കൈവെച്ചാല്‍ എടുക്കാന്‍ വൈകുന്ന നരസിംഹത്തിലെ ഭാസ്‌കരന്‍; നാലാള്‍ കൂടുന്ന അങ്ങാടിയിലേക്ക് ജഗന്നാഥനെ വെല്ലുവിളിച്ച ചെങ്കളം മാധവന്‍; മുറിച്ചിട്ട മുറി കൂടുന്ന കീരിക്കാടന്‍ ജോസ്; നായകനൊപ്പം മലയാളി ആഘോഷിച്ച മോഹന്‍രാജിന്റെ വേഷങ്ങളും സംഭാഷണങ്ങളും

കൈവെച്ചാല്‍ എടുക്കാന്‍ വൈകുന്ന നരസിംഹത്തിലെ ഭാസ്‌കരന്‍

By :  Aswin P T
Update: 2024-10-03 15:59 GMT

തിരുവനന്തപുരം: നായകന്മാരുടെ സംഭാഷണങ്ങള്‍ പ്രേക്ഷകര്‍ ഓര്‍ത്തുവെക്കുന്നതും ചിലയവസരങ്ങളില്‍ എടുത്തുപ്രയോഗിക്കുന്നതുമൊക്കെ സര്‍വ്വസാധാരണമായ കാഴ്ച്ചയാണ്. എന്നാല്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്ത ഒരു നടനെ നെഞ്ചേറ്റുന്നതും അതിലുപരി ഒരു നായക നടനോളം തന്നെ സംഭാഷണങ്ങള്‍ ആഘോഷമാക്കുന്നതുമൊക്കെ അപൂര്‍വ്വതയാണ്.അത്തരമൊരു അപൂര്‍വ്വതയ്ക്ക് ഉടമയാണ് മോഹന്‍ രാജ് എന്ന നടന്‍.

മുറിച്ചാല്‍ മുറി കൂടുന്ന കീരിക്കാടന്‍ തൊട്ട്,നരസിംഹത്തിലെ ഭാസ്‌കരന്‍, ആറാം തമ്പുരാനിലെ ചെങ്കളം മാധവന്‍,ഹലോയിലെ പട്ടാമ്പി രവിയൊക്കെ ഇത്തരത്തില്‍ മലയാളി ആഘോഷമാക്കിയ വില്ലന്‍ വേഷങ്ങളാണ്.ഇതില്‍ പട്ടാമ്പി രവി എന്ന കഥാപാത്രത്തിന് മാത്രമാണ് അല്‍പ്പം വ്യത്യാസം.റിട്ടയേഡ് ഗുണ്ട എന്ന രൂപത്തിലാണ് ഈ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്.നരനിലും വിഷ്ണുവിലും ഹിറ്റലറിലുമൊക്കെയായി എന്നെന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളാണ് മോഹന്‍രാജിന്റെത്.സോഷ്യല്‍ മീഡിയ കാലത്ത് വൈറലായ വില്ലന്‍ ഡയലോഗുകളിലധികം പറഞ്ഞത് മോഹന്‍ രാജാണ്.

നരസിംഹത്തിലെ ഭാസ്‌കരന്‍.. കൈവച്ചാല്‍ എടുക്കാന്‍ ഇത്തിരി വൈകും

അനിയനെ വിവാഹത്തിന്റെ പേരില്‍ മര്‍ദ്ദിച്ച എട്ടനോട് ചോദിക്കാന്‍ വരുന്ന അനിയന്റെ കൂട്ടുകാരന്‍ കൂടിയായ ഇന്ദുചൂഡനോട് എട്ടനായ ഭാസ്‌കരന്‍ പറയുന്ന ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. മോഹന്‍ലാല്‍ ഇന്ദുചൂഡനായപ്പോള്‍ ഭാസ്‌കരനായത് മോഹന്‍രാജായിരുന്നു. മണപ്പള്ളിക്കാരെ വിറപ്പിച്ചത് പോലെ പോകല്ലെ..ഇത് ഭാസ്‌കരനാ..കൈ എട് മോനെ ഭാസ്‌കര എന്ന് ഇന്ദുചൂഡന്റെ മറുപടിക്ക് ഭാസ്‌കരന്‍ പറയുന്നത് .. ഭാസ്‌കരന്‍ കൈവെച്ചാല്‍ എടുക്കാന്‍ ഇത്തിരി വൈകും എന്ന..

ആദ്യ കാലത്ത് വലിയ ശ്രദ്ധ നേടിയില്ലെങ്കിലും സോഷ്യല്‍ മീഡിയയും ട്രോളുമൊക്കെ സജീവമായതോടെ ഈ സംഭാഷണവും വൈറലായി.കോമഡി രൂപത്തില്‍ വരെ ഭാസ്‌കരന്റെ ഇ മാസ് ഡയലോഗ് ആഘോഷിക്കപ്പെട്ട് തുടങ്ങി.

ആറാം തമ്പുരാനിലെ ചെങ്കളം മാധവനും വെല്ലുവിളിയും

കണിമംഗലത്ത് താമസമാക്കി നാട്ടിലെ ഉത്സവം കൊടിയേറ്റ് നടത്തിയ ജഗനാഥനെ ഓടിക്കാന്‍ അപ്പന്‍ തമ്പുരാന്‍ കൊണ്ടുവരുന്ന തന്റെ ശിഷ്യന്‍ കൂടിയായ ചെങ്കളം മാധവന്‍.മോഹന്‍രാജിന്റെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ആറാം തമ്പുരാനിലെ ഈ വേഷം.കുട്ടികളുമൊത്തെ കളിച്ചിരിക്കുകയായിരുന്ന ജഗനാഥനടുത്തേക്ക് വരുന്ന മാധവന്‍ കവലിയിലേക്ക് തല്ലാനായി നടത്തുന്ന വെല്ലുവിളി ഏറെ കൈയ്യടി നേടിയതാണ്.




 


ഈ കുട്ടികളുടെയും പെണുങ്ങളുടെയും മുന്നിലിട്ട് നിന്നെ തല്ലുന്നതില്‍ കാര്യമില്ല.അതല്ല എന്റെ രീതി.. നാലാള്‍ കൂടുന്നതിന്റെ ഇടയില്‍ അങ്ങാടില്‍ കിട്ടണം നിന്നെ എന്നാണ് ചെങ്കളം മാധവന്‍ ജഗനാഥനെ വെല്ലുവിളിക്കുന്നത്.സിനിമ ഇറങ്ങിയ സമയത്ത് തന്നെ മോഹന്‍ലാലിന്റെ ഡയലോഗിനൊപ്പം തന്നെ ആഘോഷിക്കപ്പെട്ടു ഈ സംഭാഷണവും.

കനല്‍ക്കാറ്റിലെ കരീം ഭായ്

മമ്മൂട്ടി നത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കനല്‍ക്കാറ്റ് എന്ന ചിത്രത്തിലെ മോഹന്‍രാജ് അവതരിപ്പിച്ച കരിംഭായ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.സംഭാഷണങ്ങള്‍ക്കപ്പുറം ഈ കഥാപാത്രത്തെ അവതരിപ്പിച്ച രിതിയാണ് വേറിട്ടത്.ബുള്ളറ്റില്‍ കറുത്ത ജീന്‍സ് ഷര്‍ട്ടും കറുത്ത കണ്ണടയും വെച്ചുള്ള കഥാപാത്ര സൃഷ്ടിയും സംഭാഷണവും പ്രേക്ഷക കൈയ്യടി നേടിയതാണ്.

ബുള്ളറ്റിന്റെ ശബ്ദത്തില്‍ നിന്നാണ് കഥാപാത്രത്തതെ അവതരിപ്പിക്കുന്നത്.പതിയെ തുടങ്ങുന്ന ബുള്ളറ്റ് ശബ്ദം കൂടി വരുമ്പോള്‍ സ്‌ക്രീനിലേക്ക് കരീംഭായിയും കടന്നുവരും.താന്‍ ഏല്‍പ്പിക്കുന്ന ഏതൊരു പണിയുടെയും പ്രതിഫലത്തിന്റെ അംശം കൈക്കലാക്കുന്ന കരീംഭായ് അത് ആരെങ്കിലും കൊടുക്കാന്‍ മടിച്ചാല്‍ മുഴുവന്‍ തുകയും കൈക്കലാക്കും.പ്രേക്ഷകരില്‍ അക്കാലത്ത് പേടിപ്പെടുത്തിയ വില്ലന്‍ തന്നെയായിരുന്നു കരീംഭായിയും

ഹലോയിലെ പട്ടാമ്പി രവി

മോഹന്‍രാജിന്റെ രണ്ടാം വരവില്‍ അദ്ദേഹം ചെയ്ത കഥാപാത്രമായിരുന്നു ഹലോയിലെ പട്ടാമ്പി രവി അഥവ ചട്ടമ്പി രവി.പണ്ട് ഗുണ്ടയായിരുന്നിട്ട് ഇപ്പോള്‍ റിട്ട.ആയ കഥാപാത്രമെന്ന രീതിയില്‍ തമാശ രൂപത്തിലായിരുന്നു മോഹന്‍രാജിന്റെ ഈ കഥാപാത്രം.കോമഡിയും തനിക്ക് വഴങ്ങുമെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ ഈ കഥാപാത്രത്തിലൂടെ അദ്ദേഹത്തിന് സാധിച്ചിരുന്നു.

തന്റെ സമകാലീകരായ ഭീമന്‍ രഘു, സ്ഫടികം ജോര്‍ജ്ജ എന്നിവര്‍ക്കൊപ്പമായിരുന്നു ഹലോയിലെ വേഷം.സാധാരണ മോഹന്‍രാജിന്റെ കഥാപാത്രങ്ങള്‍ പ്രേക്ഷകരില്‍ ഭയമാണ്് ഉണ്ടാക്കുന്നതെങ്കില്‍ ഹലോയിലെ രവി പക്ഷെ ചിരി പടര്‍ത്തുകയായിരുന്നു.

നരനിലെ കുറ്റിച്ചിറ പപ്പന്‍

വളരെ ചെറിയ വേഷമാണെങ്കില്‍ അവതരണത്തില്‍ അത്രയെറെ വലിപ്പം കൊടുത്ത കഥാപാത്രമാണ് നരനിലെ കുറ്റിച്ചിറ പപ്പന്‍.ഈ കഥാപാത്രത്തിന് സംവിധായകന്‍ ജോഷി ആളെ അന്വേഷിച്ചപ്പോഴും അതെത്തി നിന്നത് മോഹന്‍ രാജില്‍ തന്നെ.മുള്ളങ്കൊലി വേലായുധനെ തല്ലിതോല്‍പ്പിക്കണമെങ്കില്‍ അതിനൊത്ത ഒരാള്‍ തന്നെ വേണം.അതിന് പഞ്ചായത്ത് തന്നെ പിരിവിട്ട് ഇറക്കുന്ന പല ദേശങ്ങളെയും വിറപ്പിച്ച ഗുണ്ട അതാണ് പപ്പന്‍.

കുറ്റിച്ചിറ പപ്പന്‍ ചില്ലറക്കാരനല്ല. ആറടി ഉയരം. ഒത്ത വണ്ണം.കണ്ടാല്‍ തന്നെ പകച്ചുപോകുന്ന ഭീകരതയുള്ള മുഖം.കുറ്റിച്ചിറയില്‍ നിന്ന് വെറുതെയല്ല പപ്പന്‍ മുള്ളങ്കൊല്ലിയിലേക്ക് വന്നത്. വേലായുധനെ തല്ലി പതം വരുത്താനാണ്.അത്തരമൊരു ആളെ തല്ലിതോല്‍പ്പിക്കുമ്പോഴെ വേലായുധന്റെ കരുത്ത് മുള്ളങ്കൊല്ലിക്കൊപ്പം പ്രേക്ഷകനും അറിയു.വേലയുധന് മുന്നില്‍ പരാജയപ്പടുന്നുണ്ടെങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയ വില്ലന്‍ തന്നെയായിരുന്നു കുറ്റിച്ചിറ പപ്പനും.


 



നായകന്റെ വലിപ്പവും കരുത്തും പ്രേക്ഷകനുമായി മനസിലാവണമെങ്കില്‍ അതിനൊത്ത ഭീമാകാരനായ വില്ലന്‍ വേണം.മലയാള സിനിമയില്‍ അത്തരം രൂപങ്ങളുടെ മറുവാക്കായിരുന്നു മോഹന്‍രാജ്.സംഭാഷണങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും മുഴുനീള കഥാപാത്രമാണെങ്കിലും അല്ലെങ്കിലും വില്ലന്‍ വേഷമായിരുന്നിട്ട് കൂടി മോഹന്‍രാജ് ഇന്നും പ്രേക്ഷക മനസ്സില്‍ നിറയുന്നത് അദ്ദേഹമൊരു നല്ല നടന്‍ കൂടി ആയത് കൊണ്ടാണ്.. ഒരു ചിരിയില്‍ കൂടി പോലും ഭീതി നിറയ്ക്കാന്‍ കഴിയുന്ന ഒരു നല്ല നടന്‍..

Tags:    

Similar News