'എന്തൊരു ക്രൂരതയാണിത്, മനുഷ്യജീവന് വിലയില്ലേ?; സംഘാടകര്‍ക്ക് പണം മാത്രം മതി; അപകടം പറ്റിയിട്ട് പരിപാടി നിര്‍ത്തിവയ്ക്കാതിരുന്നതെന്ത്?'; ഉമാ തോമസിന്റെ അപകടത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ഉമാ തോമസിന്റെ അപകടത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Update: 2025-01-06 13:46 GMT

കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗിന്നസ് റെക്കോഡ് നൃത്ത പരിപാടിക്കിടെ ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഉമ തോമസിന് പരിക്കേറ്റശേഷവും പരിപാടി കുറച്ചുനേരത്തേക്ക് എങ്കിലും എന്തുകൊണ്ട് നിര്‍ത്തിവെച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. മനുഷ്യത്വം എന്നൊന്നില്ലേയെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചു. മൃദംഗനാദം പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍ പ്രൊപ്രൈറ്റര്‍ എം. നിഗോഷ് കുമാര്‍, സി.ഇ.ഒ. ഷെമീര്‍ അബ്ദുള്‍ റഹിം, നിഗോഷിന്റെ ഭാര്യ മിനി സി. എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

ഗാലറിയില്‍ നിന്ന് വീണ ഉമ തോമസ് എംഎല്‍എയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാനുള്ള ബാധ്യത സംഘാടകര്‍ക്കുണ്ടായിരുന്നില്ലേയെന്നും അരമണിക്കൂര്‍ പരിപാടി നിര്‍ത്തിവെച്ചെന്ന് കരുതി എന്ത് സംഭവിക്കുമായിരുന്നുവെന്നും കോടതി ചോദിച്ചു. എംഎല്‍എയ്ക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണ മനുഷ്യരുടെ ഗതിയെന്താണെന്നും കോടതി ചോദിച്ചു.

'എന്തൊരു ക്രൂരതയാണിത്. ഒരാള്‍ വീണ് തലയക്ക് പരിക്കേറ്റു. അരമണിക്കൂര്‍ നേരത്തേക്ക് പരിപാടി നിര്‍ത്തിവെക്കാമായിരുന്നില്ലേ? എം.എല്‍.എയെ ആശുപത്രിയില്‍ എത്തിക്കുന്നതുവരെ കാത്തിരിക്കാമായിരുന്നില്ലേ? പരിപാടി നിര്‍ത്തിവെച്ചെന്ന് കരുതി എന്ത് സംഭവിക്കുമായിരുന്നു? മനുഷ്യ ജീവന് വിലയില്ലേ? എംഎല്‍എയോ ആരോ ആയിക്കോട്ടെ, ഒരു സാധാരണക്കാരനുപോലും പരിക്കുപറ്റിയാല്‍ നിങ്ങള്‍ പരിപാടി നിര്‍ത്തിവെക്കണമായിരുന്നു. തലയിടിച്ചാണ് അവര്‍ വീണത്. അതിന് ശേഷവും നിങ്ങള്‍ ചെണ്ടയും മറ്റുമായി ആഘോഷത്തോടെ പരിപാടി തുടര്‍ന്നു.', കോടതി കുറ്റപ്പെടുത്തി.

ഉമ തോമസിന് പരിക്കേറ്റപ്പോള്‍ സംഘാടകര്‍ കാണിച്ചത് ക്രൂരതയാണെന്നും കോടതി വിമര്‍ശിച്ചു. ഒരാള്‍ വീണ് തലയ്ക്ക് പരിക്കേറ്റു കിടക്കുമ്പോഴും പരിപാടി തുടര്‍ന്നു. ഉമ തോമസിനെ ആശുപത്രിയില്‍ എത്തിക്കുന്നത് വരെ എങ്കിലും കാത്തിരിക്കാമായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു. നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത സാമ്പത്തിക വഞ്ചനാക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം.

മൃദംഗവിഷന്‍ സംഘടിപ്പിച്ച ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള മെഗാ ഭരതനാട്യ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിന് മുമ്പാണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് വീണുപരിക്കേറ്റത്. 15 അടിയോളം ഉയരമുള്ള സ്റ്റേജില്‍നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. കോണ്‍ക്രീറ്റില്‍ തലയിടിച്ചുവീണ എം.എല്‍.എയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കൊച്ചി റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ് എം.എല്‍.എ.

പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍ ഉടമ നിഘോഷ് കുമാര്‍, സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം, നിഘോഷിന്റെ ഭാര്യ സി.മിനി എന്നിവര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പിനും വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലാണ് മൂന്നുപേരും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്.

നൃത്തപരിപാടിയില്‍ പങ്കെടുത്തവരില്‍നിന്നു സംഘാടകര്‍ എന്ത് അടിസ്ഥാനത്തിലാണ് പണം വാങ്ങിയതെന്ന് കോടതി ആരാഞ്ഞു. മനുഷ്യന്‍ വീണിട്ടും പരിപാടി തുടര്‍ന്നുകൊണ്ടുപോയി. സാധാരണ മനുഷ്യന്‍ വീണാലും പരിപാടി നിര്‍ത്തിവയ്ക്കണമായിരുന്നു. ഇത്രയും ഗൗരവമുള്ള കേസില്‍ എങ്ങനെയാണ് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചതെന്നും കോടതി ആരാഞ്ഞു.

പരിപാടിയുടെ ബ്രോഷര്‍ ഹാജരാക്കാന്‍ പ്രതികളോട് ഹൈക്കോടതി ആവശ്യപ്പെട്ടു. എന്ത് വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് നര്‍ത്തകരില്‍നിന്ന് പണം വാങ്ങിയതെന്ന് പരിശോധിക്കാനാണ് ബ്രോഷര്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. ജസ്റ്റിസ് പി.വി. ഉണ്ണികൃഷ്ണന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ കോടതി വെള്ളിയാഴ്ച വീണ്ടും വാദം കേള്‍ക്കും.

Tags:    

Similar News