ഓര്‍ഡര്‍ നല്‍കിയത് അയ്യായിരത്തോളം പേജറുകള്‍ക്ക്; ഒരുതരത്തിലുള്ള പരിശോധനയിലും കണ്ടെത്താന്‍ ആകാത്ത മറിമായം; ഹിസ്ബുല്ലയെ അമ്പരപ്പിച്ച പേജര്‍ ആക്രമണത്തിന് പിന്നില്‍ എപ്പോഴും വിറപ്പിക്കുന്ന ചാരസംഘടനയായ മൊസാദ് തന്നെ

പേജര്‍ ആക്രമണത്തിന് പിന്നില്‍ മൊസാദ് തന്നെ

Update: 2024-09-18 12:07 GMT

ബെയ്‌റൂട്ട്: ലബനനില്‍ ഇന്നലെ പേജറുകള്‍ പൊട്ടിത്തെറിച്ച് നിരവധി കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് പിന്നില്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് തന്നെയാണെന്ന് വ്യക്തമായി. ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന പല സുരക്ഷാ ഏജന്‍സികളും ഇത് മൊസാദിനെ കൊണ്ട് മാത്രം ചെയ്യാന്‍ കഴിയുന്ന ദൗത്യമെന്നാണ് കണക്കാക്കുന്നത്.

യൂറോപ്പില്‍ നിര്‍മ്മിച്ച അയ്യായിരത്തോളം പേജറുകള്‍ ലബനനില്‍ ഹിസ്ബുല്ലയുടെ കൈകളില്‍ എത്തുന്നതിന് മുമ്പ് തന്നെ അവയില്‍ മൊസാദ് സ്ഫോടക വസ്തുക്കള്‍ നിറച്ചിരുന്നു എന്നാണ് ഇപ്പോള്‍ മനസിലാക്കുന്നത്. നേരത്തേ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന

സ്മാര്‍ട്ട് ഫോണുകള്‍ക്ക് പകരം പേജറുകള്‍ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയത് ഹിസ്ബുല്ല തലവനായ ഹസന്‍ നസറുള്ളയാണ്. സ്മാര്‍ട്ട്ഫോണുകള്‍ വഴിയുള്ള സന്ദേശങ്ങളും മറ്റും ഇസ്രയേല്‍ പിടിച്ചെടുക്കുമെന്ന് ഭയന്നിട്ടാണ് നസറുള്ള ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം നല്‍കിയത്.

തുടര്‍ന്ന് അയ്യായിരത്തോളം പേജറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നു. ഈ വിവരം മണത്തറിഞ്ഞ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ഇടപെടലില്‍ ഈ പേജറുകളില്‍ അതീവ സ്ഫോടനശേഷിയുള്ള 3 ഗ്രാം രാസവസ്തുക്കള്‍ നിറയ്ക്കുന്നു. ഒരു കോഡ് അടക്കം ചെയ്തിട്ടുള്ള പെട്ടിയും ഇതില്‍ അവര്‍ ഒളിച്ചു വെച്ചിരുന്നു. ഒരു തരത്തിലുമുള്ള പരിശോധനകളില്‍ ഇവ കണ്ടെത്താനും കഴിയില്ലായിരുന്നു. മൊസാദ് പ്രത്യേക കോഡ് അയച്ചതോടെ എല്ലാ പേജറുകളിലെയും സ്‌ഫോടക വസ്തുക്കള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഈ പേജറുകളില്‍ മൂന്ന് ഗ്രാം സ്‌ഫോടകവസ്തുവാണ് സൂക്ഷിച്ചതെന്നും മാസങ്ങളോളം ഇത് ഹിസ്ബുല്ലക്ക് കണ്ടെത്താന്‍ സാധിച്ചില്ലെന്നും ലബനനിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. ഒരു തെയ്്വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോ എന്ന സ്ഥാപനത്തിനെയാണ് അവര്‍ ഇതിന്റെ നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ ഗോള്‍ഡ് അപ്പോളോ ഇപ്പോള്‍ പറയുന്നത് തങ്ങള്‍ ഇവ നിര്‍മ്മിക്കുന്നതിനുള്ള ഉപകരാര്‍ ഹംഗറിയിലെ ബുഡാപെസ്റ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബി.എ.സി കണ്‍സള്‍ട്ടിംഗ് എന്ന സ്ഥാപനത്തിന് നല്‍കിയെന്നാണ്.

പേജറിലേക്ക് അലര്‍ട്ട് വന്നപ്പോള്‍ ക്യാന്‍സല്‍ ചെയ്യാന്‍ ബട്ടന്‍ അമര്‍ത്തിയപ്പോഴും സ്ഫോടനം ഉണ്ടായി എന്നാണ് ഹിസ്ബുല്ല ചൂണ്ടിക്കാട്ടുന്നത്. ലബനനുമായി യുദ്ധം ഉണ്ടായാല്‍ മാത്രം പൊട്ടിക്കാന്‍ തയ്യാറാക്കിയിരുന്ന പേജറുകളാണ് പെട്ടെന്ന് തന്നെ സ്ഫോടനം നടത്താന്‍ ഇസ്രയേല്‍ തീരുമാനിച്ചത്. തങ്ങള്‍ പേജറുകളില്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു എന്ന രഹസ്യം ചോര്‍ന്നതായി സംശയിച്ചതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ പെട്ടെന്ന് തന്നെ സ്ഫോടനം നടത്താന്‍ തീരുമാനിച്ചത്.

ലബനന്‍ സമയം ഉച്ചക്ക് 3.30ന് ആരംഭിച്ച സ്ഫോടന പരമ്പര ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ട് നിന്നു എന്നാണ് അധികൃതര്‍ വെളിപ്പെടുത്തിയത്. ലബനനിലെ ഇറാന്‍ സ്ഥാനപതിക്ക് വരെ സ്ഫോടനത്തില്‍ പരിക്കേറ്റത് അപകടത്തിന്റെ വ്യാപ്തിയാണ് സൂചിപ്പിക്കുന്നത്. ഏറെ മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഇത്തരമൊരു സ്‌ഫോടനം മൊസാദ് നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഹിസ്ബുള്ള ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സംവിധാനം എന്താണെന്ന് അവര്‍ കൃത്യമായി മനസ്സിലാക്കി. അതിന് ശേഷമാണ് ആസൂത്രണങ്ങള്‍ നടത്തിയത്. 2024 മാര്‍ച്ചിനും മെയ്ക്കും ഇടക്കാണ് പേജറുകള്‍ ലെബനനിലെത്തുന്നത്. എപി924 എന്ന മോഡലാണ് പൊട്ടിത്തെറിച്ചതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. സന്ദേശങ്ങള്‍ അയക്കാനും വായിക്കാനും സാധിക്കുന്ന ഈ പേജര്‍ ഉപയോഗിച്ച് ഫോണ്‍ ചെയ്യാനും സാധ്യമല്ല.

Tags:    

Similar News