ക്ളോക്ക് റൂമിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നും പണം നഷ്ടമായി; പത്തായിരം രൂപ വിലമതിക്കുന്ന കൂളിങ് ഗ്ലാസും മോഷണം പോയി; പിഎസ്സി പരീക്ഷ എഴുതാൻ എത്തിയവർക്ക് ബസ് യാത്രയ്ക്കുള്ള കാശ് നൽകിയത് അധ്യാപകർ; മാടായി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പിഎസ്സി കള്ളന്മാർക്ക് പിടിവീഴും
കണ്ണൂര്‍: മാടായി ഗവ. ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പിഎസ്സി പരീക്ഷ എഴുതാന്‍ എത്തിയ ഉദ്യോഗാര്‍ഥികളുടെ പണം മോഷണം പോയ സംഭവത്തിൽ പ്രതികളെ പിടികൂടാൻ പോലീസിന്റെ നിർണായക നീക്കം. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിച്ച ഡിവിഷണല്‍ അക്കൗണ്ടന്റ് ഓഫീസര്‍ പ്രിമിലനറി പരീക്ഷ എഴുതാന്‍ എത്തിയ പത്തോളം വിദ്യാര്‍ഥികളുടെ പണവും കൂളിങ് ഗ്ലാസും ആണ് മോഷണം പോയത്. ഉച്ചക്ക് ഒന്നരതല്‍ മൂന്നേകാല്‍ വരെ നടന്ന പിഎസ്സി പരീക്ഷയില്‍ 102 ഉദ്യോഗാര്‍ഥികളാണ് പങ്കെടുത്തത്.
ഇതിൽ വലിയൊരു ശതമാനം ഉദ്യോഗാർത്ഥികളുടെ ബാഗിൽ നിന്നും പണം നഷ്ടമായി. ക്ളോക്ക് റൂമിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നും പണം നഷ്ടമായതോടെ തിരികെ വീട്ടിൽ പോകാൻ പോലും പണമില്ലാതെ ഉദ്യോഗാർത്ഥികൾ വിഷമത്തിലായി. സംഭവതഃഗിൽ പഴയങ്ങാടി പോലീസാണ് അന്വേഷണം നടത്തുന്നത്. പരീക്ഷ നടപടിക്രമത്തിന്റെ ഭാഗമായി ക്ലാസ് മുറികളിൽ ബാഗ് അനുവദനീയമല്ല. പരീക്ഷയ്ക്ക് മുമ്പ് സ്‌കൂളിലെ ക്ലോക്ക് റൂമില്‍ സൂക്ഷിച്ച ഉദ്യോഗാര്‍ഥികളുടെ പത്തോളം ബാഗുകളില്‍നിന്നായി 500 രൂപ വീതമാണ് മോഷണം പോയത്.
ഒരു ഉദ്യോഗാര്‍ഥിയുടെ പത്തായിരം രൂപ വിലമതിക്കുന്ന കൂളിങ് ഗ്ലാസും മോഷണം പോയി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ബാഗ് പരിശോധിക്കുമ്പോഴാണ് ഉദ്യോഗാർത്ഥികൾക്ക് പണം മോഷണം പോയ വിവരമറിയുന്നത്. തുടർന്ന് ഉദ്യോഗാർത്ഥികൾ പരിഭ്രാന്തിയിലായി. പ്രഥമാധ്യാപിക എം ഹൈമ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നു. പണം നഷ്ടപ്പെട്ട പലര്‍ക്കും ബസ് യാത്രയ്ക്കുള്ള പണം പോലും ഇല്ലാതെ വിഷമിച്ചു. അധ്യാപകരുടെയും കൂടെയുള്ള ഉദ്യോഗാര്‍ഥികളുടെ സഹായത്തോടെയാണ് പലരുംവീടുകളിലേക്ക് തിരിച്ചു പോയത്.