അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റില്‍ ഇന്ത്യയിലെത്താന്‍ വേണ്ടത് 75,000 രൂപ; സൈനിക വിമാനത്തില്‍ ഒരാളെ നാടുകടത്താന്‍ ചെലവ് നാല് ലക്ഷവും! നാലിരട്ടി പണം മുടക്കി സൈനിക വിമാനത്തില്‍ ട്രംപ് നാടു കടത്തുന്നത് എന്തിന്? ആദ്യ ഘട്ടത്തില്‍ 5000 കുടിയേറ്റക്കാരെ ഇന്ത്യയില്‍ എത്തിച്ചാല്‍ കോടികളുടെ ചെലവ്

ആദ്യ ഘട്ടത്തില്‍ 5000 കുടിയേറ്റക്കാരെ ഇന്ത്യയില്‍ എത്തിച്ചാല്‍ കോടികളുടെ ചെലവ്

Update: 2025-02-05 12:27 GMT

ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് യുഎസ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്നുള്ള പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ ട്രംപ് ഭരണകൂടം ഒട്ടും സമയം പാഴാക്കുന്നില്ല. ഇതിന്റെ ഭാഗമായി ഇന്ത്യയിലുള്‍പ്പടെ കുടിയേറ്റക്കൊരെയും വഹിച്ചു കൊണ്ടുള്ള വിമാനം പറന്നിറങ്ങി. യുഎസ് സൈനിക വിമാനം സി-17 ആണ് അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തര്‍ദേശീയ വിമാനതാവളത്തില്‍ ഇറങ്ങിയത്. 25 സ്ത്രീകളും 10 കുട്ടികളുമുള്‍പ്പെടെ 104 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരാണ് വിമാനത്തില്‍ ഇന്ത്യയിലെത്തിയത്.

കുടിയേറ്റക്കാരുടെ എണ്ണം പോലെ തന്നെഈ നടപടിയെ ശ്രദ്ധേയമാക്കുന്ന മറ്റൊന്ന് ഉണ്ട്. അത് യുഎസ് ഉപയോഗിക്കുന്ന നാടുകടത്തലിന് ഉപയോഗിക്കുന്ന വിമാനത്തിന്റെ കാര്യത്തിലാണ്. സൈനിക വിമാനങ്ങളാണ് കുടിയേറ്റക്കാരെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ഉപയോഗിക്കുന്നത്. സാധാരണയായി യുദ്ധമേഖലകള്‍ക്കും ദുരന്തനിവാരണത്തിനും വേണ്ടി കരുതിവച്ചിരിക്കുന്ന ഈ വിമാനങ്ങള്‍ ഇപ്പോള്‍ നാടുകടത്തല്‍ നടപടികള്‍ക്കേ വേണ്ടിയും ഉപയോഗിക്കുകയാണ്.

ഇതിന്റെ ചെലവ് താങ്ങേണ്ടി വരുന്നത് അമേരിക്കയിലെ നികുതിദായകരാണ്. ഈ നടപടി ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് നല്‍കേണ്ടി വരുന്നതിനേക്കാള്‍ അഞ്ചിരിട്ടി ചെലവ് വരുമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നിട്ടും പിന്നെ എന്തിനാണ് ട്രംപ് ഭരണകൂടം സൈനിക വിമാനങ്ങള്‍ ഉപയോഗിക്കുന്നത്? ഓരോ കുടിയേറ്റക്കാരനെയും നാടുകടത്തുന്നതിന് എത്ര ചിലവാകും? അതിനുള്ള ഉത്തരം ഇങ്ങനെയാണ്.

സാധാരണയായി യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ)ഇത്തരം നടപടികള്‍ക്കായി പാസഞ്ചര്‍ വിമാനങ്ങളോട് സാമ്യമുള്ള വാണിജ്യ ചാര്‍ട്ടര്‍ ഫ്ലൈറ്റുകള്‍ ഉപയോഗിച്ചാണ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ നാടുകടത്തുന്നതിനായി സി -17, രണ്ട് സി -130 ഇ എന്നീ കൂറ്റന്‍ സൈനിക വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇത് ട്രംപ് ഭരണകൂടം തങ്ങളുടെ അധീശത്ത്വം അരക്കിട്ടുറപ്പിക്കാനുള്ള ശ്രമമായി വിലയിരുത്തുന്നുണ്ട്. അമേരിക്കന്‍ സൈനിക വിമാനം മറ്റൊരു രാജ്യത്ത് ലാന്‍ഡ് ചെയ്യുമ്പോള്‍ തങ്ങളുട ആഗോള മേധാവിത്തത്തിന്റെ സിംബലായാണ് അവര്‍ അതിനെ കണക്കാക്കുന്നത്.

കണക്കുകള്‍ പ്രകാരം നേരത്തെ നടന്ന 10 മണിക്കൂര്‍ സമയമെടുത്ത ഗ്വാട്ടിമാലയിലേക്കുള്ള നാടുകടത്തല്‍ നടപടിയില്‍ ഒരു കുടിയേറ്റക്കാരന് ഏകദേശം 4675 ഡോളറാണ് ചെലവ് വരുന്നത്. ഇന്ത്യന്‍ രൂപയില്‍ 4 ലക്ഷം രൂപയോളം വരുമിത്. ഇത് അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ഒരു വശത്തേക്ക് മാത്രമുള്ള ഫസ്റ്റ ്ക്ലാസ് ടിക്കറ്റിന്റെ അഞ്ചിരട്ടിയോളം വരുമെന്ന് ഇതുമായി ബന്ധപ്പെട്ട് വൃത്തങ്ങള്‍ പറയുന്നു. സി-17 മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് മണിക്കൂറിന് 28,500 ഡോളര്‍ (24 ലക്ഷം രൂപ) ചിലവ് വരുമെന്നാണ് കണക്കുകള്‍.


 



12 മണിക്കൂറിലധികം സമയം വേണ്ടി വരുന്ന ഇന്ത്യയിലേക്കുള്ള വിമാനമാണ് ഇതുവരെയുള്ളതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ്, ഇക്വഡോര്‍ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കും സൈനിക വിമാനങ്ങള്‍ പറന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നിരുന്നാലും, എല്ലാ രാജ്യങ്ങളും ഈ വിമാനങ്ങളെ സ്വാഗതം ചെയ്യുന്നില്ല. അമേരിക്കയെ 'അക്രമിച്ച' 'അന്യഗ്രഹജീവികള്‍', 'കുറ്റവാളികള്‍' എന്നിങ്ങനെ അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് ട്രംപ് ആവര്‍ത്തിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

വിലങ്ങുകളണിയിച്ച്് ഇന്ത്യക്കാര്‍ അടക്കമുള്ള കുടിയേറ്റക്കാരെ സൈനിക വിമാനങ്ങളില്‍ കയറ്റി അയക്കുന്നതിലൂടെ 'കുറ്റകൃത്യങ്ങളില്‍' കര്‍ശന ശിക്ഷ എന്ന സന്ദേശം നല്‍കുകയാണ് ട്രംപ്. 5000 ഇന്ത്യക്കാരെയാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയിലേക്ക് എത്തിക്കുക. ഇതില്‍ ആദ്യ വിമാനമാണ് ഇന്ന് ലാന്‍ഡ് ചെയ്തത്.

ങ്ങളുടെ പൗരന്മാരെ ചങ്ങലയിട്ട്, സൈനിക വിമാനത്തില്‍ കയറ്റി അയക്കുന്നത്, അതാത് മാതൃരാജ്യങ്ങളെ വല്ലാതെ അസ്വസ്ഥത വിതറുന്നുണ്ട്. പഞ്ചാബിലെ അമൃത്സറിലേക്കാണ് വിമാനം വന്നത് എന്നതു കൊണ്ട് തന്നെ അമേരിക്കയിലെ സിഖ് സമൂഹം ടാര്‍ഗെറ്റ് ചെയ്യപ്പെടുമോ ന്ന ആശങ്കയ്ക്കും ഇടനല്‍കുന്നതാണ്.

അമേരിക്കന്‍ സൈനിക വിമാനത്തിന്റെ വരവില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ട്രംപ് ഭരണകൂടത്തിന്റെ നടപടിയില്‍ അതൃപ്തി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രത്യേകിച്ച് അമേരിക്കയിലെ കണ്ണിലെ കരടായ ഇടതുപക്ഷ ഭരണകൂടങ്ങള്‍. തങ്ങളുടെ രാജ്യങ്ങളില്‍ അട്ടിമറി നടത്താന്‍ പോലും അമേരിക്ക ശ്രമിക്കുമെന്ന് ഇവര്‍ ഭയപ്പെടുന്നത്. അതുകൊണ്ടാണ് ഒരു അമേരിക്കന്‍ സൈനിക വിമാനം തങ്ങളുടെ നാട്ടില്‍ പറന്നിറങ്ങുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല.

കുടിയേറ്റക്കാരെ അവഹേളിച്ചു കൊണ്ടാണ് ട്രംപ് തുടക്കം മുതല്‍ തന്നെ രംഗത്തുവന്നിരുന്നത്. അടുത്തിടെ, ഒരു പൊതു പരിപാടിയില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞത് ഇങ്ങനെയാണ്. 'ചരിത്രത്തിലാദ്യമായി, ഞങ്ങള്‍ നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തി അവര്‍ വന്ന സ്ഥലങ്ങളിലേക്ക് സൈനിക വിമാനങ്ങളില്‍ അവരെ തിരികെ അയക്കുകയും ചെയ്തു. ഞങ്ങള്‍ വിഢികളാണെന്ന് കരുതി ചിരിച്ചുവെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ബഹുമാനിക്കപ്പെടുന്നു'.


 



അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉറച്ച തീരുമാനത്തില്‍ തന്നെയാണ് വ്യക്തം. ഇപ്പോഴത്തെ സഹാചര്യത്തില്‍ 18000 ഇന്ത്യക്കാതെ തിരിച്ചെത്തിക്കാന്‍ യുഎസ് സര്‍ക്കാറിന് കോടികള്‍ ചെലവാക്കേണ്ടി വരും. മിക്ക രാജ്യങ്ങളിലേയും കുടിയേറ്റക്കാരെ തിരിച്ചയക്കാന്‍ ഇതുപോലെ ഭീമമായ ഫണ്ട് ചെലവാക്കേണ്ടി വരുമെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിവയവരെ തിരിച്ചയക്കാനുള്ള അമേരിക്കന്‍ സര്‍ക്കാറിന്റെ നടപടിയോട് തുറന്ന മനസ്സാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പ്രതിരിച്ചിരുന്നു.

Tags:    

Similar News