ഒരു മൃത്യുഞ്ജയ ഹോമം; പേര് നരേന്ദ്ര ദാമോദര്‍ദാസ് മോദി, നക്ഷത്രം അനിഴം ! പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രിയുടെ പേരില്‍ ശിവക്ഷേത്രത്തില്‍ വഴിപാട് നടത്തി ബി ജെ പി നേതാവ്; ഹോമം രസീതാക്കിയത് പയ്യന്നൂരിലെ ശീ നമ്പ്യാത്രകൊവ്വല്‍ ശിവക്ഷേത്രത്തില്‍
പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രിയുടെ പേരില്‍ ശിവക്ഷേത്രത്തില്‍ വഴിപാട് നടത്തി ബി ജെ പി നേതാവ്
കണ്ണൂര്‍: പയ്യന്നൂര്‍ ശ്രീ നമ്പ്യാത്രകൊവ്വല്‍ ശിവക്ഷേത്രത്തില്‍ ഇന്ന് വേറിട്ടൊരു മൃത്യുഞ്ജയ ഹോമം രസീതായി. പേര് നരേന്ദ്ര ദാമോദര്‍ദാസ് മോദി.. നക്ഷത്രം അനിഴം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75 ആം പിറന്നാള്‍ ദിനത്തിലാണ് പയ്യന്നൂരിലെ തന്നെ ശ്രദ്ധേയ ക്ഷേത്രങ്ങളില്‍ ഒന്നായ നമ്പ്യാത്രക്കൊവ്വലില്‍ അദ്ദേഹത്തിന്റെ പേരില്‍ പ്രത്യേക വഴിപാട് നടത്തിയത്.
പയ്യന്നൂരിലെ ബി ജെ പി നേതാവും അഭിഭാഷകനുമായ കെ കെ ശ്രീധരനാണ് പ്രധാനമന്ത്രിയുടെ പേരില്‍ വഴിപാട് രസീതാക്കിയത്. വരുന്ന വര്‍ഷം ക്ഷേത്രത്തില്‍ നവീകരണ കലശം നടക്കുകയാണ്.അതിന് മുന്നോടിയായി ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും ശുദ്ധിക്രിയ്യകളും നടന്നുവരികയാണ്. അതേ ദിവസം തന്നെ തന്റെ ആരാധ്യനായ നേതാവും പ്രധാനമന്ത്രിയുമായ മോദിയുടെ പിറന്നാള്‍ കൂടി എത്തിയതോടെയാണ് അഡ്വ ശ്രീധരന്‍ മൃത്യുഞ്ജയ ഹോമം നടത്തിയത്.
നമ്മുടെ രാജ്യത്തിന്റെ ഉന്നതിക്കും സുരക്ഷയ്ക്കുമുള്‍പ്പടെ മുന്നില്‍ നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടിയാണ് താന്‍ വഴിപാട് നടത്തിയതെന്നും അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേരുന്നതിനൊപ്പം എല്ലാ മംഗളങളും ഈശ്വരന്‍ നല്‍കട്ടെയെന്നും ഇദ്ദേഹം പറയുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയഞ്ച് വയസ്സ് പൂര്‍ത്തിയാവുകയാണ്. ലോക നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖരും മോദിക്ക് ആശംസകള്‍ അറിയിച്ചു.അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരിട്ട് വിളിച്ച് നരേന്ദ്ര മോദിയെ ജന്മദിനത്തില്‍ ആശംസ നേര്‍ന്നു. യഥാര്‍ഥ നേതൃത്വമെന്നാല്‍ മോദിയെന്ന് അമിത് ഷാ പ്രശംസിച്ചു. റിട്ടയര്‍മെന്റ് ചര്‍ച്ചകള്‍ മറികടന്ന് പാര്‍ട്ടിയിലും സര്‍ക്കാരിലും പൂര്‍വാധികം ശക്തിയോടെയാണ് മോദി 75 വയസ് പൂര്‍ത്തിയാക്കുന്നത്. ഗുജറാത്ത് മെഹ്‌സാന ജില്ലയിലെ വടനഗറില്‍ 1950 സപ്തംബര്‍ 17 ന് തുടങ്ങിയ നരേന്ദ്ര ദാമോദര്‍ ദാസ് മോദിയുടെ ജീവിതയാത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ മായ്ക്കാനാകാത്ത ഏടാവുകയാണ്.
ജൂലൈയില്‍ ഇന്ദിരാ?ഗാന്ധിയുടെ റെക്കോഡ് മറികടന്ന് രാജ്യ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി അധികാരത്തിലിരുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയെന്ന നേട്ടവും മോദിയുടെ പേരിലായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം കരുത്തുകാട്ടിയെങ്കിലും ഹരിയാന, മഹാരാഷ്ട്ര, ദില്ലി സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒറ്റക്ക് നയിച്ച് നേടിയ മിന്നും വിജയങ്ങളിലൂടെ തനിക്ക് എതിരാളികളില്ലെന്ന് മോദിക്ക് തെളിയിക്കാനായി. ഓപ്പറേഷന്‍ സിന്ദൂര്‍ കരുത്തനായ ഭരണാധികാരിയെന്ന പ്രതിച്ഛായ ഉയര്‍ത്താന്‍ മോദിയെ സഹായിച്ചു. കൂട്ടുകക്ഷി സര്‍ക്കാരിനെ നയിക്കുക എന്ന വെല്ലുവിളി നേരിടാന്‍ മോദിക്കായി. പുതിയ ആശയങ്ങളും മുദ്രാവാക്യങ്ങളും മുന്നോട്ടു വച്ച് രാഷ്ട്രീയ അജണ്ട കൈയ്യിലെടുക്കാനുള്ള കഴിവ് മോദിയെ വ്യത്യസ്തനാക്കുന്നു. എഴുപത്തഞ്ചാം വയസ്സില്‍ താന്‍ എവിടെയും പോകുന്നില്ല എന്ന സന്ദേശം മോദി നല്‍കുകയാണ്. പാര്‍ട്ടിയില്‍ മോദിക്ക് പകരം വയ്ക്കാന്‍ തല്ക്കാലം ഒരു നേതാവ് ഇല്ല. 2029ലും മോദി തന്നെ നയിക്കാനുള്ള സാധ്യതയാണ് എഴുപത്തഞ്ച് വയസ് പൂര്‍ത്തിയാകുന്ന ഈ വേളയിലും തെളിയുന്നത്.