16 -ാം വയസിൽ മലേഷ്യൻ രാജകുമാരനുമായി നിർബന്ധിത വിവാഹം; ഭർത്താവിൽ നിന്ന് നേരിട്ടത് ലൈംഗിക പീഡനവും ശാരീരികമായ അതിക്രമങ്ങളും; ഒടുവിൽ രാജകുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ ഹോട്ടലിൽ നിന്ന് രക്ഷപ്പെടൽ; നരകയാതന തുറന്ന് പറഞ്ഞ് മോഡൽ
ജക്കാർത്ത: മലേഷ്യൻ രാജകുമാരൻ തെങ്കു ഫക്രിയുടെ മുൻഭാര്യ എന്ന് തന്നെ വിശേഷിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ട് ഇന്തോനേഷ്യൻ-അമേരിക്കൻ മോഡൽ മനോഹര ഒഡെലിയ. 2008-ൽ, തനിക്ക് 16 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ നടന്ന വിവാഹം തന്റെ സമ്മതത്തോടെയായിരുന്നില്ലെന്നും നിയമപരമായി നിലനിൽക്കുന്നതല്ലെന്നും 33 കാരിയായ മനോഹര ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തി.
മലേഷ്യൻ രാജകുമാരനായ തെങ്കു ഫക്രിയും മനോഹര ഒഡെലിയയും തമ്മിലുള്ള വിവാഹം 2008-ൽ നടന്നപ്പോൾത്തന്നെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം എന്ന നിലയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വിവാഹശേഷം ഭർത്താവിൽ നിന്ന് താൻ ദിവസേന ലൈംഗിക പീഡനത്തിനും ശാരീരിക അതിക്രമങ്ങൾക്കും ഇരയായിരുന്നുവെന്ന് മനോഹര ആരോപിക്കുന്നു.
കെലന്തനിലെ രാജകുടുംബത്തിൽ താമസിച്ചിരുന്ന കാലയളവിൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾക്കും ഏകാന്തവാസത്തിനും ഇരയായതായും അവർ വെളിപ്പെടുത്തി. എവിടെയും പോകാനോ സ്വന്തം കുടുംബാംഗങ്ങളോട് സംസാരിക്കാനോ പോലും തനിക്ക് അനുവാദമുണ്ടായിരുന്നില്ലെന്നും മനോഹര പറയുന്നു. ഇന്തോനേഷ്യൻ വാർത്താ മാധ്യമമായ 'ഡെറ്റിക്കി'നോട് മനോഹര പറഞ്ഞ കാര്യങ്ങൾ എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
"ലൈംഗിക പീഡനവും ഉപദ്രവവും അന്നെനിക്ക് നിത്യസംഭവമായിരുന്നു. എപ്പോഴൊക്കെ എനിക്ക് ലൈംഗികബന്ധത്തിന് താൽപ്പര്യമില്ലാതിരുന്നോ, അപ്പോഴൊക്കെ അയാൾ എന്നെ ഉപദ്രവിക്കുമായിരുന്നു." ഈ ബന്ധത്തിൽ ഒരു വർഷത്തോളം കഴിഞ്ഞതിന് ശേഷം, 2009-ൽ സിംഗപ്പൂരിലെ ഒരു ഹോട്ടലിൽ വെച്ച് രാജകുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ മനോഹര നാടകീയമായി ഇന്തോനേഷ്യയിലേക്ക് രക്ഷപ്പെട്ടു. തന്റെ അമ്മയുടെയും പൊലീസിന്റെയും യുഎസ് എംബസി ഉദ്യോഗസ്ഥരുടെയും സഹായത്തോടെയായിരുന്നു ഈ പലായനം.