സിസേറിയന് മുന്‍പ് ഡോക്ടര്‍ക്ക് രണ്ടുതവണയായി 10,000 രൂപ നല്‍കി; ഗുരുതര ആരോപണവുമായി കുഞ്ഞിന്റെ അച്ഛന്‍; ഗുരുതരാവസ്ഥയില്‍ ആയിട്ടും ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകിച്ചു; കുഞ്ഞിന്റെ ജീവനെടുക്കാന്‍ കാരണം ഈ കാലതാമസം; നെടുമങ്ങാട് നവജാത ശിശു മരണം: ഡോ.ബിന്ദു സുന്ദറിന് സസ്‌പെന്‍ഷന്‍; വിദഗ്ധ അന്വേഷണത്തിന് ഉത്തരവ്

ഡോ.ബിന്ദു സുന്ദറിന് സസ്‌പെന്‍ഷന്‍

Update: 2026-02-18 11:09 GMT

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവശേഷം നവജാതശിശു മരിച്ച സംഭവത്തില്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ ബിന്ദു സുന്ദറിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്തു. ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ കുടുംബം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ ഈ അച്ചടക്ക നടപടി. സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്. പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിരഞ്ജനയെ രാവിലെ നാല് മണിയോടെ ലേബര്‍ റൂമിലേക്ക് മാറ്റുകയും ഉച്ചയ്ക്ക് രണ്ട് മണിയോടെ സിസേറിയന് വിധേയമാക്കുകയുമായിരുന്നു. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് പിന്നാലെ മരിച്ചു. ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍, ഗര്‍ഭിണി ഗുരുതരാവസ്ഥയിലായിട്ടും ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകിപ്പിച്ചു, വിവരം ബന്ധുക്കളെ അറിയിച്ചില്ല, അവസാന നിമിഷം മാത്രമാണ് ശസ്ത്രക്രിയ നടത്തിയതെന്ന ഗുരുതരമായ ചികിത്സാ പിഴവ് ആരോപണങ്ങളാണ് കുടുംബം ഡോക്ടര്‍ ബിന്ദു സുന്ദറിനെതിരെ ഉന്നയിക്കുന്നത്. ഡോക്ടറെ പുറത്താക്കുന്നത് വരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബം നിലപാടെടുത്തതോടെ ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ മുടങ്ങി. ആശുപത്രിയില്‍ പ്രതിഷേധം ശക്തമാവുകയാണ്.

ഈ മാസം 16-നാണ് നിരഞ്ജനയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 17ന് രാവിലെ 11 മണിയോടെ സ്വാഭാവിക പ്രസവം നടന്നില്ലെങ്കില്‍ ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നതായി കുടുംബം പറയുന്നു. എന്നാല്‍, ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയതെന്നും ഈ കാലതാമസമാണ് കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടുത്താന്‍ കാരണമെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. ശസ്ത്രക്രിയയ്ക്ക് മുന്‍പ് രണ്ടുതവണയായി 10,000 രൂപ ഡോക്ടറുടെ മുറിയില്‍ വെച്ച് നല്‍കിയതായും കുഞ്ഞിന്റെ അച്ഛന്‍ ആരോപിക്കുന്നുണ്ട്.

ആരോപണവിധേയയായ ഡോക്ടര്‍ ബിന്ദു സുന്ദരനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചെങ്കിലും, അവധിയല്ല ഡോക്ടറെ പുറത്താക്കുകയാണ് വേണ്ടതെന്ന നിലപാടിലാണ് കുടുംബം. ഇതുമൂലം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇന്നലെ രാത്രി വൈകിയും ആശുപത്രിയില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ഡിഎംഒ, ആശുപത്രി സൂപ്രണ്ട് എന്നിവരെ പ്രതിഷേധക്കാര്‍ തടയുകയും സൂപ്രണ്ടിന്റെ ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ട്.

അതേസമയം, ചികിത്സാ വീഴ്ചയില്‍ അന്വേഷണം നടത്താന്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള മൂന്നംഗ ഡോക്ടര്‍ സംഘം ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. അനസ്‌തേഷ്യ, ഗൈനക്കോളജി, നിയോനാറ്റല്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. യുവതിക്ക് നല്‍കിയ ചികിത്സയിലും പ്രസവ ശസ്ത്രക്രിയയിലും ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചോ എന്ന് സംഘം വിശദമായി പരിശോധിക്കും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ആരോഗ്യവകുപ്പിന്റെ തുടര്‍നടപടികള്‍. കുടുംബത്തിന്റെ ശക്തമായ നിലപാടും ആശുപത്രിയിലെ പ്രതിഷേധവും കാരണം കേസില്‍ കൂടുതല്‍ നടപടികള്‍ വൈകുകയാണ്.

ഡോക്ടര്‍ക്കെതിരെ മുന്‍പും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. റീന അറിയിച്ചു. കൂടാതെ, ഡോക്ടറെ ജില്ലാ ആശുപത്രിയില്‍ തിരികെ പ്രവേശിപ്പിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. നവജാത ശിശുവിന്റെ മരണത്തില്‍ ഉയര്‍ന്നുവന്ന ഗുരുതരമായ ആരോപണങ്ങളെക്കുറിച്ചുള്ള വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഈ വിഷയത്തില്‍ കൂടുതല്‍ നിയമനടപടികള്‍ക്ക് വഴിയൊരുക്കും.

Tags:    

Similar News