ആറ് മക്കളെ സ്‌കൂളില്‍ അയക്കാത്ത അമ്മക്കെതിരെ കേസുമായി കൗണ്‍സില്‍; 17 മക്കള്‍ ഉള്ളതിനാല്‍ എല്ലാത്തിനെയും നോക്കാന്‍ പറ്റുന്നില്ലെന്ന് 'അമ്മ; സഹതാപത്തോടെ പേരിന് മാത്രം പിഴയിട്ട് ആശംസകള്‍ നേര്‍ന്ന് മജിസ്ട്രേറ്റ്
ആറ് മക്കളെ സ്‌കൂളില്‍ അയക്കാത്ത അമ്മക്കെതിരെ കേസുമായി കൗണ്‍സില്‍
ലണ്ടന്‍: പതിനേഴ് മക്കള്‍ക്ക് ജന്മം നല്‍കിയ ഒരു അമ്മ ഇപ്പോള്‍ കോടതി കയറിയത് തന്റെ ആറ് മക്കളെ സ്‌കൂളില്‍ അയയ്ക്കാത്തതിന്റെ പേരില്‍. ഒറ്റക്ക് മക്കളെ നോക്കുന്ന, സിംഗിള്‍ പാരന്റായ അമ്മ പറയുന്നത് എല്ലാം കൂടി നോക്കാന്‍ കാലത്ത് സമയം തികയുന്നില്ല എന്നാണ്. അവരുടെ നാല് കുട്ടികള്‍ പ്രൈമറി സ്‌കൂളില്‍ പോകേണ്ടതാണ്. പക്ഷെ അവരുടെ ഹാജര്‍ നില ആവശ്യമായ 97 ശതമാനത്തിലും വളരെ താഴെയാണ് കാണിക്കുന്നത്.
മറ്റ് രണ്ട് മക്കള്‍, പ്രായമുള്ളവരാണ്. സെക്കന്‍ഡറി സ്‌കൂള്‍ പ്രായത്തിലുള്ള ഇവര്‍ പക്ഷെ അമ്മ എത്രയൊക്കെ പ്രോത്സാഹിപ്പിച്ചിട്ടും ശിക്ഷിച്ചിട്ടും, സമ്മാനങ്ങള്‍ വാങ്ങി നല്‍കിയിട്ടുമൊക്കെ സ്‌കൂളില്‍ പോകാന്‍ തയ്യാറാകുന്നില്ല. അവരുടെ ഹാജര്‍ നില 48 ശതമാനം മാത്രമാണ്. ആറു കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാത്തതിനായിരുന്നു പ്രാദേശിക കൗണ്‍സില്‍ ഈ 46 കാരിയായ അമ്മക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച് ഇവരെ കോടതിയില്‍ എത്തിച്ചത്. യുകെയിലാണ് സംഭവം.
നിയമപരമായ കാരണത്താല്‍ പേര് വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലാത്ത ഈ വനിത, ഇത് രണ്ടാം തവണയാണ് സമാനമായ കുറ്റത്തിന് കോടതി കയറുന്നത്. കഴിഞ്ഞ വര്‍ഷം കോടതിയിലെത്തിയ ഇവരെ ചില നിബന്ധനകള്‍ക്ക് വിധേയമായി ശിക്ഷിക്കാതെ വിടുകയായിരുന്നു. ആ നിബന്ധനകളാണ് ഇപ്പോള്‍ അവര്‍ ലംഘിച്ചിരിക്കുന്നത്. പതിനേഴ് മക്കളുമായി തിരക്ക് പിടിച്ച ജീവിതം നയിക്കുന്ന അവര്‍ക്ക് കമ്മ്യൂണിറ്റി സര്‍വ്വീസ് ഒരു ശിക്ഷയായി വിധിക്കരുതെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അത് ഇവരുടെ കുടുംബത്തിന്റെ താളം തെറ്റിക്കുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
അതുപോലെ, അവര്‍ ഇപ്പോള്‍ തന്നെ കടക്കെണിയില്‍ ആയതിനാല്‍, പിഴ ശിക്ഷയും വിധിക്കരുതെന്ന് അഭിഭാഷകന്‍ വാദിച്ചു. സ്‌കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ കുട്ടികളെ ഒഴിവുകാല യാത്രയ്ക്ക് കൊണ്ടുപോകുന്ന മാതാപിതാക്കള്‍ക്ക് 80 പൗണ്ട് പിഴയാണ് വിധിക്കാറുള്ളത്. ഇത് 21 ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കിയില്ലെങ്കില്‍ തുക 160 പൗണ്ട് ആയി വര്‍ദ്ധിക്കും. കോടതിയിലേക്ക് കേസ് വലിച്ചു നീട്ടിയാല്‍ പിഴ 2500 പൗണ്ട് വരെ ആയി ഉയര്‍ന്നേക്കും.
എന്നാല്‍, ഈ കേസില്‍ മജിസ്‌ട്രേറ്റ് വിധിച്ചത് 80 പൗണ്ടിന്റെ പിഴ മാത്രമായിരുന്നു. മാത്രമല്ല, ഒരു അമ്മ എന്ന നിലയില്‍ തികഞ്ഞ ശുഷ്‌കാന്തിയോടെ തന്റെ മക്കളെ പരിപാലിക്കുന്നതില്‍ അവരെ അഭിനന്ദിച്ച മജിസ്‌ട്രേറ്റ് അവര്‍ക്ക് നല്ലൊരു ഭാവി നേരുക കൂടി ചെയ്തു. 17 മക്കളില്‍ 14 പേര്‍ ഇവര്‍ക്കൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്. അതില്‍ 11 പേര്‍ 18 വയസ്സില്‍ താഴെയുള്ളവരാണ്.