മോഹന്‍ലാലിനെ ആദരിച്ച 'മലയാളം വാനോളം, ലാല്‍സലാം' വേദിയില്‍ ക്ഷണിക്കാതെ എത്തി എം.വി ഗോവിന്ദന്‍; പങ്കെടുക്കാതെ പ്രതിപക്ഷ നേതാവും സ്ഥലം എം പി ശശി തരൂരും; ആദരിക്കല്‍ വേദിയില്‍ ലാലിനേക്കാള്‍ വലിപ്പത്തില്‍ മുഖ്യമന്ത്രിയുടെ ചിരിക്കുന്ന ചിത്രവും; ലാലേട്ടനെ ആദരിക്കുന്ന ചടങ്ങ് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് പ്രതിപക്ഷ വിമര്‍ശനം
മോഹന്‍ലാലിനെ ആദരിച്ച 'മലയാളം വാനോളം, ലാല്‍സലാം' വേദിയില്‍ ക്ഷണിക്കാതെ എത്തി എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: ദാദാസാഹെബ് ഫാല്‍കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിച്ച് സര്‍ക്കാര്‍ നടത്തിയ ''മലയാളം വാനോളം, ലാല്‍സലാം'' പരിപാടിയുടെ സംഘാടനം സംസ്ഥാന സര്‍ക്കാറിന്റെ പി ആര്‍ പരിപാടിയാക്കി മാറ്റിയെന്ന വിമര്‍ശനമാണ് ശക്തമാകുന്നത്. 'മലയാളം വാനോളം, ലാല്‍സലാം' പരിപാടി പ്രഖ്യാപിച്ചപ്പോള്‍ തന്നെ അതില്‍ രാഷ്ട്രീയമുണ്ടെന്നായിരുന്നു വിമര്‍ശനം. ഇന്നലെ പരിപാടിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ ക്ഷണിക്കാതെ എത്തുകയും ചെയ്തു.
സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നല്‍കിയ വാര്‍ത്താക്കുറിപ്പിലോ പരിപാടിയുടെ പോസ്റ്ററിലോ ഒന്നും എം.വി ഗോവിന്ദന്റെ പേരില്ല. എന്നാല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയുടെ വേദിയില്‍ മന്ത്രിമാര്‍ക്കൊപ്പം എം.വി ഗോവിന്ദനും ഉണ്ടായിരുന്നു. പാര്‍ട്ടി സെക്രട്ടറി എന്ന നിലയ്ക്കാണെങ്കില്‍ കെപിസിസി അധ്യക്ഷനെയും പങ്കെടുപ്പിക്കേണ്ടതാണെന്നിരിക്കെയാണ് എം.വി ഗോവിന്ദന്‍ ഔദ്യോഗിക ക്ഷണമില്ലാതെ പങ്കെടുത്തത്. എംഎല്‍എ എന്ന നിലയ്ക്കും അദ്ദേഹത്തെ പങ്കെടുപ്പിക്കാന്‍ കഴിയില്ല. കാരണം കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തിന്റെ എംഎല്‍എയാണ് അദ്ദേഹം.
അതേസമയം, പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് വി.ഡി സതീശന്‍, തിരുവനന്തപുരത്തെ എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കും ക്ഷണമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ പങ്കെടുത്തില്ല. പരിപാടിയില്‍ കെഎസ്എഫ്ഡിസി ചെയര്‍മാന്‍ കെ. മധു നന്ദി പറഞ്ഞപ്പോള്‍ എം.വി ഗോവിന്ദന്റെ പേരും പറഞ്ഞു.
ലാലിനെ പൊന്നാടയണിയിച്ച് മുഖ്യമന്ത്രി ആദരിച്ച വേദിയില്‍ മന്ത്രി വി. ശിവന്‍കുട്ടിയായിരുന്നു അധ്യക്ഷന്‍. മന്ത്രിമാരായ സജി ചെറിയാന്‍, കെ.എന്‍ ബാലഗോപാല്‍, ജി.ആര്‍ അനില്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ നടന്‍ പ്രേംകുമാര്‍, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു. നിരവധി ചലച്ചിത്രതാരങ്ങളും പരിപാടിയുടെ ഭാഗമായി.
അതേസമയം ചടങ്ങലെ വേദിയില്‍ മോഹന്‍ലാലിനേക്കാല്‍ വലിയ ചിത്രം മുഖ്യമന്ത്രിയുടേതായിരുന്നു. ഇതില്‍ അടക്കം സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ഉയര്‍ന്നു. കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം വിമര്‍ശനം ഉന്നിയിച്ചു രംഗത്തുവന്നിരുന്നു. വിമര്‍ശനവുമായി വീണ നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: ''സംസ്ഥാന സര്‍ക്കാര്‍ പരിപാടിയുടെ പേര് 'ലാല്‍ സലാം'. ക്ഷമിച്ചു.. ലാലേട്ടന്റെ അനുമോദന പരിപാടി പാര്‍ട്ടി പരിപാടിയാക്കിയത് അംഗീകരിക്കാന്‍ സാധിക്കില്ല, പാര്‍ട്ടി സെക്രട്ടറിക്ക് ഈ പരിപാടിയില്‍ എന്താണ് കാര്യം. കുമ്മനടിച്ചതാണോ?
അതേസമയം പരിപാടി സര്‍ക്കാറിന്റെ പി ആര്‍ പരിപാടിയാക്കി മാറ്റിയെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെര്‍ വിമര്‍ശനം. തെരഞ്ഞെടുപ്പിനുള്ള പി ആര്‍ പരിപാടിയാണ് നടന്നത്. എന്നാല്‍ മോഹന്‍ലാല്‍ പങ്കെടുത്ത പരിപാടി വിവാദമാക്കാന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് പത്മജ വേണുഗോപാലിനെ പോലുള്ളവര്‍ ഫേസ്ബുക്കില്‍ വിമര്‍ശനം ഉയര്‍ത്തി രംഗത്തുവന്നിട്ടുണ്ട്.