വിധി വന്നിട്ട് ഒന്നരമാസം മാത്രം! പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ നീക്കം; ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സുഭീഷും സുരേന്ദ്രനും പരോളിന് അപേക്ഷ നല്‍കി; പാര്‍ട്ടി സഖാക്കളായ പ്രതികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അതിവേഗം ഇടപെടല്‍ നടത്തുമോ?
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ നീക്കം
കാസര്‍കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളോട് ഇടതു സര്‍ക്കാര്‍ കാണിക്കുന്ന പ്രത്യേക താല്‍പ്പര്യം കേരളീയര്‍ക്ക് അറിവുള്ളകാര്യമാണ്. എത്ര കൊടിയ കുറ്റം ചെയ്തവന്‍ ആണെങ്കിലും പാര്‍ട്ടിക്കാരന്‍ ആണെങ്കില്‍ സംരക്ഷിക്കും എന്നതാണ് സിപിഎം നയം. ഇതായിരുന്നു ടി കേസ് പ്രതികള്‍ക്ക് തോന്നിയതു പോലെ പരോള്‍ നല്‍കാന്‍ കാരണം. ഇപ്പോഴിതാ കോടതി വിധിയെ പോലും കൊഞ്ഞണം കുത്താന്‍ ഒരുങ്ങുകയാണ് സിപിഎം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കാനാണ് നീക്കം നടക്കുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എട്ടാം പ്രതി സുഭീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രന്‍ എന്നിവരാണ് പരോളിന് അപേക്ഷ നല്‍കിയത്. ഇവരുടെ അപേക്ഷ അനുഭാവപൂര്‍വ്വം സര്‍ക്കാര്‍ പരിഗണിക്കുമോ എന്നാണ് അറിയേണ്ടത്.
അപേക്ഷയില്‍ ജയില്‍ അധികൃതര്‍ പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയതായാണ് വിവരം. വിധി വന്ന് ഒന്നരമാസം തികയും മുന്‍പേയാണ് പരോള്‍ അനുവദിക്കാന്‍ നീക്കം നടക്കുന്നത്. ജനുവരി മൂന്നിനാണ് കൊച്ചി സിബിഐ കോടതി കേസിലെ 14 പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. പരോളിന് അപേക്ഷിച്ച പ്രതികള്‍ക്ക് ജീവപര്യന്തം തടവിനു പുറമെ ഇരുവരെയും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചിരുന്നു. 2019 ഫെബ്രുവരി 17ന് രാത്രി 7.45ന് പെരിയ കല്യോട്ട് വെച്ചാണ് കൃപേഷിനെയും, ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്.
നേത്തെ ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ ലഭിച്ചതുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങള്‍ പുറത്തു വന്നിരുന്നു. കേസിലെ മൂന്ന് പ്രതികള്‍ക്ക് ആയിരം ദിവസത്തില്‍ കൂടുതല്‍ പരോള്‍ ലഭിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതുമുതലുള്ള കണക്കാണിത്.
കേസിലെ പ്രതികളായ ട്രൗസര്‍ മനോജിനും സജിത്തിനുമാണ് കെ സി രാമചന്ദ്രനുമാണ് ആയിരം ദിവസത്തില്‍ കൂടുതല്‍ പരോള്‍ ലഭിച്ചത്. കെ സി രാമചന്ദ്രന് 1081 ദിവസവും മനോജിന് 1068 ദിവസവും സജിത്തിന് 1078 ദിവസവുമാണ് പരോള്‍ ലഭിച്ചത്.മറ്റ് പ്രതികളായ ടി കെ രജീഷിന് 940 ദിവസവും കിര്‍മാണി മനോജിന് 851 ദിവസവും എംസി അനൂപിന് 900 ദിവസവും ഷിനോജിന് 925 ദിവസവും മുഹമ്മദ് ഷാഫിക്ക് 656 ദിവസവും റഫീഖിന് 752 ദിവസവുമാണ് പരോള്‍ ലഭിച്ചത്. കൊടി സുനിക്ക് 2018ന് ശേഷം കൊവിഡ് സ്പെഷല്‍ ലീവ്, ഓര്‍ഡിനറി ലീവ്, എമര്‍ജന്‍സി ലീവ് എന്നീ വിഭാഗത്തില്‍ രണ്ട് മാസം മാത്രമേ പരോള്‍ ലഭിച്ചിട്ടുള്ളൂ.
വടകരയ്ക്കടുത്ത് ഒഞ്ചിയത്തുവച്ച് 2012 മേയ് നാലിനാണ് ടി പി കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സി പി എമ്മില്‍ നിന്ന് വിട്ടുപോയി ആര്‍ എം പി എന്ന പാര്‍ട്ടിയുണ്ടാക്കിയതില്‍ പ്രതികള്‍ പകവീട്ടുകയായിരുന്നെന്നാണ് കേസ്.