ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനായി ഏറ്റെടുക്കണമോ എന്നതില്‍ അന്തിമ തീരുമാനം അഡൈ്വസറി സമിതിയെടുക്കും; മൂന്ന് മക്കളോടും നേരിട്ട് ഹാജരാജാന്‍ സമിതിയുടെ നിര്‍ദ്ദേശം; നാളെ തീരുമാനം വന്നേക്കും
മൂന്ന് പേരുടേയും വാദം കേട്ട ശേഷം സമിതി തീരുമാനെടുക്കും.
എറണാകുളം: അന്തരിച്ച സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനായി ഏറ്റെടുക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കാന്‍ കളമശേരി മെഡിക്കല്‍ കോളേജ് അഡൈ്വസറി കമ്മിറ്റി രൂപീകരിച്ചു. കുടുംബത്തോട് നാളെ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു.
ബുധനാഴ്ച ഉച്ചയ്ക്ക് ഈ വിഷയത്തില്‍ ലോറന്‍സിന്റെ മൂന്ന് മക്കളുടേയും നിലപാട് പരിശോധിക്കും. ആശാ ലോറന്‍സിനോടും സുജാതയോടും സജീവനോടും ഹാജരാകാനാണ് അഡൈ്വസറി കമ്മറ്റിയുടെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ മെഡിക്കല്‍ കോളേജ് പ്രിസന്‍സിപ്പലിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സമിതിയെ രൂപീകരിച്ചത്. മൂന്ന് പേരുടേയും വാദം കേട്ട ശേഷം സമിതി തീരുമാനെടുക്കും.
ഇന്നലെ വൈകിട്ട് നാലരയ്ക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ച എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടു നല്‍കുന്നതിനെതിരെ മകള്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കോടതി നിര്‍ദേശിച്ചത്. കേരള അനാട്ടമി ആക്ട് പ്രകാരം വിഷയം പരിശോധിച്ച ശേഷമാകും മൃതദേഹം പഠന ആവശ്യത്തിനായി മെഡിക്കല്‍ കോളേജിന് വിട്ടു നല്‍കണമോ എന്ന് തീരുമാനിക്കുക. തീരുമാനം എതിരായാല്‍ മകള്‍ ആശ വീണ്ടും കോടതിയെ സമീപിച്ചേക്കും.
'മുന്‍പേ നടന്ന ചില കാര്യങ്ങള്‍ കൂടി ഇതില്‍ പരിശോധിക്കേണ്ടതുണ്ട്. ഇപ്പോഴുണ്ടായ വിവാദങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ്- ബിജെപി സംഘടനകളിലെ ചില ആളുകള്‍ ഉണ്ടെന്നും തന്റെ സഹോദരിയെ അവര്‍ ഒരു ടൂള്‍ ആക്കി മാറ്റി'യെന്നും സജീവന്‍ പറയുന്നു. വിവാദത്തില്‍ പങ്കില്ലെന്നാണ് സിപിഎം പക്ഷം.