടക്കം.
കടയ്ക്കലിനെ ആകെ വേദനയിലാക്കി ഈ സംഭവം. സേലത്ത് രണ്ടാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനി ആയിരുന്ന മകള്‍ നിമിഷയെ വേളാങ്കണ്ണി ട്രെയിനില്‍ കോളജിലേയ്ക്ക് യാത്ര അയയ്ക്കാന്‍ ഭര്‍ത്താവ് ഷിബുവുമൊത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു മിനി. മകളുടെ ബാഗുകളും മറ്റും ട്രെയിനിലെ സീറ്റിന് സമീപം വയ്ക്കാനായി മിനി ട്രെയിനിനുള്ളിലേക്ക് കയറിയിരുന്നു. എന്നാല്‍ ബാഗ് വച്ച് മിനി പുറത്തിറങ്ങുന്നതിനു മുന്‍പേ ട്രെയിന്‍ മുന്നോട്ടു നീങ്ങി. ഇതാണ് ദുരന്തമായി മാറിയത്.
ട്രെയിനില്‍ നിന്ന് പുറത്തിറങ്ങാനായി ഇവര്‍ പ്ലാറ്റ്‌ഫോമിലേക്ക് ചാടിയെങ്കിലും തീവണ്ടിയുടെ വേഗത കൂടിയത് പ്രശ്‌നമായി. ചാട്ടം പിഴച്ച് മിനി ട്രെയിനിന് അടിയില്‍ പെടുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ മിനി യെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.