'ഡിയര്‍ ലാലേട്ടാ'! ഈസ്റ്റര്‍ ദിനത്തില്‍ മോഹന്‍ലാലിന് 'മിശിഹ'യുടെ കൈയൊപ്പ് പതിഞ്ഞ അര്‍ജന്റിന ജേഴ്സി; 'പെട്ടെന്ന് എന്റെ ഹൃദയം നിലച്ചുപോയി'; വാക്കുകള്‍ക്ക് അതീതമെന്ന് മോഹന്‍ലാല്‍; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
ഈസ്റ്റര്‍ ദിനത്തില്‍ മോഹന്‍ലാലിന് 'മിശിഹ'യുടെ കൈയൊപ്പ് പതിഞ്ഞ അര്‍ജന്റിന ജേഴ്സി
തിരുവനന്തപുരം: ഫുട്‌ബോള്‍ പ്രേമികളുടെ ഇതിഹാസ താരമാണ് ലയണല്‍ മെസി. ലയണല്‍ മെസിക്ക് ഒട്ടേറെ ആരാധകരാണ് കേരളത്തിലുള്ളത്. ഖത്തര്‍ ലോകകപ്പില്‍ മെസിയും കൂട്ടരും കപ്പുയര്‍ത്തിയപ്പോള്‍ വലിയ ആരവമാണ് കേരളത്തിലുണ്ടായിരുന്നത്. തങ്ങളുടെ ഇഷ്ടതാരത്തിന്റെ പടുകൂറ്റന്‍ കട്ടൗട്ട് പുഴയുടെ നടുവില്‍ സ്ഥാപിച്ചതും അന്ന് നാം കണ്ടതാണ്. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള അദ്ദേഹത്തിന്റെ കടുത്ത ആരാധകരില്‍ ഒരാളാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മോഹന്‍ലാല്‍. ആ ആരാധകന് ഇന്നൊരു അപൂര്‍വ സമ്മാനം കിട്ടി. അതാണ് സോഷ്യല്‍ മീഡിയയെ ഒന്നാകെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.
മെസിയെയും ഫുട്ബോളിനെയും സ്നേഹിക്കുന്ന ഏതൊരാളും കൊതിക്കുന്നൊരു സ്വപ്ന സമ്മാനം. സാക്ഷാല്‍ ലയണല്‍ മെസിയുടെ കയ്യൊപ്പ് പതിഞ്ഞ അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജേഴ്സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ജേഴ്സിയില്‍ 'ഡിയര്‍ ലാലേട്ടാ' എന്നെഴുതി മെസി ഒപ്പുവെക്കുന്നതിന്റെ വീഡിയോയും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്. ജേഴ്സിയുമായി നില്‍ക്കുന്ന മോഹന്‍ലാലിനേയും വീഡിയോയില്‍ കാണാം. ഡോ. രാജീവ് മാങ്കോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നിവരാണ് ഇത്തരത്തില്‍ ഒരപൂര്‍വമായ സമ്മാനം മോഹന്‍ലാലിനായി ഒരുക്കിയത്. സാമൂഹികമാധ്യമ പോസ്റ്റില്‍ ഇരുവര്‍ക്കും മോഹന്‍ലാല്‍ നന്ദി പറഞ്ഞു.
'ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ക്കതീതമാണ്. അവ എന്നെന്നേക്കും നിങ്ങള്‍ക്കൊപ്പമുണ്ടാകും. ഇന്ന് ഞാന്‍ അങ്ങനെയൊരു നിമിഷത്തിലൂടെ കടന്നുപോയി. എനിക്ക് കിട്ടിയ സമ്മാനപ്പൊതി പതുക്കെ ഞാന്‍ തുറന്നു. എന്റെ ഹൃദയം നിലച്ചുപോയി. ഇതിഹാസതാരം ലയണല്‍ മെസി ഒപ്പുവെച്ച ജേഴ്സി. അതില്‍ എന്റെ പേരും എഴുതിയിട്ടുണ്ടായിരുന്നു.' -മോഹന്‍ലാല്‍ കുറിച്ചു.
'മെസിയുടെ മൈതാനത്തെ മിടുക്കിനെ മാത്രമല്ല, അദ്ദേഹത്തിന്റെ ദയയും വിനയവുമെല്ലാം കണ്ട് ഏറെക്കാലമായി അദ്ദേഹത്തെ ആരാധിക്കുന്ന ഒരാള്‍ക്ക് ഇത് ശരിക്കും സവിശേഷമായ ഒന്നാണ്. എന്റെ സുഹൃത്തുക്കളായ ഡോ, രാജീവ് മാങ്കോട്ടിലും രാജേഷ് ഫിലിപ്പും ഇല്ലായിരുന്നെങ്കില്‍ ഈ അവിശ്വസിനീയമായ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദിയറിയിക്കുന്നു. എല്ലാത്തിനുമുപരിയായി, മറക്കാനാകാത്ത ഈ സമ്മാനത്തിന് ദൈവത്തോട് നന്ദി പറയുന്നു.' -മോഹന്‍ലാല്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.
മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ ഒട്ടനവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ സന്തോഷം ആരാധകര്‍ എങ്ങനെ എടുത്തു എന്നതിനുള്ള തെളിവായി മാറിയിരിക്കുകയാണ് കമന്റ് ബോക്‌സ്. 'ഒരാള്‍ ഭൂമിയില്‍ പിറന്നത് ഫുട്‌ബോള്‍ കളിക്കാണെങ്കില്‍ മറ്റൊരാള്‍ പിറന്നത് അഭിനയിച്ചു വിസ്മയിപ്പിക്കാനായി, ഒരു വിസ്മയത്തിന് മറ്റൊരു വിസ്മയം നല്‍കിയ സമ്മാനം, ഫുട്‌ബോളിന്റെ രാജാവ് അഭിനയത്തിന്റെ രാജാവ്', എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അതേസമയം, ക്രിസ്റ്റ്യാനോ റെണാള്‍ഡോയുടെ ജേഴ്‌സിയും വേണമായിരുന്നുവെന്ന് ചില ആരാധകരും കമന്റില്‍ കുറിക്കുന്നുണ്ട്.