ആരോപണ വിധേയമായ ഒരു ട്യൂഷന്‍ സെന്റര്‍ ഇടത് യൂണിയന്റെ സമ്മേളനത്തിന് നല്കിയത് 25 ലക്ഷം; അധ്യാപക നേതാക്കളുടെ പങ്ക് പുറത്തു വരുമോ എന്ന ആശങ്കയില്‍ ചില കേന്ദ്രങ്ങള്‍; എല്ലാം സ്‌കൂളുകളുടെ തലയിലാകും! ചോദ്യ ചോര്‍ച്ചയില്‍ ഡിപിഐയുടെ അന്വേഷണം പ്രഹസനമാകുമോ? എംഎസ് സൊല്യൂഷന്‍സിനെ പ്രതിയാക്കാന്‍ മടിയോ?
തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. സംഭവത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി അന്വേഷിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഇതോടെ പോലീസ് അന്വേഷണം അട്ടിമറിക്കുമെന്നാണ് സൂചന. ചോദ്യമുണ്ടാക്കിയ സംഘടനാ നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കാനുള്ള കരുതലും വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയിട്ടുണ്ട്. സ്‌കൂളുകളില്‍ നിന്നാകും ചോദ്യ പേപ്പര്‍ ചോര്‍ന്നതെന്ന ഭാഷ്യം മന്ത്രി തന്നെ ചമയ്ക്കുന്നുണ്ട്.
എംഎസ് സൊല്യൂഷന്‍സ് എന്ന യൂട്യൂബ് ചാനലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മന്ത്രി അധ്യാപകരുടെ സ്വകാര്യ ട്യൂഷനെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടു. എംഎസ് സൊല്യൂഷന്‍സ് പരിധികളെല്ലാം ലംഘിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണ്. സ്ഥാപനം മര്യാദയുടെ പരിധികള്‍ ലംഘിച്ചു. പരീക്ഷയുടെ വിശ്വാസ്യത തകര്‍ക്കുന്ന വിധത്തില്‍ സ്ഥാപനം പ്രവര്‍ത്തിച്ചുവെന്നും മന്ത്രി വിമര്‍ശിച്ചു. ചോദ്യപേപ്പര്‍ അച്ചടിച്ചത് സി ആപ്റ്റിലാണെന്നും ബിആര്‍സികള്‍ വഴിയാണ് ചോദ്യപ്പേപ്പര്‍ വിതരം ചെയ്തതെന്നും മന്ത്രി പറഞ്ഞു. അര്‍ധവാര്‍ഷിക പരീക്ഷാ ചോദ്യപ്പേപ്പറുകള്‍ വളരെ നേരത്തേ സ്‌കൂളുകളില്‍ എത്താറുണ്ട്. ഇത്തരം സംഭവം മേലില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ ഇടത് യൂണിയനിലെ അദ്ധ്യാപകരെന്ന് ആരോപണം ശക്തമായിരുന്നു. ആരോപണ വിധേയമായ ഒരു ട്യൂഷന്‍ സെന്റര്‍ ഇടത് യൂണിയന്റെ സമ്മേളനത്തിന് നല്കിയത് 25 ലക്ഷമെന്ന് സൂചനയും പുറത്തു വന്നു. ഇടത് യൂണിയന്‍ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ നടത്തുന്നത് വന്‍കിട ട്യൂഷന്‍ സെന്ററുകളെന്നും ആരോപണം എത്തി. ഇതോടെയാണ് മന്ത്രി സ്‌കൂളുകളെ കുറ്റം പറയുന്നത് എന്നതും വസ്തുതയായി ശേഷിക്കുകയാണ്. ചോദ്യപേപ്പറുകള്‍ തയാറാക്കുന്നതില്‍ 90 ശതമാനവും ഇടത് യൂണിയനില്‍പെട്ട അദ്ധ്യാപകരാണ്. ഇവരില്‍ നല്ലൊരു ശതമാനം ട്യൂഷന്‍ സെന്ററുകള്‍ നടത്തുന്നവരോ ട്യൂഷന്‍ സെന്ററുകളുമായി സഹകരിക്കുന്നവരോ ആണെന്നാണ് വിവരം. കോഴിക്കോട് ആസ്ഥാനമായുള്ള ഒരു ട്യൂഷന്‍ സെന്റര്‍ നടത്തുന്നത് ഇടത് അദ്ധ്യാപകനാണ്. ഹയര്‍സെക്കന്‍ഡറിക്ക് 27,000 രൂപയാണ് ഒരുകുട്ടിക്ക് ഇവിടെ ഫീസ്.
ഇത്തരത്തില്‍ ഒരു ട്യൂഷന്‍ സെന്റര്‍ ഇടത് അദ്ധ്യാപക സംഘടനയുടെ സമ്മേളനത്തിന് നല്കിയത് ഇരുപത്തഞ്ച് ലക്ഷം രൂപയാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. കൂടാതെ സംഘടന ഏറ്റെടുക്കുന്ന പരിപാടികള്‍ക്കെല്ലാം ഇത്തരം ഇടത് യൂണിയന്‍ അദ്ധ്യാപകരുമായി ബന്ധമുള്ള ട്യൂഷന്‍ സെന്ററുകള്‍ ലക്ഷങ്ങളാണ് സംഭാവന നല്കുന്നതെന്നുമാണ് വിവരം. ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് ഡിജിപിക്ക് പൊതുവിദ്യാഭ്യാസവകുപ്പ് പരാതി നല്കിയിരുന്നു. ഈ പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും എഫ് ഐ ആര്‍ ഇട്ടിട്ടില്ലെന്നാണ് സൂചന. എം എസ് സൊല്യൂഷനെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുത്താല്‍ സത്യം പുറത്തു വരും. ഇതിന് പോലീസ് തയ്യാറാകാത്തതിന് പിന്നിലും രാഷ്ട്രീയ ഇടപെടലുണ്ടെന്നാണ് ആരോപണം.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കൊടുവള്ളിയിലെ യൂട്യൂബ് ചാനലായ എം എസ് സൊല്യൂഷന്‍സിനെതിരെ പ്രാഥമികാന്വേഷണം തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം യൂട്യൂബ് ചാനലിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതായി ഉടമ ഷുഹൈബ് അറിയിച്ചു. കെഎസ് യുവിന്റെ പരാതിയിലാണ് എംഎസ് സൊല്യൂഷന്‍സിനെതിരെ പ്രാഥമിക അന്വേഷണത്തിന് റൂറല്‍ എസ്പി നിര്‍ദേശം നല്‍കിയത്. താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൊടുവള്ളി എസ്എച്ച് ഒ ആകും അന്വേഷണം നടത്തുക. എംഎസ് സൊല്യൂഷന്‍സുമായി സഹകരിക്കുന്ന അധ്യാപകര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചാല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നും കെഎസ് യു ചൂണ്ടിക്കാട്ടുന്നു. ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.
അതേസമയം എം എസ് സൊല്യൂഷന്‍സിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതായി സിഇഒ ഷുഹൈബ് അറിയിച്ചു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും. എന്നാല്‍ ചാനലിന്റെ ഉള്ളടക്കത്തില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അശ്ലീല ചുവയുമുണ്ടെന്ന എഐവൈഎഫിന്റെ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല. ചോദ്യപേപ്പര്‍ ചോര്‍ന്നത് എങ്ങനെ എന്ന് കണ്ടെത്തുക എളുപ്പമാവില്ലെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ വിലയിരുത്തല്‍. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതോ അച്ചടിക്കുന്നതോ, സൂക്ഷിക്കുന്നതോ അതീവ സുരക്ഷയിലല്ല. അധ്യാപകരും അനധ്യാപകരുമായി ഏറെ പേര്‍ ഈ പ്രക്രിയയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് മുഴുവന്‍ പരിശോധിക്കുക എളുപ്പമാകില്ലെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.